മുന്നാക്ക സംവരണത്തിനെതിരേ നിയമവകുപ്പ് നിയമ സെക്രട്ടറി

തിരുവനന്തപുരം: ദേവസ്വംബോര്‍ഡ് നിയമനങ്ങളില്‍ മുന്നാക്കവിഭാഗത്തിന് സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിയ എല്‍ഡിഎഫ് സര്‍ക്കാരിന്റെ വിവാദ തീരുമാനത്തിന് നിയമവകുപ്പിന്റെ ഉടക്ക്. മുന്നാക്കസംവരണം ഭരണഘടനാപരമായും നിയമപരമായും നിലനില്‍ക്കില്ലെന്ന് നിയമ സെക്രട്ടറി സര്‍ക്കാരിനെ അറിയിച്ചു. ഇതോടെ കൂടുതല്‍ നിയമപരിശോധനയ്ക്കായി ഫയല്‍ എജിക്ക് കൈമാറി. നിലവിലുള്ള നിയമപ്രകാരം മുന്നാക്ക ജാതിക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ഉദ്യോഗസംവരണം സാധ്യമല്ലെന്നാണ് നിയമസെക്രട്ടറിയുടെ നിലപാട്. സാമ്പത്തിക മാനദണ്ഡം മാത്രംനോക്കി ജോലിസംവരണം പറ്റില്ലെന്ന സുപ്രിംകോടതി വിധിയും നിയമ സെക്രട്ടറി ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ ദേവസ്വം ബോര്‍ഡിലെ നിയമനങ്ങളിലെ മൂന്നാക്ക സംവരണം ഉത്തരവായി ഇറക്കാനാവില്ലെന്നു നിയമസെക്രട്ടറി സര്‍ക്കാരിനെ അറിയിച്ചു. അതേസമയം ദേവസ്വംബോര്‍ഡ് സ്വന്തം ഫണ്ടുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനമായതിനാല്‍ സുപ്രിംകോടതി ഉത്തരവ് ദേവസ്വം നിയമനങ്ങള്‍ക്ക് ബാധകമല്ലെന്നാണു സര്‍ക്കാര്‍ വാദം. തുടര്‍ന്നാണ് ഫയല്‍ എജിക്ക് കൈമാറിയത്. നവംബര്‍ 15ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണു മുന്നാക്കവിഭാഗങ്ങള്‍ക്കു സാമ്പത്തിക സംവരണം നല്‍കാന്‍ തീരുമാനിച്ചത്. ദേവസ്വത്തില്‍ അഹിന്ദുക്കള്‍ക്ക് നിയമനമില്ലാത്തതിനാല്‍ പൊതുവിഭാഗത്തില്‍ 68 ശതമാനം ഉണ്ടായിരുന്നു. അതില്‍ 50 ശതമാനം പൊതുവിഭാഗത്തിനു നിലനിര്‍ത്തി 10 ശതമാനം മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കു സംവരണം ചെയ്യുന്നതാണ് സര്‍ക്കാര്‍ ഫോര്‍മുല.രാജ്യത്ത് നിലനില്‍ക്കുന്ന സംവരണ സംവിധാനത്തെ അട്ടിമറിക്കുന്ന നടപടിയാണ് സര്‍ക്കാരിന്റെ തീരുമാനമെന്നാണു സംവരണ വിഭാഗങ്ങളുടെ ആരോപണം. സര്‍ക്കാര്‍ നടപടിക്കെതിരേ വിവിധ സംഘടനകള്‍ പ്രക്ഷോഭങ്ങളും ആരംഭിച്ചിരിക്കുകയാണ്.
Next Story

RELATED STORIES

Share it