മുത്ത്വലാഖ്: കേന്ദ്ര സമീപനം സംശയാസ്പദമെന്ന് കോടിയേരി

കോഴിക്കോട്: മുത്ത്വലാഖ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ സമീപനം മുസ്‌ലിംകളോട് വിവേചനങ്ങളുണ്ടോയെന്ന സന്ദേഹത്തിന് അവസരം നല്‍കുന്നുവെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മര്‍കസ് റൂബി ജൂബിലിയോടനുബന്ധിച്ചു സംഘടിപ്പിച്ച സാംസ്‌കാരിക സമ്മേളനത്തില്‍ സംബന്ധിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമനിര്‍മാണത്തില്‍ സര്‍ക്കാരുകള്‍ സ്വീകരിക്കേണ്ടത് സന്തുലിത നിലപാടാണ്. ഏതെങ്കിലും പ്രത്യേക വിഭാഗത്തോട് വിവേചനം ഉണ്ടാവുന്ന സാഹചര്യം പാടില്ല. വിവിധ സമൂഹങ്ങളിലെ സാമൂഹിക മുന്നേറ്റ ശ്രമങ്ങള്‍ക്ക് അതതു സമുദായങ്ങളിലെ നേതൃത്വം തന്നെയാണ് മുന്‍ക്കൈ എടുക്കേണ്ടത്. മതന്യൂനപക്ഷ വിഭാഗത്തില്‍ മുസ്‌ലിം സമുദായത്തിന്റെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ മാറ്റിയെടുക്കാന്‍ മര്‍കസ് നടത്തിയ ശ്രമങ്ങള്‍ ശ്ലാഘനീയമാണെന്നും കോടിയേരി പറഞ്ഞു. ചരിത്രകാരന്‍ ഡോ. എം ജി എസ് നാരായണന്‍ സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു. വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി അധ്യക്ഷത വഹിച്ചു. ഫുജൈറ സോഷ്യല്‍ കള്‍ചറല്‍ അസോസിയേഷന്‍ ചെയര്‍മാന്‍ ശെയ്ഖ് ഖാലിദ് അബ്ദുല്ല സാലിം അഹ്മദ് ളന്‍ഹാനി മുഖ്യാതിഥിയായിരുന്നു. എ എം ആരിഫ് എംഎല്‍എ, കൈതപ്രം ദാമോദരന്‍ നമ്പൂതിരിപ്പാട്, പി സുരേന്ദ്രന്‍, ഡോ. ഹുസയ്ന്‍ രണ്ടത്താണി, കാസിം ഇരിക്കൂര്‍, എന്‍ അലി അബ്ദുല്ല, സി പി സൈതലവി മാസ്റ്റര്‍, മുഹമ്മദ് പറവൂര്‍, എസ് ശറഫുദ്ദീന്‍, അബ്ദുല്‍ കലാം മാവൂര്‍, മജീദ് അരിയല്ലൂര്‍ സംസാരിച്ചു. പ്രവാസി സംഗമം സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. വി പി എം ഫൈസി വില്യാപ്പള്ളി അധ്യക്ഷത വഹിച്ചു. അഡ്വ. പി വി അന്‍വര്‍ എംഎല്‍എ, വി അബ്ദുര്‍റഹ്മാന്‍ എംഎല്‍എ സംസാരിച്ചു. ആദര്‍ശ സമ്മേളനം പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി ഉദ്ഘാടനം ചെയ്തു. ഇന്നു രാവിലെ 9ന് മനുഷ്യാവകാശ സമ്മേളനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 2ന് വിദ്യാഭ്യാസ സമ്മേളനം മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. വൈകീട്ട് നാലിന് സൗഹാര്‍ദ സമ്മേളനം മന്ത്രി കെ ടി ജലീല്‍ ഉദ്ഘാടനം ചെയ്യും. ശേഷം ദേശീയ-അന്തര്‍ദേശീയ പ്രതിനിധികള്‍ പങ്കെടുക്കുന്ന ശെയ്ഖ് സായിദ് ഇന്റര്‍നാഷനല്‍ പീസ് കോണ്‍ഫറന്‍സ് സുപ്രിംകോടതി ജസ്റ്റിസ് രാകേഷ് കുമാര്‍ അഗര്‍വാള്‍ ഉദ്ഘാടനം ചെയ്യും. നാളെ നടക്കുന്ന സമാപന മഹാ സമ്മേളനത്തോടെ റൂബി ജൂബിലിക്ക് തിരശ്ശീല വീഴും.
Next Story

RELATED STORIES

Share it