മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ കുടിവെള്ളമില്ലെന്ന് പ്രതിപക്ഷം; വികസന പെരുമഴയെന്ന് യുഡിഎഫ്

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ കുടിവെള്ളമില്ലെന്ന്  പ്രതിപക്ഷം; വികസന പെരുമഴയെന്ന് യുഡിഎഫ്
X
oomaenchandy

പുതുപ്പള്ളി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ തിരഞ്ഞെടുപ്പ് പോരാട്ടം കൊണ്ടു ശ്രദ്ധേയമായ മണ്ഡലമാണ് പുതുപ്പള്ളി. 1970ല്‍ 26ാം വയസ്സില്‍ ഉമ്മന്‍ചാണ്ടി ഇടതുചേരിയില്‍ നിന്നു പിടിച്ചെടുത്ത മണ്ഡലം നാലര പതിറ്റാണ്ടായി അദ്ദേഹത്തിനൊപ്പമാണ്. കഴിഞ്ഞ തവണ ഉമ്മന്‍ചാണ്ടി തിരഞ്ഞെടുപ്പ് ചരിത്രത്തിലെ തന്റെ റെക്കോഡ് ഭൂരിപക്ഷം നേടി.
പാമ്പാടി, വാകത്താനം, പുതുപ്പള്ളി, കൂരോപ്പട, അയര്‍ക്കുന്നം, അകലക്കുന്നം പഞ്ചായത്തുകള്‍ ചേര്‍ന്നതാണ് പുതുപ്പള്ളി മണ്ഡലം. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ വാകത്താനം പഞ്ചായത്ത് എല്‍ഡിഎഫ് നേടിയപ്പോള്‍ ബാക്കി പഞ്ചായത്തുകള്‍ യുഡിഎഫിനൊപ്പം നിന്നു. 33,255 വോട്ടായിരുന്നു കഴിഞ്ഞ തവണ ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷം. 1970 മുതല്‍ തുടങ്ങിയ തിരഞ്ഞെടുപ്പ് പോരാട്ടത്തില്‍ ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷം കുറഞ്ഞുപോയത് വി എന്‍ വാസവനോട് എതിരിട്ടപ്പോള്‍മാത്രം. മുന്‍ വര്‍ഷങ്ങളിലെതുപോലെ തന്നെ മറ്റ് മണ്ഡലങ്ങളിലെ പ്രചാരണത്തിന് ഒടുവിലാണ് ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയിലെത്തിയത്.
അതേസമയം മുഖ്യമന്ത്രിയുടെ മണ്ഡലമെന്ന വിഐപി പദവിയല്ലാതെ മണ്ഡലത്തില്‍ കാര്യമായ വികസനങ്ങളൊന്നുമില്ലെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. മണ്ഡലത്തിലെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ഇതേവരെ ഉമ്മന്‍ചാണ്ടിക്ക് ആയില്ലെന്നതും എല്‍ഡിഎഫ് പ്രചാരണ വിഷയമാക്കുന്നു. 50ലേറെ വീട്ടുകാര്‍ക്ക് കുടിവെള്ളമെത്തിക്കാന്‍ കൊണ്ടുവന്ന ആറാട്ടുചിറ കുടിവെള്ള പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞില്ലെന്നാണ് ഒരു ആക്ഷേപം. പാമ്പാടി ഗവ. ആശുപത്രിയിലെയും ഫയര്‍സ്റ്റേഷനിലെയും കുടിവെള്ള ക്ഷാമവും പ്രചാരണരംഗത്ത് ഉയര്‍ന്നുവരുന്നുണ്ട്. പാമ്പാടി ഗവ. ആശുപത്രിയില്‍ ആധുനിക ചികില്‍സാ സംവിധാനമില്ലാത്തതും പ്രതിപക്ഷം ഉയര്‍ത്തിക്കാട്ടുന്നു. മണ്ഡലത്തില്‍ നിര്‍ണായക വോട്ടുള്ള ദലിത് വിഭാഗത്തെ വേണ്ടത്ര പരിഗണിക്കുന്നില്ലെന്ന ആക്ഷേപവുമുണ്ട്.
എന്നാല്‍, ഉമ്മന്‍ചാണ്ടിയുടെ കീഴില്‍ മണ്ഡലത്തില്‍ വികസന പെരുമഴയാണെന്ന് യുഡിഎഫ് പറയുന്നു. വികസന പ്രവര്‍ത്തനങ്ങളുടെ അമരക്കാരനായി ഉമ്മന്‍ചാണ്ടിയെ പുതുപ്പള്ളിയിലെ ജനങ്ങള്‍ വീണ്ടും തിരഞ്ഞെടുക്കുമെന്ന് യുഡിഎഫ് വിശ്വസിക്കുന്നു.
ജനസമ്പര്‍ക്ക പരിപാടികളുടെ വിജയത്തിലൂടെ നേടിയ മൈലേജുമായാണ് ഇത്തവണ ഉമ്മന്‍ചാണ്ടിയുടെ പോരാട്ടം. റോഡുകളുടെയും പാലങ്ങളുടെയും നിര്‍മാണത്തില്‍ സര്‍വകാല റെക്കോഡ് ഉണ്ടായെന്നാണ് യുഡിഎഫ് പക്ഷം. ഉമ്മന്‍ചാണ്ടി നടത്തുന്ന ജനക്ഷേമ പ്രവര്‍ത്തനങ്ങളുടെ പിന്‍ബലത്തില്‍ ജയത്തെക്കുറിച്ച് ആശങ്ക വേണ്ടെന്നു മാത്രമല്ല ഭൂരിപക്ഷമുയരുമെന്നും നേതാക്കള്‍ പറയുന്നു. കാരുണ്യ പദ്ധതിയിലൂടെ നടപ്പാക്കിയ ചികില്‍സാ സഹായം, അരി സൗജന്യമാക്കിയത് തുടങ്ങി ഉമ്മന്‍ചാണ്ടി നടപ്പാക്കിയ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തിന് കൂടുതല്‍ ജനങ്ങളുടെ പിന്തുണ നേടിക്കൊടുത്തുവെന്ന് യുഡിഎഫ് പ്രവര്‍ത്തകര്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.
എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റായ ജെയ്ക്ക് സി തോമസാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ജോര്‍ജ് കുര്യന്‍(എന്‍ഡിഎ), ഷിബു പാറക്കടവന്‍ (ബിഎസ്പി), എം വി ചെറിയാന്‍(എസ്‌യുസിഐ) എന്നിവരും മല്‍സരിക്കുന്നു. പരമ്പരാഗത വോട്ടുകളില്‍ ശക്തമായ വിള്ളലുണ്ടാക്കാന്‍ ജെയ്ക് സി തോമസിന്റെ സ്ഥാനാര്‍ഥിത്വത്തിനു കഴിയുമെന്നാണ് ഇടതു മുന്നണിയുടെ വിലയിരുത്തല്‍. ഓര്‍ത്തഡോക്‌സ്, യാക്കോബായ വിഭാഗങ്ങള്‍ക്ക് ഉമ്മന്‍ചാണ്ടിയോടുള്ള എതിര്‍പ്പും ഇടതു മുന്നണിയുടെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നു.
Next Story

RELATED STORIES

Share it