kannur local

മുഖ്യമന്ത്രിയെയും സിപിഎമ്മിനെയും കടന്നാക്രമിച്ച് ബിജെപി നേതാക്കള്‍



പയ്യന്നൂര്‍: ബാലികേറാമലയായി തുടരുന്ന കേരളത്തില്‍ കടന്നുകയറുന്നതിനായി ബിജെപി സംഘടിപ്പിച്ച ജനരക്ഷാ യാത്ര—യുടെ ഉദ്ഘാടന സമ്മേളനത്തില്‍ സിപിഎമ്മിനെതിരേ രൂക്ഷമായ കടന്നാക്രമണം. ഉദ്ഘാടനം നിര്‍വഹിച്ച് പദയാത്രയില്‍ പങ്കാളിയായ ദേശീയ അധ്യക്ഷന്‍ അമിത് ഷാ മുതലുള്ള നേതാക്കള്‍ സിപിഎമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും കടുത്ത ഭാഷയിലാണു വിമര്‍ശിച്ചത്. ചിലപ്പോഴെക്കെ വിമര്‍ശനത്തിന്റെ സ്വരം ഭീഷണിയുടെ ധ്വനിയിലായി. രാവിലെ 10 മണിക്ക് തുടങ്ങുമെന്ന് അറിയിച്ച സമ്മേളന നടപടികള്‍ ആരംഭിച്ചത് ഒരു മണിക്കൂര്‍ വൈകി. പിന്നെയും ഒരു മണിക്കൂര്‍ വൈകിയാണ് അമിത് ഷാ എത്തിയത്. അതിനു മുമ്പുതന്നെ നേതാക്കളുടെ അഭിസംബോധന പ്രസംഗം തുടങ്ങിയിരുന്നു. ആദ്യം സംസാരിച്ചത് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ്. അവസാനത്തെ സിപിഎം പ്രവര്‍ത്തകന് കാവിക്കൊടി പിടിപ്പിക്കുന്നതു വരെ തങ്ങളുടെ പോരാട്ടം തുടരുമെന്ന് അദ്ദേഹം പറഞ്ഞു. കൊലക്കേസ് പ്രതിയാണ് കേരളം ഭരിക്കുന്നത്. അക്രമം തുടര്‍ന്നാല്‍ രാമബാണമെടുത്ത് സിപിഎമ്മിന്റെ നെഞ്ചില്‍ തറക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. വിഷപ്പാമ്പിനേക്കാള്‍ അപകടകാരികളാണ് സിപിഎം പ്രവര്‍ത്തകരും നേതാക്കളുമെന്ന് സി കെ പത്മനാഭന്‍ പറഞ്ഞു. പാടത്തെ പണിക്ക് വരമ്പത്ത് കൂലി തരുമെന്നാണ് കോടിയേരിയുടെ ഭീഷണി. എന്നാല്‍, വയലിലെ പണിക്ക് വയലില്‍ വച്ചുതന്നെ കൂലി നല്‍കുന്ന പാര്‍ട്ടിയാണ് ബിജെപിയെന്ന കാര്യം ഓര്‍ക്കണമെന്നും സി കെ പി തുറന്നടിച്ചു. ക്ഷേത്രഭണ്ഡാരങ്ങളിലാണ് സിപിഎമ്മിന്റെ നോട്ടമെന്നും എന്നാല്‍ ദൈവത്തില്‍ അവര്‍ക്ക് വിശ്വാസമില്ലെന്നും കര്‍ണാടക മുന്‍ വിദ്യാഭ്യാസമന്ത്രി സി ടി രവി പറഞ്ഞു. കേരളത്തില്‍ സിപിഎം അധമരാഷ്ട്രീയം അടിച്ചേല്‍പ്പിക്കുകയാണെന്നും എല്ലാം ശരിയാക്കുമെന്നു പറഞ്ഞ് അധികാരത്തിലേറിയവരെ നേര്‍വഴിക്ക് നയിക്കുക എന്നതാണ് ബിജെപിയുടെ ദൗത്യമെന്നും ചലച്ചിത്ര നടന്‍ സുരേഷ് ഗോപി എംപി പറഞ്ഞു. മുഖ്യമന്ത്രിക്കും സിപിഎം സംസ്ഥാന സെക്രട്ടറിക്കും രാഷ്ട്രീയതിമിരം ബാധിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. അതുകൊണ്ടാണ് ജനരക്ഷാ യാത്രയെ അവഹേളിക്കുന്നത്. കേരളത്തിലെ ഒരു റോഡും സിപിഎമ്മിന് തീറെഴുതി കൊടുത്തിട്ടില്ല. വടക്കുനോക്കി യന്ത്രങ്ങളായി യുഡിഎഫ്, എല്‍ഡിഎഫ് നേതാക്കള്‍ മാറി. കേരളത്തിലെ അക്രമങ്ങള്‍ ഇവര്‍ കാണുന്നില്ല.  ബിജെപി ഭരിക്കുന്ന വടക്കന്‍ സംസ്ഥാനങ്ങളെയാണു കുറ്റപ്പെടുത്തുന്നത്. ഗൗരി ലങ്കേഷ് വധത്തെക്കുറിച്ച് വിമര്‍ശിക്കുമ്പോള്‍ പോലും ഇവര്‍ ബിജെപിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയാണെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു. എന്‍ഡിഎ നേതാക്കളായ അല്‍ഫോന്‍സ് കണ്ണന്താനം, രാജീവ് ചന്ദ്രശേഖര്‍, സി കെ ജാനു, പി സി തോമസ്, റിച്ചാര്‍ഡ് ഹെ, വി മുരളീധരന്‍, പി കെ കൃഷ്ണദാസ്, കെ സുരേന്ദ്രന്‍, ശോഭ സുരേന്ദ്രന്‍, നളീന്‍കുമാര്‍ കട്ടീല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. രാവിലെ തളിപ്പറമ്പ് രാജ രാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയാണ് അമിത്ഷാ പയ്യന്നൂര്‍ പഴയ ബസ്സ്റ്റാന്‍ിലെ സമ്മേളന വേദിയിലെത്തിയത്. പയ്യന്നൂര്‍ ഗാന്ധി മൈതാനിയില്‍നിന്ന് തുടങ്ങിയ ജനരക്ഷാ യാത്ര വൈകീട്ട് പിലാത്തറയില്‍ സമാപിച്ചു. അമിത് ഷാക്ക് പുറമെ ഹരിയാനയില്‍നിന്നുള്ള എംഎല്‍എമാരും നേതാക്കളും പങ്കെടുത്തു. ഓരോ ദിവസവും വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള സംഘം പദയാത്രയില്‍ അണിചേരും. ഇന്നത്തെ പദയാത്ര കല്യാശ്ശേരിയില്‍നിന്ന് തുടങ്ങി കണ്ണൂരില്‍ സമാപിക്കും. കല്യാശ്ശേരിയിലെ ഉദ്ഘാടന സമ്മേളനത്തില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു
Next Story

RELATED STORIES

Share it