മുഖ്യമന്ത്രിക്ക് ക്ലീന്‍ചിറ്റ് നല്‍കിയതില്‍ ലോകായുക്തയ്ക്ക് അതൃപ്തി

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരേ ലോകായുക്തയിലോ ഉപലോകായുക്തയിലോ കേസുകളൊന്നും നിലവിലില്ലെന്ന് ക്ലീന്‍ചിറ്റ് നല്‍കിയ ഉപലോകായുക്താ നടപടിയില്‍ ലോകായുക്ത ജസ്റ്റിസ് പയസ് സി കുര്യാക്കോസിന് അതൃപ്തി. താന്‍ വിദേശത്തായിരുന്ന സമയത്താണ് ഇതുസംബന്ധിച്ച വാര്‍ത്ത വന്നതെന്നും അറിയാത്ത കാര്യങ്ങള്‍ക്ക് പഴികേട്ടത് മുജ്ജന്മപാപം കാരണമാവാമെന്നും ലോകായുക്ത പറഞ്ഞു. താന്‍ പരിഗണിക്കുന്ന കേസുകളില്‍ ഉപലോകായുക്ത അഭിപ്രായം പറഞ്ഞത് അനുചിതമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും ആരോഗ്യമന്ത്രി വി എസ് ശിവകുമാറിനും എതിരേയുള്ള കേസ് പരിഗണിക്കുന്നതിനിടെയാണ് ഉപലോകായുക്തയുടെ പരാമര്‍ശത്തെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട് ലോകായുക്ത ജസ്റ്റിസ് പയസ് സി കുര്യാക്കോസ് അഭിപ്രായപ്രകടനം നടത്തിയത്. ഹൈക്കോടതി ഉത്തരവിനു വിരുദ്ധമായി ഒരു കെപിസിസി അംഗത്തിന്റെ മകള്‍ക്ക് ആര്‍സിസിയില്‍ പുനര്‍നിയമനം ന ല്‍കിയ കേസ് പരിഗണിക്കുന്നതിനിടയിലാണ് ലോകായുക്തയുടെ പരാമര്‍ശം.
വിവരാവകാശ നിയമപ്രകാരം പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനു നല്‍കിയ മറുപടിയില്‍ മുഖ്യമന്ത്രിക്കും 18 മന്ത്രിമാര്‍ക്കുമെതിരേ 45 കേസുകള്‍ ഉണ്ടെന്ന് സംസ്ഥാന ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ പറഞ്ഞിരുന്നു. ഇതിനെതിരേ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സമര്‍പ്പിച്ച പരാതിയിലായിരുന്നു മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ക്ലീ ന്‍ചിറ്റ് നല്‍കിക്കൊണ്ടുള്ള ഉപലോകായുക്തയുടെ ഉത്തരവ്.
ഇവിടെ നിലവിലുള്ള കേസുകളില്‍ ഒന്നില്‍പോലും സെക്ഷന്‍ 14 പ്രകാരം ഡിക്ലറേഷന്‍ സമര്‍പ്പിക്കുകയോ സെക്ഷന്‍ 15 പ്രകാരം വിചാരണയ്ക്ക് ഉത്തരവിടുകയോ ചെയ്തിട്ടില്ല. ഈ സാഹചര്യത്തില്‍ പ്രതിഭാഗത്തുള്ളവരെ ഒരുവിധത്തിലും കളങ്കിതരായി കാണാനാവില്ലെന്നായിരുന്നു ഉപലോകായുക്തയുടെ പരാമര്‍ശം. ഇത് വലിയ വിവാദത്തിനു വഴിവച്ചിരുന്നു. പാറ്റൂര്‍ കേസിലും ലോകായുക്തയും ഉപലോകായുക്തയും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങള്‍ പുറത്തുവന്നിരുന്നു.
Next Story

RELATED STORIES

Share it