Flash News

മുറാദാബാദ് ഗ്രാമം തീരുമാനിച്ചു : അമ്പലങ്ങളിലും മസ്ജിദുകളിലും ഇനി ഉച്ചഭാഷിണി വേണ്ട



റാംപൂര്‍: ആരാധനാലയങ്ങളില്‍ നിന്ന് ഉച്ചഭാഷിണികള്‍ ഒഴിവാക്കി മുറാദാബാദിലെ ഭഗതാപൂര്‍ പോലിസ് സ്‌റ്റേഷനു കീഴിലുള്ള തിരിയാദന്‍ ഗ്രാമം വഴികാട്ടുന്നു. അക്രമസംഭവങ്ങള്‍ക്ക് കാരണമാകുന്ന ഉച്ചഭാഷിണികള്‍ ക്ഷേത്രത്തില്‍ നിന്നു നീക്കുന്നതിനു ഹിന്ദുക്കളും മസ്ജിദില്‍ നിന്നു നീക്കാന്‍ മുസ്‌ലിംകളും ഏകകണ്ഠമായി തീരുമാനിച്ചു നടപ്പാക്കി. മൂന്നു വര്‍ഷമായി ഇരുസമുദായങ്ങളുടെയും ആരാധനാലയങ്ങളിലെ ഉച്ചഭാഷിണിയെച്ചൊല്ലി പ്രദേശത്ത് സംഘര്‍ഷമുണ്ടായിരുന്നതായി പോലിസ് പറഞ്ഞു. വിശുദ്ധ റമദാനില്‍ സ്വയം സന്നദ്ധരായി പ്രശ്‌നത്തിനു രമ്യമായ പരിഹാരം കണ്ട ഇരുവിഭാഗങ്ങളിലെയും മുതിര്‍ന്നവരെ ജില്ലാ ഭരണകൂടവും റൂറല്‍ പോലിസ് സൂപ്രണ്ട് ഉദയ് ശങ്കറും പ്രശംസിച്ചു.ഗ്രാമവുമായി ഒരു ബന്ധവുമില്ലാത്ത പുറംനാട്ടുകാരാണ് സാമുദായിക സംഘര്‍ഷത്തിനു തുടക്കമിട്ടിരുന്നതെന്ന് ഗ്രാമവാസി ദിനേശ് സിങ് (40) പറഞ്ഞു. അക്രമങ്ങളെത്തുടര്‍ന്ന്് പോലിസ് കേസുകളില്‍ കുടുങ്ങി നിരവധി പേര്‍ തടവിലായി. പരസ്പരം സംസാരിച്ചതോടെ എല്ലാവര്‍ക്കും സംതൃപ്തമായ നിലയില്‍ പ്രശ്‌നത്തിനു രമ്യമായ പരിഹാരം കാണാനായി. അക്രമം പൈശാചികമാണ്. വിശുദ്ധ റമദാനില്‍ ഞങ്ങള്‍ ഉച്ചഭാഷിണികള്‍ മിനാരങ്ങളില്‍ നിന്ന് ഇറക്കി. ഹിന്ദു സഹോദരങ്ങളും ഉച്ചഭാഷിണി ഒഴിവാക്കി. ഇപ്പോള്‍ എല്ലാവരും സമാധാനത്തില്‍ കഴിയുന്നുവെന്ന് സാക്കിര്‍ ഹുസയ്ന്‍ (55) പറഞ്ഞു. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗര്‍, ഷാംലി, സംഭല്‍, മുറാദാബാദിലെ കാന്‍ത തുടങ്ങി നിരവധി പ്രദേശങ്ങളില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ ആരാധനാലയങ്ങളിലെ ഉച്ചഭാഷിണികളുമായി ബന്ധപ്പെട്ട് നിരവധി അക്രമപരമ്പരകളുണ്ടായിട്ടുണ്ട്.
Next Story

RELATED STORIES

Share it