Idukki local

മുല്ലക്കല്‍ ജങ്ഷനിലെ പഴയ കെട്ടിടം പൊളിച്ചു നീക്കണമെന്നു നാട്ടുകാര്‍



തൊടുപുഴ: നിരവധി അപകടങ്ങള്‍ക്ക് കാരണമായ വെങ്ങല്ലൂര്‍ കോലാനി ബൈപ്പാസിലെ മുല്ലക്കല്‍ ജംഗ്ഷനിലെ പഴയ കെട്ടിടം പൊളിച്ചുനീക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍ രംഗത്തെത്തിയത് പ്രദേശത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് സംഭവങ്ങളുടെ തുടക്കം. മുല്ലക്കല്‍ ജംഗ്ഷനിലെ കെട്ടിടത്തിന്റെ ചുറ്റുമുള്ള കാട് വെട്ടിതെളിച്ച് മണ്ണുള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ സമീപത്തെ പൊതു ഓടയിലേക്ക് തള്ളി. ഉടമയുടെ നിര്‍ദ്ദേശപ്രകാരം ജോലിക്കാരായിരുന്നു ഇത് ചെയ്തത്. ഇത് കണ്ട പ്രദേശവാസികള്‍ എതിര്‍പ്പുമായി രംഗത്തെത്തി. ഓടയില്‍ തള്ളിയ മാലിന്യം എത്രയും വേഗം നീക്കം ചെയ്യണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ കെട്ടിടം ഉടമയും നാട്ടുകാരുമായി ഇതേ ചൊല്ലി വാക്കേറ്റമുണ്ടായി.ഏറെ നേരത്തെ വാക്കേറ്റത്തിനൊടുവില്‍ ഓടയില്‍ തള്ളിയ മാലിന്യം നീക്കം ചെയ്യാന്‍ ഉടമ തയ്യാറായി. എന്നാല്‍ ഈ സമയത്തിനകം പരിസര പ്രദേശങ്ങളില്‍ നിന്ന് വാഹനങ്ങളിലും മറ്റുമായി നൂറുകണക്കിന് ആളുകള്‍ സ്ഥലത്ത് തടിച്ചുകൂടി. ഇവരുടെ നേതൃത്വത്തില്‍ അപകടങ്ങള്‍ക്ക് കാരണമായ വിവാദ കെട്ടിടം പൊളിച്ചു നീക്കാന്‍ ശ്രമം ആരംഭിച്ചു.ഉടമയടക്കമുള്ള ഒരു വിഭാഗം എതിര്‍ഭാഗത്തും നിലയുറപ്പിച്ചതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തു. വിവരമറിഞ്ഞ് തൊടുപുഴ സ്‌റ്റേഷനില്‍ നിന്ന് മൂന്ന് വാഹനങ്ങളിലായി പൊലീസും സ്ഥലത്തെത്തി ഇത് തടഞ്ഞു. ജനക്കൂട്ടത്തിനിടയില്‍ നിന്ന് ഉടമയെ പൊലീസ് സ്‌റ്റേഷനിലേക്ക് മാറ്റി. തുടര്‍ന്ന് പൊലീസും ജനങ്ങളും തമ്മില്‍ വാക്കേറ്റമുണ്ടായി. ജനക്കൂട്ടം പ്രതിഷേധിച്ച് റോഡ് ഉപരോധിക്കാനാരംഭിച്ചു. ഉടമയുമായി പൊലീസ് നടത്തിയ ചര്‍ച്ചയില്‍ കെട്ടിടത്തിന്റെ ഒരു ഭാഗം പൊളിക്കാമെന്ന് ഉറപ്പ് ലഭിച്ചു. വിവാദ കെട്ടിടത്തിന്റെ ഒരു ഭാഗം തിങ്കളാഴ്ച പൊളിച്ചേക്കും. റോഡിലെ കാഴ്ച മറക്കുന്ന കെട്ടിടത്തിന്റെ ഒരു ഭാഗം പൊളിച്ചുനീക്കാമെന്ന് പോലിസും ജനപ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണയിലെത്തി. ഗതാഗത തിരക്കേറിയ വെങ്ങല്ലൂര്‍ കോലാനി ബൈപ്പാസിലെ നാല്‍ക്കവലയായ മുല്ലക്കല്‍ ജംഗ്ഷനില്‍ സമീപ കാലത്തായി അപകടം വര്‍ദ്ധിച്ചിരുന്നു. കഴിഞ്ഞ ദിവസം ഇവിടെയുണ്ടായ അപകടത്തില്‍ വീട്ടമ്മ മരിച്ചിരുന്നു.
Next Story

RELATED STORIES

Share it