malappuram local

മുറിഞ്ഞമാടില്‍ സ്വകാര്യ ടൂറിസം പദ്ധതി നടപ്പാക്കാന്‍ നീക്കം

അരീക്കാട്: കിഴുപറമ്പ് പഞ്ചായത്തിലെ ചാലിയാര്‍ മുറിഞ്ഞ മാടില്‍ ജനകീയ എതിര്‍പ്പിനെ തുടര്‍ന്ന് നിര്‍മാണ പ്രവര്‍ത്തനം നിര്‍ത്തിയ അഡ്വഞ്ചര്‍ ടൂറിസം പദ്ധതിയുടെ നിര്‍മാണം തുടരാന്‍ ബുധനാഴ്ച രാത്രി ജനകീയ യോഗത്തില്‍ തീരുമാനമായതായി പ്രസിഡന്റ് കമ്മുക്കുട്ടി ഹാജി അറിയിച്ചു. പരിസരവാസികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് തീരുമാനമെടുക്കുന്നത് നീണ്ടുപോയെങ്കിലും ചാലിയാറുമായി ബന്ധമില്ലാത്തവരുടെ ഭൂരിപക്ഷം നോക്കിയാണ് പഞ്ചായത്ത് പുഴയോര കൈയേറ്റത്തിന് അനുമതി നല്‍കിയതെന്ന് പ്രദേശവാസികള്‍ ആരോപിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിന്റെ പ്രത്യേക താല്‍പര്യപ്രകാരമാണ് പദ്ധതി നടപ്പാക്കുന്നതെന്നും പ്രദേശവാസികള്‍ ഇതിന് എതിരാണന്നും പറയപ്പെടുന്നു. കഴിഞ്ഞ ആഴ്ച ആരംഭിച്ച നിര്‍മാണ പ്രവര്‍ത്തനം ജനങ്ങളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് നിര്‍ത്തിവയ്ക്കുകയായിരുന്നു.
നിര്‍മാണ പ്രവര്‍ത്തനം വിവാദമായതിനെ തുടര്‍ന്ന് പഞ്ചായത്ത് പ്രവര്‍ത്തനാനുമതി നല്‍കിയിട്ടില്ലെന്നാണ് പ്രസിഡന്റ് പറഞ്ഞിരുന്നത്. ഇത് ഇന്നലത്തെ യോഗത്തില്‍ മാറ്റി പറയുകയായിരുന്നു. പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനമാണ് നടപ്പാക്കുന്നതെന്നും ജില്ലാ കലക്ടര്‍ക്ക് പദ്ധതി രേഖ സമര്‍പ്പിച്ചിട്ടുണ്ടെന്നും പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. നാട്ടുകാരായ  ക്ഷീര കര്‍ഷകരാണ് സ്വകാര്യ ടൂറിസത്തിന് എതിരു നില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ഭരണസമിതി തീരുമാനം മാത്രമാണ് ഉള്ളതെന്നും ടൂറിസം പദ്ധതിക്കുള്ള നിര്‍ദേശം മാത്രമാണ് ലഭ്യമായിട്ടുള്ളതെന്നും പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു.
പുഴ പുറമ്പോക്ക് ഭുമിയുടെ സംരക്ഷണം പഞ്ചായത്ത് ആക്ട് പ്രകാരം പഞ്ചായത്ത് സെക്രട്ടറിയുടെ അധികാര പരിധിയിലാണ്. എന്നാല്‍, ഇത്തരം സ്ഥല കൈമാറ്റത്തിന് റവന്യൂ വകുപ്പിന്റെ അനുമതി വാങ്ങണമെന്ന വ്യവസ്ഥ നിലനില്‍ക്കെയാണ് കിഴുപറമ്പ് വില്ലേജ് ഓഫിസര്‍ പോലും അറിയാതെ നൂറോളം ഏക്കര്‍ റവന്യൂ ഭൂമി ഭരണ സമിതി തീരുമാനമെന്ന രീതിയില്‍ കൈമാറ്റം ചെയ്യുന്നത്. ഇതിനെതിരേ കിഴുപറമ്പ് പഞ്ചായത്ത് സെക്രട്ടറി നിയമ ലംഘനം നടത്തിയതിന് റവന്യൂമന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതി സമര്‍പ്പിച്ചതായി അരിക്കോട് ജലസുരക്ഷാസമിതി ഭാരവാഹികള്‍ പറഞ്ഞു.
റവന്യുഭൂമിയില്‍ പദ്ധതി നടപ്പാക്കാന്‍ റവന്യു വകുപ്പിന്റെ അനുമതി വേണമെന്നിരിക്കെ അത്തരത്തിലുള്ള അംഗീകാരം ലഭ്യമായിട്ടില്ലെന്നാണ് വിവരം. ഒരാഴ്ച മുമ്പ് കലക്ടര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ചാലിയാറില്‍ നിര്‍ണാണ പ്രവൃത്തികള്‍ അനുവദിക്കില്ലെന്ന് അറിയിച്ചതിനു ശേഷമാണ് കലക്ടറുടെ നിര്‍ദേശത്തെ അവഗണിച്ച് കൊണ്ട് പദ്ധതി നടപ്പാക്കാനുള്ള നീക്കം നടത്തുന്നത്. സംസ്ഥാന ടൂറിസം വകുപ്പ് ഇവിടെ നടപ്പാക്കാനിക്കുന്ന പദ്ധതിയെ അട്ടിമറിക്കാനാണ് സ്വകാര്യ കമ്പനികള്‍ക്ക് ടൂറിസത്തിന്റെ മറവില്‍ ഭൂമി നല്‍കുന്നതെന്ന് ആരോപണമുണ്ട്.
ചാലിയാറിന്റെ മുറിഞ്ഞ മാട് പ്രദേശം ഭൂമാഫിയകള്‍ ലക്ഷ്യം വയ്ക്കുന്നുണ്ടന്നും റവന്യു ഭൂമിയില്‍പ്പെട്ട ഈ ഭാഗത്ത് ഏഴോളം തേക്ക് മരങ്ങള്‍ മുറിച്ചുമാറ്റിയതില്‍ നടപടി വൈകുന്നതില്‍ ദുരുഹതയുണ്ടന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരോപിച്ചു. തീരദേശ കൈയേറ്റം ഭാവിയില്‍ മറ്റു പദ്ധതികള്‍ക്ക് വഴിമാറി പോവുമെന്നും പരിസ്ഥിതിയെ പാടെ തകര്‍ക്കുമെന്നും അരീക്കോട് മേഖല ജലസുരക്ഷാസമിതി ഭാരവാഹികള്‍ പറഞ്ഞു.
Next Story

RELATED STORIES

Share it