palakkad local

മുതലമട അംബേദ്കര്‍ കോളനിയില്‍ ജാതീയ വേര്‍തിരിവ് : ദലിത് കുടുംബങ്ങളെ പീഡിപ്പിക്കുന്നതായി ആക്ഷേപം



കൊല്ലങ്കോട്്: മുതലമട പഞ്ചായത്തിലെ അംബേദ്കര്‍ കോളനിയില്‍ താമസിക്കുന്ന ദലിത് കുടുംബങ്ങളെ നിരന്തരം പീഡിപ്പിക്കുന്നതായി പരാതി. ചക്കിലിയ സമുദായത്തില്‍പ്പെട്ട കുടുംബങ്ങള്‍ ജീവിക്കാനാവാതെ കഴിയുകയാണെന്നും കുടിവെള്ളം പൊതു ടാപ്പില്‍ നിന്നും എടുക്കുന്നതിനും  ചായക്കടകളില്‍ നിന്നും ചായ കുടിക്കുന്നതിനും ഇത്തരം വിഭാഗങ്ങളെ മാറ്റി നിര്‍ത്തിയതായും പറയുന്നു. കഴിഞ്ഞ ദിവസം ദലിത് കുടുംബത്തിലെ യുവതിയും മറ്റു സമുദായത്തിലെ യുവാവും തമ്മിലുള്ള ബന്ധം  ചോദ്യം ചെയ്തത് വാഗ്വാദത്തിനും സംഘര്‍ഷത്തിനുമിടയാക്കി. കൊല്ലങ്കോട് പോലിസ് ഇടപെട്ട് ഇരുവരെയും വിവാഹം കഴിപ്പിച്ചിരുന്നു.ഇതേതുടര്‍ന്നു ദിവസവും വാഗ്വാദമുണ്ടാവുന്നതായി പറയുന്നു.  ദലിതരെ കോളനിയില്‍ നിന്ന്  ഇല്ലാതാക്കുമെന്നും  പൊതുടാപ്പില്‍ ഒരണ്ണത്തില്‍ നിന്നു മാത്രം ദലിതര്‍ കുടിവെള്ളമെടുത്താല്‍ മതിയെന്നും മറ്റു സമുദായക്കാര്‍ ഉപയോഗിക്കുന്ന ടാപ്പില്‍ നിന്ന്  വെള്ളം എടുക്കരുതെന്നും കൗണ്ടര്‍ സമുദായ അംഗങ്ങളില്‍ ചിലര്‍ ഭീഷണിയുയര്‍ത്തിയിട്ടുണ്ടെന്നും ആരോപണമുണ്ട്.  എന്നാല്‍, പരാതി പോലിസില്‍ അറിയിച്ചപ്പോള്‍ നിങ്ങള്‍ ദലിതരാണെന്നും പണമുള്ളവരോട് കളിക്കരുതെന്നുമാണ് ഗസറ്റ് റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ നിലപാടറിയിച്ചത്.  പോലിസ് എതിര്‍ പക്ഷത്ത് ചേര്‍ന്ന് കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പറയുന്നു. രണ്ടു പതിറ്റാണ്ട് മുമ്പ് അംബേദ്കര്‍ കോളനിയിലെ ദലിതര്‍ക്ക് ചായക്കടകളില്‍ ചിരട്ടയിലാണ് ചായകൊടുത്തിരുന്നത് എന്ന വാര്‍ത്ത പുറംലോകം അറിഞ്ഞതോടെയാണ് ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കപ്പെട്ടത്. എന്നാല്‍ ഈ പ്രവണത ഇപ്പോഴും തുടരുന്ന സ്ഥിതിയാണ്. ദലിത് കുടുംബങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ജില്ലാ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് സുമേഷ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സി സി സുനില്‍, സജേഷ് ചന്ദ്രന്‍, ബിനോയ്, വിഷ്ണു ചെല്ല മുത്ത് കൗണ്ടര്‍, എസ് വി ശെല്‍വന്‍, അബുതാഹിര്‍, ഹനീഫ തുങ്ങിയവര്‍ കോളനി സന്ദര്‍ശിച്ചു.വിഷയം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ശ്രദ്ധയില്‍പ്പെടുത്തി. വിഷയം ഗൗരവമുള്ളതാണെന്നും ഉമ്മന്‍ ചാണ്ടി കോളനി സന്ദര്‍ശനം നടത്താന്‍ സാധ്യതയുണ്ടെന്നും കോണ്‍ഗ്രസ് ഭാരവാഹികള്‍ പറഞ്ഞു.
Next Story

RELATED STORIES

Share it