മുഖ്യമന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണ മൂലം: റെയില്‍വേ

തിരുവനന്തപുരം: റെയില്‍വേ കോച്ചുകളുടെ കാലപ്പഴക്കത്തെ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണ മൂലമെന്നു തിരുവനന്തപുരം റെയില്‍വേ ഡിവിഷനല്‍ മാനേജര്‍ സുനില്‍ ബാജ്‌പേയി. കോച്ചുകള്‍ മികച്ച നിലവാരത്തിലുള്ളതാണെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കോച്ചുകളുടെ കാലപ്പഴക്കം സംബന്ധിച്ച് എല്ലാവരും മുന്‍ധാരണയോടു കൂടിയാണ് അഭിപ്രായം പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സതേണ്‍ റെയില്‍വേ തിരുവനന്തപുരം ഡിവഷനില്‍ സ്വകാര്യ പങ്കാളിത്തത്തോടെ വികസനപ്രവര്‍ത്തനങ്ങള്‍ തുടങ്ങുമെന്ന് സുനില്‍ ബാജ്‌പേയി അറിയിച്ചു.
സ്വകാര്യ ആശുപത്രികളുടെ സഹകരണത്തോടെ അടിയന്തര വൈദ്യസഹായ ബൂത്തുകള്‍ ഒരുക്കാനാണ് റെയില്‍വേ പദ്ധതിയിടുന്നത്. തിരുവനന്തപുരം സെന്‍ട്രലിലും എറണാകുളം ജങ്ഷനിലും തൃശൂരും നാഗര്‍കോവിലും സംവിധാനം ആദ്യം നിലവില്‍ വരും. യാത്രക്കാര്‍ക്ക് പണം കൊടുത്ത് ഉപയോഗിക്കാവുന്ന പെയ്ഡ് വെയ്റ്റിങ് ഹാളും സ്വകാര്യ പങ്കാളിത്തത്തോടെ നിര്‍മിക്കും. എല്‍ഇഡി ട്രെയിന്‍ ഇന്‍ഫര്‍മേഷന്‍ സംവിധാനം രണ്ടു മാസത്തിനുള്ളില്‍ നടപ്പാക്കും.
കുടുംബശ്രീയുടെ സഹകരണത്തോടെ നടപ്പാക്കിയ പാര്‍ക്കിങ് സംവിധാനം മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കും. എല്ലാ പ്രധാനപ്പെട്ട സ്റ്റേഷനുകളിലേയും കാറ്ററിങ് യൂനിറ്റുകളും പുനപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. എ, ബി ക്ലാസുകളിലെ റിഫ്രഷ്‌മെന്റ് മുറികളുടെ ടെന്‍ഡര്‍ നടപടികള്‍ നടക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
പ്രധാനപ്പെട്ട സ്റ്റേഷനുകളില്‍ ടിക്കറ്റ് ബുക്കിങ് കൗണ്ടറുകളുടെ എണ്ണം 10 ആയി ഉയര്‍ത്തി. 19 സ്റ്റേഷനുകളില്‍ ഓട്ടോമാറ്റിക്ക് ടിക്കറ്റ് വെന്‍ഡിങ് മെഷീനുകളും സ്ഥാപിച്ചു. സ്വച്ഛ് ഭാരത് സ്വച്ഛ് റെയില്‍ പദ്ധതിയില്‍ വിവിധ സ്റ്റേഷനുകളില്‍ പൂന്തോട്ടങ്ങള്‍ വച്ചു പിടിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it