മുലായത്തിന്റെ പിറന്നാള്‍ ഇന്ന്

ന്യൂഡല്‍ഹി: സമാജ്‌വാദി പാര്‍ട്ടി (എസ്പി) നേതാവ് മുലായം സിങ് യാദവിന്റെ 76ാം ജന്മദിന ആഘോഷം അവിസ്മരണീയമാക്കുന്നതിന് ഉത്തര്‍പ്രദേശിലെ സെയ്ഫായി ഒരുങ്ങി. പൂക്കളും കൊടിതോരണങ്ങളും വെളിച്ചവുമായി നഗരം അണിഞ്ഞൊരുങ്ങിക്കഴിഞ്ഞു. ഇന്നാണ് നേതാജി എന്ന് ജനങ്ങള്‍ക്കിടയില്‍ അറിയപ്പെടുന്ന മുലായത്തിന്റെ ജന്മദിനം.
സംഗീത ചക്രവര്‍ത്തി എ ആര്‍ റഹ്മാന്റെ നേതൃത്വത്തില്‍ 300 കലാകാരന്മാര്‍ അണിനിരക്കുന്ന സംഗീത പരിപാടിയാണ് ആഘോഷങ്ങളില്‍ മുഖ്യയിനം. സെയ്ഫായില്‍ ഇതാദ്യമായാണ് റഹ്മാന്‍ സംഗീത പരിപാടി അവതരിപ്പിക്കുന്നത്. സെയ്ഫായിയുമായി നേതാജിയുടെ ബന്ധം വൈകാരികമാണെന്ന് ജന്മദിന ആഘോഷ സംഘാടകരിലൊരാളായ മഹേഷ് യാദവ് പറഞ്ഞു.
സെയ്ഫായിക്കു പുറത്ത് വ്യോമതാവളത്തില്‍ മുലായം ഇറങ്ങുമ്പോള്‍ അദ്ദേഹത്തിന്റെ ദേ ഹത്ത് റോസദളങ്ങള്‍ വര്‍ഷിക്കാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ചടങ്ങുകള്‍ തല്‍സമയം കാണിക്കുന്നതിന് ഒട്ടേറെ എല്‍ഇഡി സ്‌ക്രീനുകള്‍ ഒരുക്കിയിട്ടുണ്ട്.76 കിലോഗ്രാം തൂക്കമുള്ള കേക്കാണ് മുറിക്കാന്‍ ഒരുക്കിയിരിക്കുന്നത്. ഒരു ലക്ഷം അതിഥികള്‍ പിറന്നാള്‍ ചടങ്ങിനെത്തുമെന്നു കരുതുന്നു.
മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ, ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവ്, ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചന്‍, സല്‍മാന്‍ ഖാന്‍, ഋത്വിക് റോഷന്‍, വ്യവസായ പ്രമുഖര്‍ തുടങ്ങിയവര്‍ ക്ഷണിക്കപ്പെട്ട അതിഥികളില്‍പ്പെടുന്നു.
ഇന്‍ഡോര്‍ അത്‌ലറ്റിക് സ്‌റ്റേഡിയത്തിലാണ് പ്രധാന ചടങ്ങ്. സെയ്ഫായിലെത്തുന്ന എല്ലാ റോഡുകളിലും കൂറ്റന്‍ സ്വാഗത കമാനങ്ങളും പരസ്യ ബോര്‍ഡുകളും ഉയര്‍ന്നിട്ടുണ്ട്. 3000ത്തോളം വരുന്ന സുരക്ഷാ സൈനികരെയും വിന്യസിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it