wayanad local

മുള്ളന്‍കൊല്ലി-ഷെഡ് റോഡ് തകര്‍ന്നു; നാട്ടുകാര്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു

പുല്‍പ്പള്ളി: മുള്ളന്‍കൊല്ലി-ഷെഡ് റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു. കെഎസ്ആര്‍ടിസി ബസ്സുള്‍പ്പെടെ സര്‍വീസ് നടത്തിയിരുന്ന ഈ റോഡിലൂടെ കാല്‍നടയാത്ര പോലും ദുസ്സഹമാണ്. എട്ടു കിലോമീറ്റര്‍ ദൂരമുള്ള ഇത് പിഡബ്ല്യുഡി റോഡായിട്ട് പോലും റീടാര്‍ ചെയ്യുന്നതിന് യാതൊരു നടപടിയുമില്ല. നാട്ടുകാരുടെ ഏറെ നാളത്തെ മുറവിളിയ്ക്ക് ശേഷമാണ് സുരഭിക്കവല മുതല്‍ പച്ചിക്കരമുക്ക് വരെയുള്ള 500 മീറ്റര്‍ റോഡ് ടാര്‍ ചെയ്യാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായത്. 15 വര്‍ഷമായി ഈ റോഡില്‍ അറ്റകുറ്റപ്പണികള്‍ നടത്തിയിട്ടില്ലെന്നു നാട്ടുകാര്‍ പരാതിപ്പെടുന്നു.
സുല്‍ത്താന്‍ ബത്തേരി, കേണിച്ചിറ എന്നിവിടങ്ങളില്‍ നിന്നു വരുന്നവര്‍ക്ക് പുല്‍പ്പള്ളി ടൗണ്‍ കൂടാതെ എളുപ്പത്തില്‍, സീതാമൗണ്ട്, പാടിച്ചിറ, മുള്ളന്‍കൊല്ലി, ഭാഗങ്ങളിലേക്ക് എത്താന്‍ കഴിയുന്ന റോഡാണിത്.
പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലൂടെ കടന്നുപോവുന്ന പ്രധാന റോഡായിട്ടുപോലും റോഡിനെ അവഗണിക്കുന്ന നിലപാടാണ് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാവുന്നത്. റോഡിന്റെ പല ഭാഗങ്ങളിലും വന്‍ കുഴികളും ചാലുകളുമായി കിടക്കുന്നതു കാരണം ചെറുവാഹനങ്ങള്‍ക്ക് പോലും ഇതുവഴി കടന്നുപോവാന്‍ കഴിയാത്ത അവസ്ഥയാണെന്നു നാട്ടുകാര്‍ കുറ്റപ്പെടുത്തി.
പുല്‍പ്പള്ളി എസ്എന്‍ കോളജും പഴശ്ശിരാജ കോളജും ഈ റൂട്ടിലായിട്ടു പോലും പിഡബ്ല്യുഡി അധികൃതര്‍ ടാറിങ് പ്രവൃത്തി നടത്താത്തതില്‍ പ്രതിഷേധിച്ചാണ് നാട്ടുകാര്‍ സമരത്തിനിറങ്ങുന്നത്.
Next Story

RELATED STORIES

Share it