മുത്ത്വലാഖ്് നിയമവിരുദ്ധംആക്കാനുള്ള നീക്കം വര്‍ഗീയ അജണ്ട: ചെന്നിത്തല

കൊച്ചി/തിരുവനന്തപുരം: മുത്ത്വലാഖ് നിയമവിരുദ്ധമാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കങ്ങള്‍ക്കു പിന്നില്‍ വര്‍ഗീയ അജണ്ടകളുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എറണാകുളം ഡിസിസി സംഘടിപ്പിച്ച കോണ്‍ഗ്രസ്സിന്റെ ജന്‍മദിനാഘോഷ പരിപാടികള്‍ ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.ഏക സിവില്‍ കോഡ് നടപ്പാക്കാനുള്ള പ്രരംഭ നടപടികളാണ് ഇതിന് ആധാരമെന്നും രാജ്യത്തെ മതത്തിന്റെ പേരില്‍ ഭിന്നിപ്പിക്കുന്നതിന് ഇത് വഴിവയ്ക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മോദി വീണ്ടും അധികാരത്തിലെത്തിയാല്‍ ഇന്ത്യയുടെ ഭരണഘടനയില്‍ പൊളിച്ചെഴുത്ത് ഉറപ്പാണ്. ഭരണഘടനയില്‍നിന്ന് മതേതരത്വം എടുത്തുകളയണമെന്നാണ് കേന്ദ്രമന്ത്രി ഹെഗ്‌ഡെ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടത്. കേന്ദ്രസര്‍ക്കാരിന്റെയും ബിജെപിയുടെയും രഹസ്യ അജണ്ടകളാണ് ഇതിലൂടെ വ്യക്തമാവുന്നത്. എപ്പോഴെല്ലാം കോണ്‍ഗ്രസ് അധികാരത്തില്‍നിന്നു മാറിനിന്നിട്ടുണ്ടോ അന്നെല്ലാം മതേതരത്വത്തിനു നേരെ ശക്തമായ വെല്ലുവിളികള്‍ രാജ്യത്ത് ഉയര്‍ന്നുവന്നിട്ടുണ്ട്. വര്‍ഗീയ ചേരിതിരിവുണ്ടാക്കി സംഘപരിവാരം നടത്തുന്ന നീക്കങ്ങള്‍ക്ക് രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ ശക്തമായ തിരിച്ചടിക്ക് വരുംനാളുകളില്‍ രാജ്യം സാക്ഷ്യംവഹിക്കും. ഗുജറാത്തിലുണ്ടായത് പരാജയമായി കണക്കാക്കാനാവില്ല. ഇതിനെക്കാള്‍ വലിയ പരീക്ഷണങ്ങള്‍ കോ ണ്‍ഗ്രസ് നേരിട്ടിട്ടുണ്ട്. അന്നെല്ലാം കണക്കുകൂട്ടലുകള്‍ തെറ്റിച്ച് കോണ്‍ഗ്രസ് കേന്ദ്രത്തില്‍ തിരിച്ചെത്തിയ ചരിത്രമാണുള്ളതെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. അതേസമയം, എസ്ബിടിയില്‍നിന്ന് വിദ്യാഭ്യാസ വായ്പ എടുത്ത് കുടിശ്ശികയായ കുട്ടികള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം നിഷേധിക്കപ്പെടുന്ന അവസ്ഥയ്ക്ക് പരിഹാരം കാണാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കത്ത് നല്‍കി. എസ്ബിഐ അധികൃതരുടെ യോഗം വിളിച്ച് ഈ പ്രശ്‌നത്തിന് അടിയന്തരമായി പരിഹാരം കണ്ടെത്തണമെന്ന് ചെന്നിത്തല  ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it