Flash News

മുതിര്‍ന്ന നേതാവ് യശ്വന്ത് സിന്‍ഹ ബിജെപി വിട്ടു

ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര ധനമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ യശ്വന്ത് സിന്‍ഹ പാര്‍ട്ടി വിട്ടു. ബിജെപിയുമായുള്ള എല്ലാ ബന്ധവും താന്‍ വിച്ഛേദിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. ബിജെപിയുടെ മറ്റൊരു മുതിര്‍ന്ന നേതാവും പാര്‍ട്ടി എംപിയുമായ ശത്രുഘ്‌നന്‍ സിന്‍ഹയും യശ്വന്ത് സിന്‍ഹയും ചേര്‍ന്ന് പുതുതായി രൂപീകരിച്ച രാഷ്ട്രീയ മഞ്ചിന്റെ പട്‌നയില്‍ നടന്ന പ്രഥമ കണ്‍വെന്‍ഷനിലാണ് സിന്‍ഹ രാജി പ്രഖ്യാപനം നടത്തിയത്.
മറ്റൊരു രാഷ്ട്രീയപ്പാര്‍ട്ടിയിലും ചേരില്ലെന്നു വ്യക്തമാക്കിയ സിന്‍ഹ, രാജ്യത്തെ ജനാധിപത്യം സംരക്ഷിക്കുന്നതിനായി സമാനമനസ്‌കരായ എല്ലാ സുഹൃത്തുക്കളുമായും ചേര്‍ന്ന്  മുന്നേറ്റം നടത്തുമെന്നും അറിയിച്ചു. രാജ്യത്തെ മാധ്യമങ്ങള്‍ ഉള്‍പ്പെടെ മുകളില്‍ നിന്നു നിയന്ത്രിക്കപ്പെടുകയാണ്. തിരഞ്ഞെടുപ്പ് കമ്മീഷനെയും കുറ്റാന്വേഷണ ഏജന്‍സികളെയും വരെ കേന്ദ്ര സര്‍ക്കാര്‍ തങ്ങളുടെ സ്വാധീനവലയത്തിലാക്കി. രാജ്യത്തെ ജനാധിപത്യം അപകടത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
പട്‌ന സാഹിബ് ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള ബിജെപി എംപി ശത്രുഘ്‌നന്‍ സിന്‍ഹ, എഎപി നേതാക്കളായ സഞ്ജയ് സിങ്, അശുതോഷ്, ആര്‍ജെഡി നേതാവ് തേജസ്വി യാദവ്, രാഷ്ട്രീയ ലോക്ദള്‍ നേതാവ് ജയന്ത് ചൗധരി എന്നിവരടക്കം നിരവധി നേതാക്കള്‍ പങ്കെടുത്ത വേദിയിലായിരുന്നു സിന്‍ഹയുടെ രാജി പ്രഖ്യാപനം. തങ്ങള്‍ പുതുതായി രൂപീകരിച്ച രാഷ്ട്രീയ മഞ്ച് ഒരു രാഷ്ട്രീയപ്പാര്‍ട്ടിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വാജ്‌പേയി മന്ത്രിസഭയില്‍ ധന-വിദേശകാര്യ വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്ന സിന്‍ഹ നോട്ടു നിരോധനം. ജിഎസ്ടി ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ മോദിക്കെതിരേ ശക്തമായ രംഗത്തുവന്നിരുന്നു. യശ്വന്ത് സിന്‍ഹയുടെ മകനും ബിജെപി നേതാവുമായ ജയന്ത് സിന്‍ഹ നരേന്ദ്ര മോദി മന്ത്രിസഭയില്‍ വ്യോമയാന സഹമന്ത്രിയാണ്.
Next Story

RELATED STORIES

Share it