മുഖ്യമന്ത്രിയെ പ്രകീര്‍ത്തിച്ച് കേരളാ കോണ്‍ഗ്രസ് (എം) മുഖപത്രം

കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനെ പ്രകീര്‍ത്തിച്ച് കേരളാ കോണ്‍ഗ്രസ് എം മുഖപത്രം. പിണറായി വിജയന്‍ അനുഭവസമ്പന്നനും പക്വമതിയുമായ നേതാവാണെന്നും മുഖ്യമന്ത്രി ചെയ്യുന്ന ജനക്ഷേമകരമായ എല്ലാ നല്ല കാര്യങ്ങള്‍ക്കും പ്രതിപക്ഷത്തിന്റെ പിന്തുണയുണ്ടാവുമെന്നും കേരളാ കോണ്‍ഗ്രസ് മുഖപത്രമായ പ്രതിച്ഛായയുടെ ജൂണ്‍ ലക്കത്തിലെ മുഖമൊഴി ചൂണ്ടിക്കാട്ടുന്നു.
മുഖ്യമന്ത്രിയുടെ ആദ്യ ചുവടുവയ്പുകളെല്ലാം അഭിനന്ദനാര്‍ഹമാണ്. മുന്‍ഗാമി ഉമ്മന്‍ചാണ്ടിയെ ക്ലിഫ്ഹൗസില്‍ ചെന്നു കണ്ടത്, പാര്‍ട്ടിക്കുള്ളിലെ രാഷ്ട്രീയ എതിരാളി വി എസ് അച്യുതാനന്ദനെ കന്റോണ്‍മെന്റ് ഹൗസിലെത്തി സന്ദര്‍ശിച്ചത്, ബിജെപി നേതാവ് ഒ രാജഗോപാലിനെ എകെജി സെന്ററില്‍ സ്വീകരിച്ചതും ഗൗരിയമ്മയെ അവരുടെ വീട്ടിലെത്തി മധുരം നല്കി ആദരിച്ചതുമെല്ലാം നന്നായി. സമവായത്തിന്റെ സന്ദേശമാണദ്ദേഹം ഇതുവഴി കേരളത്തിനു നല്‍കുന്നതെന്നും ലേഖനത്തില്‍ പുകഴ്ത്തുന്നു.അതേസമയം, സര്‍ക്കാരിന്റെ ജനവിരുദ്ധ നടപടികളെ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ എതിര്‍ക്കുമെന്നും ലേഖനത്തില്‍ പറയുന്നു.
എല്ലാ രാഷ്ട്രീയ കക്ഷികളും ജനവിധി അംഗീകരിക്കുന്നു. എങ്കിലും തോറ്റവര്‍ക്കു ചില്ലറ പരാതികളൊക്കെയുണ്ടാവും. പരാജയത്തിനു കാരണം മറ്റു ചില ഘടകങ്ങളും ചില വ്യക്തികളുമാണ് എന്നൊക്കെ കണ്ടെത്തി ആരോപണ പ്രത്യാരോപണങ്ങള്‍ ഉന്നയിക്കുന്നതു ജനാധിപത്യപരമായ പക്വതയില്ലായ്മയുടെ ലക്ഷണമാണ്. കഴിഞ്ഞ അഞ്ചുവര്‍ഷം ഭരണം വലതു മുന്നണിയെ ഏല്‍പിച്ചു കൊടുക്കുകയും ഇടതുമുന്നണിയെ പ്രതിപക്ഷ ബഞ്ചിലിരുത്തുകയും ചെയ്ത അതേ ജനങ്ങള്‍ തന്നെയാണ് ഇത്തവണ വിധി മറിച്ചെഴുതിയത്. മുഖ്യമന്ത്രിയായി പിണറായിയെ സിപിഎം ഔദ്യോഗികമായി പ്രഖ്യാപിച്ചയുടന്‍ പിണറായിയെ തിരുവന്തപുരത്തെ ഫഌറ്റിലെത്തി കെ എം മാണി അഭിനന്ദിച്ചിരുന്നു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നടന്ന ഭൂമിയിടപാട് അടക്കമുള്ള നിയമവിരുദ്ധ വിവാദ തീരുമാനങ്ങളില്‍ കര്‍ശന നടപടികള്‍ക്ക് പിണറായി സര്‍ക്കാര്‍ ആലോചനകള്‍ നടത്തുന്ന വേളയിലാണ് കേരളാ കോണ്‍ഗ്രസ് മുഖപത്രത്തിലൂടെ മുഖ്യമന്ത്രിയെ പ്രശംസിക്കുന്നത്.
Next Story

RELATED STORIES

Share it