Idukki local

മുരിക്കുംതൊട്ടിയില്‍ കുടിവെള്ളം മുട്ടി : നാട്ടുകാര്‍ വാട്ടര്‍ അതോറിറ്റി പമ്പ്ഹൗസ് ഉപരോധിച്ചു



രാജാക്കാട്: കടുത്ത ജലക്ഷാമം മൂലം കുടിവെള്ളത്തിനായി ജനം നെട്ടോട്ടമോടുമ്പോള്‍ പതിനെട്ട് വര്‍ഷമായി വെള്ളമെടുക്കുന്ന പൊതുടാപ്പുകള്‍ അറ്റകുറ്റപ്പണിയുടെ പേരില്‍ അടച്ചത് തുറന്ന് കൊടുക്കാത്തതില്‍ പ്രതിഷേധിച്ച് മുരിക്കുംതൊട്ടിയില്‍ നാട്ടുകാര്‍ കാലിയായ വെള്ളപ്പാത്രങ്ങളുമായി വാട്ടര്‍ അതോറിറ്റിയുടെ പമ്പിങ്ങ് സ്‌റ്റേഷന്‍ ഉപരോധിച്ചു.  രാജകുമാരി, രാജാക്കാട്, ശാന്തമ്പാറ പഞ്ചായത്തുകളില്‍ കുടിവെള്ളം എത്തിക്കുന്നതിനായി സംസ്ഥാന ജല അതോറിറ്റി സ്ഥാപിച്ചിട്ടുള്ളതാണ് രാജകുമാരി-രാജാക്കാട് ജലവിതരണ പദ്ധതി.ഉയര്‍ന്ന കുന്നിന്‍ പ്രദേശമായ മുരിക്കുംതൊട്ടി ഭാഗത്തെ  എഴുപതോളം കുടുംബങ്ങള്‍ 18 വര്‍ഷമായി പമ്പിങ്ങ് സ്‌റ്റേഷന് സമീപത്തുള്ള രണ്ട് പൊതു ടാപ്പുകളിലെ വെള്ളമാണ് ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. ഇതോടൊപ്പം പതിനഞ്ചോളം ഹൗസ് കണക്ഷനുകളും ഉണ്ട്. നിരന്തരം തകരാറിലാകുന്ന പദ്ധതിയുടെ പ്രധാന പൈപ്പ് ലൈന്‍ മാറ്റി സ്ഥാപിക്കുന്നതിനായി ഈ മാസം ആദ്യം ജലവിതരണം നിര്‍ത്തിയിരുന്നു.പതിനഞ്ച് ദിവസത്തിനകം വിതരണം പുനരാരംഭിക്കാമെന്ന ഉറപ്പ് നല്‍കിയാണ്  അധികൃതര്‍ അറ്റകുറ്റപ്പണി ആരംഭിച്ചത്. സിമന്റ് പൈപ്പുകള്‍ മാറ്റി കാസ്റ്റ് അയണ്‍ പൈപ്പുകള്‍ സ്ഥാപിച്ച് ജോലി പൂര്‍ത്തിയാക്കുകയും, മറ്റിടങ്ങളിലേക്കുള്ള ജല വിതരണം ആരംഭിക്കുകയും ചെയ്തുവെങ്കിലും  മുരിക്കുംതൊട്ടി ഭാഗത്തേക്കുള്ള വിതരണ പൈപ്പുകളും, ടാപ്പുകളും പ്രവര്‍ത്തനക്ഷമാക്കിയില്ല. ഇതുവരെ വെള്ളത്തിനുള്ള മഴ ലഭിക്കാത്തതിനാല്‍ രൂക്ഷമായ വരള്‍ച്ച മൂലം കിണറുകളും, ആയിരം അടിയിലേറെ ആഴമുള്ള കുഴല്‍ക്കിണറുകള്‍ പോലും വറ്റി വരണ്ടിട്ട് നാലു മാസത്തില്‍ ഏറെയായി. പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള സൗജന്യ കുടിവെള്ളവിതരണം കഴിഞ്ഞ മാസം നിര്‍ത്തുകയും ചെയ്തു.  മറ്റ് മാര്‍ഗ്ഗങ്ങളില്ലാതെ ഒരു ടാങ്ക് വെള്ളത്തിന് ആയിരം രൂപ വീതം നല്‍കി വാഹനത്തിലെത്തുന്ന വെള്ളം വാങ്ങിയാണ് നാട്ടുകാര്‍ അത്യാവശ്യകാര്യങ്ങള്‍ നടത്തുന്നത്. പൊതു ടാപ്പുകളും, ഹൗസ് കണക്ഷനുകളും പുനസ്ഥാപിക്കണമെന്ന് നിരവധി തവണ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഉ ള്‍പ്പെടെയുള്ള അധികൃതരോട് ആവശ്യപ്പെട്ടുവെങ്കിലും നിഷേധാത്മകമായ മറുപടിയാണ് ലഭിച്ചത്. വെള്ളത്തിനായി ജനം നെട്ടോട്ടം ഓടുമ്പോഴും പമ്പിങ്ങ് സ്‌റ്റേഷന്റെ മുറ്റത്ത് പൈപ്പ് ചോര്‍ന്ന് റോഡിലൂടെ ഒഴുകി വെള്ളം വന്‍തോതില്‍ പാഴാകുകയാണ്. ഈ വെള്ളം ഉപയോഗിക്കുന്നതിനുള്ള അനുമതിപോലും സമീപവാസികള്‍ക്ക് നല്‍കിയിട്ടില്ല. പഞ്ചായത്ത് അധികൃതരും ഇത് കണ്ടില്ലെന്ന് നടിക്കുകയാണെന്നു ഇവര്‍ കുറ്റപ്പെടുത്തുന്നു. ഈ സാഹചര്യത്തിലാണ് ജനകീയ സമിതി  രൂപീകരിച്ച് കാലിക്കുടങ്ങളുമായി നാട്ടുകാര്‍ സമരത്തിനിറങ്ങിയത്. രക്ഷാധികാരി വി.എം ബീരാന്‍കുട്ടി, ചെയര്‍മാന്‍ വിനോദ് അരീപ്പാറയില്‍, കണ്‍വീനര്‍ ടി.എസ് മുഹമ്മദ്, അരുണ്‍ പാണനാല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it