Flash News

മുഖ്യമന്ത്രിയുടെ പരാമര്‍ശം; പ്രതിഷേധവുമായി പ്രതിപക്ഷ എംഎല്‍എമാര്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരേ പ്രതിപക്ഷ എംഎല്‍എമാര്‍ രംഗത്ത്. പിണറായി വിജയന്‍ നിയമസഭയില്‍ നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ സഭാ സാമാജികര്‍ക്കെല്ലാം നാണക്കേടുണ്ടാക്കിയെന്നു പ്രതിപക്ഷ ഉപനേതാവ് ഡോ. എം കെ മുനീര്‍.
ഇന്നലെ 'തീവ്രവാദികള്‍' എന്നു വിളിച്ച മുഖ്യമന്ത്രി, ഇന്ന് 'ഭീകരവാദികള്‍' എന്നുവിളിച്ചും ഭീകരവാദബന്ധം ആരോപിച്ചും ഒരുപടി കൂടി കടത്തിപ്പറഞ്ഞു. മതേതര ജനാധിപത്യത്തിന്റെ വക്താക്കളായ സഭാ സാമാജികരായ പ്രതിപക്ഷാംഗങ്ങള്‍ക്ക് ആ പരാമര്‍ശം ചേരില്ല.
മുഖ്യമന്ത്രി വായില്‍തോന്നിയത് വിളിച്ചുപറഞ്ഞാല്‍ അത് പ്രതിപക്ഷം കേട്ടുനില്‍ക്കണോയെന്നും അദ്ദേഹം ചോദിച്ചു. തീവ്രവാദികള്‍ എന്നു പറയുമ്പോഴും അവരുടെ സഹായവും പിന്തുണയും പലഘട്ടത്തിലും ഉപയോഗിച്ചിട്ടുള്ള പിണറായി വിജയനാണു പ്രതിപക്ഷത്തെ ആക്ഷേപിക്കുന്നത്. മലയാളഭാഷ അറിയാത്തവരല്ല പ്രതിപക്ഷത്തെ അംഗങ്ങളെന്നും കേരളത്തില്‍ മതധ്രുവീകരണം ഉണ്ടാക്കാനാണ് ഇടതുപക്ഷത്തിന്റെ ശ്രമമെന്നും മുനീര്‍ പറഞ്ഞു. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിലുണ്ടായ വിജയത്തിന്റെ ധാര്‍ഷ്ട്യമാണ് ഓരോ ദിവസവും മുഖ്യമന്ത്രി നിയമസഭയില്‍ പ്രകടിപ്പിക്കുന്നതെന്ന് അനൂപ് ജേക്കബ് എംഎല്‍എ. മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യം നിറഞ്ഞ മനോഭാവമാണ് തീവ്രവാദ പരാമര്‍ശങ്ങളിലൂടെ പുറത്തുവരുന്നത്. ആലുവയില്‍ തീവ്രവാദികളുണ്ടെങ്കില്‍ അതു കണ്ടുപിടിക്കേണ്ടതു പോലിസിന്റെ ഉത്തരവാദിത്തമാണ്. അക്കാര്യത്തിലും പോലിസിന് വീഴ്ച പറ്റിയെന്നാണോ മുഖ്യമന്ത്രി പറയുന്നത്. വിഷയത്തെ വഴിതിരിച്ചുവിടാനായി പ്രതിപക്ഷത്തെ ആക്ഷേപിക്കുന്ന മുഖ്യമന്ത്രിയുടെ നടപടിക്കു ജനങ്ങള്‍ തിരിച്ചടി നല്‍കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സര്‍ക്കാരിന്റെയും പോലിസിന്റെയും പ്രവര്‍ത്തനങ്ങളിലെ വീഴ്ച നിയമസഭയില്‍ ചൂണ്ടിക്കാണിക്കുന്ന പ്രതിപക്ഷത്തെ അടിച്ചമര്‍ത്താനാണു മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമിക്കുന്നതെന്ന് പി ടി തോമസ് എംഎല്‍എ. ആലുവയിലുണ്ടായ പോലിസിന്റെ കൊടുംക്രൂരതയാണ് അന്‍വര്‍ സാദത്ത് സഭയില്‍ ഉന്നയിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it