Flash News

മുറാദാബാദ് ഗ്രാമം തീരുമാനിച്ചു; അമ്പലങ്ങളിലും മസ്ജിദുകളിലും ഇനി ഉച്ചഭാഷിണിയില്ല

മുറാദാബാദ് ഗ്രാമം തീരുമാനിച്ചു; അമ്പലങ്ങളിലും മസ്ജിദുകളിലും ഇനി ഉച്ചഭാഷിണിയില്ല
X



രാംപൂര്‍: ആരാധനാലയങ്ങളില്‍ നിന്നും ഉച്ചഭാഷിണികള്‍ ഒഴിവാക്കി മുറാദാബാദിലെ ഭഗതാപൂര്‍ പോലീസ് സ്‌റ്റേഷന് കീഴിലുള്ള തിരിയാദന്‍ ഗ്രാമം വഴികാട്ടുന്നു. അക്രമസംഭവങ്ങള്‍ക്ക് കാരണമാകുന്ന ഉച്ചഭാഷിണികള്‍ ക്ഷേത്രത്തില്‍ നിന്നും നീക്കുന്നതിന് ഹിന്ദുക്കളും മസ്ജിദുകളില്‍ നിന്നും നീക്കാന്‍ മുസ്‌ലിംകളും ഏകകണ്ഠമായി തീരുമാനിച്ചു നടപ്പാക്കി.
മൂന്ന് വര്‍ഷത്തോളമായി ഇരു സമുദായങ്ങളുടെയും ആരാധനാലയങ്ങളിലെ ഉച്ചഭാഷിണിയെച്ചൊല്ലി പ്രദേശത്ത് സംഘര്‍ഷമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. വിശുദ്ധ റമദാനില്‍ സ്വയം സന്നദ്ധരായി പ്രശ്‌നത്തിന് രമ്യമായ പരിഹാരം കണ്ട ഇരു വിഭാഗങ്ങളിലെയും മുതിര്‍ന്നവരെ ജില്ലാ ഭരണകൂടവും റൂറല്‍ പോലീസ് സൂപ്രണ്ട്  ഉദയ് ശങ്കറും പ്രശംസിച്ചു. ഗ്രാമവുമായി ഒരു ബന്ധവുമില്ലാത്ത പുറംനാട്ടുകാരാണ് സാമുദായിക സംഘര്‍ഷത്തിന് തുടക്കമിട്ടിരുന്നതെന്ന് ഗ്രാമവാസി ദിനേശ് സിംഗ് (40) പറഞ്ഞു. അക്രമങ്ങളെത്തുടര്‍ന്ന് പോലീസ് കേസുകളില്‍ കുടുങ്ങി നിരവധി പേര്‍ തടവിലായി. പരസ്പരം സംസാരിച്ചതോടെ എല്ലാവര്‍ക്കും സംതൃപ്തമായ നിലയില്‍ പ്രശ്‌നത്തിന്  രമ്യമായ പരിഹാരം കാണാനായി.
അക്രമം പൈശാചികമാണ്. വിശുദ്ധ റമദാനില്‍ ഞങ്ങള്‍ ഉച്ചഭാഷിണികള്‍ മിനാരങ്ങളില്‍ നിന്നും ഇറക്കി. ഹിന്ദു സഹോദരങ്ങളും ഉച്ചഭാഷിണി ഒഴിവാക്കി. ഇപ്പോള്‍ എല്ലാവരും സമാധാനത്തില്‍ കഴിയുന്നുവെന്ന് സാകിര്‍ ഹുസൈന്‍ (55) പറഞ്ഞു. പടിഞ്ഞാറന്‍ ഉത്തര്‍ പ്രദേശിലെ മുസഫര്‍ നഗര്‍, ഷാംലി, സംഭല്‍ മുറാദാബാദിലെ കാന്‍ത, തുടങ്ങി നിരവധി പ്രദേശങ്ങളില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ആരാധനാലയങ്ങളിലെ ഉച്ചഭാഷിണികളുമായി ബന്ധപ്പെട്ട് നിരവധി അക്രമ പരമ്പരകളുണ്ടായി.

[related]
Next Story

RELATED STORIES

Share it