Flash News

മുഖ്യമന്ത്രിയെ മാതൃകയാക്കി കുമ്മനത്തിനും ഉപദേശകര്‍

മുഖ്യമന്ത്രിയെ മാതൃകയാക്കി കുമ്മനത്തിനും ഉപദേശകര്‍
X


തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മാതൃക പിന്തുടര്‍ന്ന് ഉപദേഷ്ടാക്കളെ നിയമിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. പുതിയ ആസ്ഥാനമന്ദിരത്തില്‍ മുഖ്യമന്ത്രിയുടെ ഓഫിസിനുള്ള സൗകര്യം വേണമെന്ന് നിര്‍ദേശിച്ചതിന് പിന്നാലെയാണ് സംസ്ഥാന പ്രസിഡന്റിന് മൂന്ന് ഉപദേശകരെ നിയോഗിച്ചത്. കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരമാണ് നിയമനം. ഡോ. ജിസി ഗോപാലപിള്ള (സാമ്പത്തികം), ഹരി എസ് കര്‍ത്താ (മാധ്യമം), ഡോ. കെആര്‍ രാധാകൃഷ്ണപിള്ള (വികസനം, ആസൂത്രണം) എന്നിവരാണ് കുമ്മനത്തിന് ഉപദേശം നല്‍കാന്‍ നിയോഗിതരായത്. വിവിധ മേഖലകളില്‍ കൂടുതല്‍ ഉപദേഷ്ടാക്കളെ പാര്‍ട്ടി തേടുന്നുണ്ടെന്നുമാണ് വിവരം.
സാമ്പത്തിക ഉപദേഷ്ടാവായ ഗോപാലപിള്ള ഫാക്ട് ചെയര്‍മാനും എംഡിയുമായിരുന്നു. കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ സംസ്ഥാനത്ത് നടപ്പാക്കുന്നതും ഇതിലൂടെ പാര്‍ട്ടിക്ക് എങ്ങനെ നേട്ടം കൈവരിക്കും എന്ന കാര്യത്തിലുമായിരിക്കും അദ്ദേഹം ശ്രദ്ധ പതിപ്പിക്കുക. ഒപ്പം, പൊതുവായ സാമ്പത്തിക സാങ്കേതിക കാര്യങ്ങളിലും പ്രസിഡന്റിനെ ഉപദേശിക്കണം.
കേരളത്തില്‍ മാധ്യമങ്ങള്‍ക്കു പൊതുവില്‍ സംഘപരിവാര്‍ പ്രസ്ഥാനങ്ങളോടുള്ള അകല്‍ച്ച കുറയ്ക്കുക എന്നതാണു മാധ്യമ ഉപദേഷ്ടവിന്റെ ദൗത്യം. ജന്‍മഭൂമി ചീഫ് എഡിറ്ററായിരുന്നു ഹരി എസ് കര്‍ത്ത. പരിവാര്‍ പ്രസിദ്ധീകരണങ്ങളുടെ മേല്‍നോട്ടവും അദ്ദേഹത്തെ ഏല്‍പിച്ചിട്ടുണ്ട്. ധനതത്വശാസ്ത്രം അധ്യാപകനായ ഡോ. രാധാകൃഷ്ണപിള്ള, സംസ്ഥാന ആസൂത്രണബോര്‍ഡിന്റെ കണ്‍സല്‍ട്ടന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. വികസന ആസൂത്രണ സമീപനങ്ങളെക്കുറിച്ചു നേതൃത്വത്തെ ഉപദേശിക്കുകയാണ് അദ്ദേഹത്തിന്റെ ദൗത്യം. മൂന്ന് ഉപദേഷ്ടാക്കളും പാര്‍ട്ടി ആസ്ഥാനത്തു ജോലി തുടങ്ങി. സംസ്ഥാന നേതൃത്വത്തെ പ്രഫഷനലാക്കുകയെന്ന ലക്ഷ്യമിട്ടാണ് ഉപദേശകരുടെ നിയമനം എന്നാണ് പാര്‍ട്ടി വൃത്തങ്ങളുടെ വിശദീകരണം. അതെസമയം, ഉപദേശകരുടെ വിഷയത്തില്‍ പിണറായിയെ പരിഹസിച്ച ബിജെപി നേതൃത്വം ഇത്തരമൊരു തീരുമാനമെടുത്തതില്‍ ഒരുവിഭാഗത്തിന് കടുത്ത അമര്‍ഷവുമുണ്ട്.
Next Story

RELATED STORIES

Share it