malappuram local

മുന്‍ എസ്‌ഐ മനേഷിനെ കുരുക്കാന്‍ പ്രത്യേക സംഘം പ്രവര്‍ത്തിക്കുന്നതായി ആരോപണം

പൊന്നാനി: ചങ്ങരംകുളം മുന്‍ എസ്‌ഐ മനേഷിനെ കുരുക്കാന്‍ പ്രത്യേക സംഘം പ്രവര്‍ത്തിക്കുന്നതായി ആരോപണം. കഴിഞ്ഞ മാസം ചങ്ങരംകുളത്ത് നിന്ന് തൃശൂരിലേക്ക് സ്ഥലം മാറിപ്പോയ എസ്‌ഐ കെ പി മനേഷിനെതിരെയാണ് ഗുരുതരമായ ആരോപണങ്ങളുമായി മറ്റൊരു സംഘം രംഗത്ത് എത്തിയിരിക്കുന്നത്.
നാലുമാസം മുമ്പ് സംസ്ഥാന പാതയില്‍ കാളാച്ചാലില്‍ നിയന്ത്രണം വിട്ട കാര്‍ ലോറിയിലിടിച്ച് യുവാവ് മരിച്ച സംഭവത്തില്‍ മരിച്ച യുവാവിനെതിരെ കേസെടുത്തതിന്  എസ്‌ഐ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനങ്ങള്‍ ഏറ്റ് വാങ്ങിയിരുന്നു. സംഭവത്തില്‍ ലോറി ഡ്രൈവറെ സംരക്ഷിക്കാന്‍ എസ്‌ഐ  മരിച്ച യുവാവിനെതിരെ കേസെടുത്തെന്നായിരുന്നു ഹൈക്കോടതിയുടെ കണ്ടെത്തല്‍. എന്നാല്‍ അപകടം നടന്ന പശ്ചാത്തലവും അപകട സ്ഥലത്ത് നിന്ന് ലഭിച്ച മൊഴികളും അടിസ്ഥാനമാക്കിയാണ് അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിന് സ്വാഭാവിക നടപടി എന്ന നിലയില്‍ അപകടത്തില്‍ പെട്ട കാര്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്തത് എന്നായിരുന്നു ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം.  ഭീമമായ ഇന്‍ഷൂറന്‍സ് തുക ലഭിക്കുന്നതിന് നിരപരാധിയായ ലോറി ഡ്രൈവറെ പ്രതിയാക്കി കേസെടുക്കാന്‍ എസ്‌ഐ കൂട്ട് നില്‍ക്കാന്‍ തയ്യാറാവാത്തതാണ് എസ്‌ഐക്കെതിരെ വ്യാജ തെളിവുകള്‍ ഹാജരാക്കി ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ കാരണമെന്നാണ് ആരോപണം.
ഈ കേസിന്റെ പുനരന്വേഷണം നടക്കുന്നതിനിടെയാണ് കഴിഞ്ഞ ദിവസം സമാനമായ മറ്റൊരു കേസിലും എസ്‌ഐ മനേഷിനെതിരെ അപകടത്തില്‍ മരിച്ച എടപ്പാള്‍ സ്വദേശിയായ യുവാവിന്റെ കുടുംബം പരാതിയുമായി രംഗത്ത് എത്തിയത്.
രണ്ട് മാസം മുമ്പ് എടപ്പാളില്‍ കെഎസ്ആര്‍ടിസിയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് അപകടത്തില്‍ പെട്ടിരുന്നു. അപകടകരമായ രീതിയില്‍ ബൈക്ക് ഓടിച്ചതിന് യുവാവിനെതിരെ ചങ്ങരംകുളം പോലിസ് കേസെടുത്തിരുന്നു.
യുവാവ് പിന്നീട് ചികില്‍സയില്‍ മരിച്ചു. ഈ കേസില്‍ നടപടിയെടുത്തത് എസ്‌ഐ മനേഷ് അല്ലാതിരുന്നിട്ട് പോലും എസ്‌ഐക്കെതിരെ മാധ്യമങ്ങളില്‍ വാര്‍ത്ത നല്‍കുകയും വ്യാജ തെളിവുകള്‍ ഉണ്ടാക്കി പരാതി നല്‍കുകയും ചെയ്യുകയായിരുന്നു. എടപ്പാള്‍ സ്വദേശിയായ അര്‍ജുന്‍ (25)ന്റെ അപകടം ക്രൈംബ്രാഞ്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടാണ് മരിച്ച യുവാവിന്റെ പിതാവ് കൂടിയായ കെഎ അശോക് കുമാര്‍ കോടതിയെ സമീപിച്ചിരിക്കുന്നത്.   കാഞ്ഞങ്ങാട്ട് സ്വദേശിയായ യുവാവിന്റെ അപകടമരണത്തില്‍ ഹൈകോടതിയുടെ നിര്‍ദേശ പ്രകാരം പുനരന്വേഷണം നടന്ന് കൊണ്ടിരിക്കുകയാണ്.
Next Story

RELATED STORIES

Share it