palakkad local

മുതിര്‍ന്ന പൗരന്‍മാര്‍ തീറാധാരം നല്‍കുന്നത് ഒഴിവാക്കണം



പാലക്കാട്: മുതിര്‍ന്ന പൗരന്മാര്‍ ബന്ധുക്കള്‍ക്ക് സ്വത്തുകൈമാറ്റം ചെയ്യുമ്പോള്‍ തീറാധാരം നല്‍കുന്ന പതിവ് പൂര്‍ണമായും ഒഴിവാക്കി ദാനാധാരം നല്‍കുക മാത്രമേ ചെയ്യാവൂവെന്ന് സീനിയര്‍ അസി.പബ്ലിക് പ്രോസിക്യൂട്ടര്‍ പി പ്രേംനാഥ്. എങ്കില്‍ മാത്രമേ പിന്നീടൊരിക്കല്‍  ഭൂമി തിരിച്ചുപിടിക്കാന്‍ സാധ്യമാകയുള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുതിര്‍ന്ന പൗരന്മാര്‍ക്കെതിരെയുള്ള  അതിക്രമങ്ങള്‍ക്കും സാമ്പത്തിക തട്ടിപ്പുകള്‍ക്കുമെതിരെ സമൂഹവും സര്‍ക്കാരും പ്രത്യേക ശ്രദ്ധ പുലര്‍ത്തണം. പാലക്കാട് ജില്ലാ പബ്ലിക് ലൈബ്രറിയുടെയും സീനിയര്‍ ചേംബര്‍ പാലക്കാട് ലീജ്യയനിന്റെയും  സംയുക്താഭിമുഖ്യത്തില്‍ ജില്ലാ പബ്ലിക് ലൈബ്രറി സ്മാരക സെമിനാര്‍ ഹാളില്‍ സംഘടിപ്പിച്ച അന്തര്‍ദ്ദേശീയ വയോജന ദിനാചരണവും  വയോജന നീതി സെമിനാറിലും സംസാരിക്കുകയായിരുന്നു. മുതിര്‍ന്ന പൗരന്മാര്‍ സമൂഹത്തിന് വിലപ്പെട്ട സമ്പാദ്യമാണെന്ന തിരിച്ചറിവ് സമൂഹത്തില്‍ സൃഷ്ടിച്ചെടുക്കണമെന്നും  അവരെ ചൂഷണത്തില്‍നിന്നും  പീഡനങ്ങളില്‍നിന്നും സംരക്ഷിക്കണമെന്നും ഇന്ത്യന്‍ സീനിയര്‍ ചേംബര്‍ ദേശീയ അധ്യക്ഷന്‍ രാംകുമാര്‍ മീമ്പാട്ട് ആവശ്യപ്പെട്ടു. വാര്‍ധക്യകാലം സ്വന്തം ഭവനങ്ങളില്‍ കഴിഞ്ഞുകൂടുന്നതിനുള്ള പശ്ചാത്തലമൊരുക്കണമെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. വൃദ്ധജനങ്ങളുടെ ആശങ്കകളും പ്രശ്‌നങ്ങളും അകറ്റുന്നതിനായി സമൂഹത്തില്‍  അവബോധമുണ്ടാക്കണം. മുതിര്‍ന്ന മാതാപിതാക്കളെ സംരക്ഷിക്കുകയെന്നത് മക്കളുടെ തുല്യ അവകാശവും കടമയുമാണെന്ന ബോധം വളരുന്ന തലമുറയില്‍ ഊട്ടിയുറപ്പിക്കണമെന്നും സെമിനാറില്‍ ആവശ്യമുയര്‍ന്നു. 2025 ആകുമ്പോഴേക്കും ലോകത്തെ വയോജനങ്ങളുടെ സംഖ്യ നൂറുകോടി യിലധികമാവുമെന്നു  കരുതപ്പെടുന്നു. ഏറ്റവും കൂടുതല്‍ വൃദ്ധസദനങ്ങളുള്ള സംസ്ഥാനം കേരളമാണെന്നത് നമ്മെ ചിന്തിപ്പിക്കേണ്ടതാണ്. സീനിയര്‍ ചേംബര്‍ ദേശീയ ഡയറക്ടര്‍ കെ പി രാംദാസ്, വയോജന ക്ഷേമ ദേശീയ കോ-ഓഡിനേറ്റര്‍  പ്രഫ. എ മുഹമ്മദ്  ഇബ്രാഹിം, പ്രോജക്ട് ഡയറക്ടര്‍ എ  അബ്ദുല്‍ ഷംസ്, പ്രത്യാശ സെക്രെട്ടറി ജെ ജി മേനോന്‍, ജാഫര്‍ അലി എം സംസാരിച്ചു. നെന്മാറ: ആര്‍ട്ട് ഓഫ് ലിവിങ് വ്യക്തി വികാസ് കേന്ദ്ര തത്തമംഗലം സെന്റ്ററിന്റെ നേതൃത്വത്തില്‍ വയോജന ദിനാഘോഷത്തിന് ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ റിട്ട.ഡെപ്യൂട്ടി ഡിറക്ടര്‍ എ ശിവന്‍ തുടക്കംകുറിച്ചു. വയോജനങ്ങള്‍ മനസ്സുകൊണ്ട് ചെറുപ്പക്കാരായി സമൂഹ സേവനത്തിലിറങ്ങിയാല്‍ ജീവിതം കൂടുതല്‍ ആസ്വാദ്യകരമാക്കാമെന്ന് അദ്ദേഹം പറഞ്ഞു.  ചടങ്ങില്‍ അഡ്വ. ശ്രീരാമകൃഷ്ണനെ ആദരിച്ചു. എസ് ഗുരുവായൂരപ്പന്‍ അധ്യക്ഷത വഹിച്ചു. എസ് സുധീഷ് കുമാര്‍, ഷീന, സുരേന്ദ്രന്‍, എ അനു സംസാരിച്ചു.
Next Story

RELATED STORIES

Share it