kozhikode local

മുക്കം മിനി സിവില്‍ സ്റ്റേഷന്‍ പ്രവര്‍ത്തനം തുടങ്ങുന്നു

മുക്കം: 22 മാസത്തെകാത്തിരിപ്പിനും പ്രതിഷേധങ്ങള്‍ക്കുമൊടുവില്‍ മുക്കം അഗസ്ത്യന്‍ മുഴിയിലെ മിനി സിവില്‍ സ്റ്റേഷന്‍  പ്രവര്‍ത്തന സജ്ജമാകുന്നു.  കൃഷി ഓഫീസാണ് ആദ്യം മിനി സിവില്‍ സ്റ്റേഷനിലേക്ക് മാറ്റുക.  3 കോടി 10 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച സിവില്‍ സ്‌റ്റേഷന്‍  2016 ഫെബ്രുവരി 23നാണ് അന്നത്തെറവന്യു മന്ത്രി അടൂര്‍ പ്രകാശ് ഉദ്ഘാടനം ചെയ്തത്.  എന്നാല്‍ നാളിതുവരെ  മിനി സിവില്‍ സ്‌റ്റേഷന്‍ പ്രവര്‍ത്തനം തുടങ്ങിയിരുന്നില്ല. മുക്കത്തെ വാടക കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അര ഡസനോളം സര്‍ക്കാര്‍ ഓഫീസുകള്‍ ഒരു കുടക്കീഴിലാക്കുക എന്ന ലക്ഷ്യത്തോടെ നിര്‍മ്മിച്ച മിനി സിവില്‍ സ്‌റ്റേഷനും , പരിസരവും സ്വകാര്യ വാഹനങ്ങളുടെ പാര്‍ക്കിംഗ് കേന്ദ്രമായി മാറിയിരിക്കുകയാണ്.കൃഷി ഓഫീസ് മാറ്റുന്നതുമായി ബന്ധപ്പെട്ട സ്വാഗത സംഘം രൂപീകരണ യോഗം 16 ന്  മുക്കം ഇ എം.എസ് ഓഡിറ്റോറിയത്തില്‍ ചേരും. അതേ സമയം മാസങ്ങളായി ലക്ഷങ്ങള്‍ വാടക നല്‍കി സ്വകാര്യ കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന, ഉപജില്ല വിദ്യാഭാസ ഓഫീസ്, സബ് റജിസ്റ്റര്‍ ഓഫീസ്, സബ് ട്രഷറി എന്നിവ മാറ്റാന്‍ നടപടിയെടുക്കാതെ നഗരസഭാ കെട്ടിടത്തില്‍  പ്രവര്‍ത്തിച്ചു വരുന്ന കൃഷി ഓഫീസ് ആദ്യം മാറ്റുന്നത് വിമര്‍ശനമുയര്‍ത്തിയിട്ടുണ്ട്.   എ ഇ ഒ ഓഫീസ് 8300  രൂപയും സബ്ട്രഷറി 12000 രൂപയും സബ് റജിസ്റ്റര്‍ ഓഫീസ്  2800 രൂപയും വാടക നല്‍കിയാണ് ഓരോ മാസവും പ്രവര്‍ത്തിക്കുന്നത്. കൃഷി വകുപ്പ് കൈകാര്യം ചെയ്യുന്ന സി.പി.ഐയുടെ കനത്ത സമ്മര്‍ദ്ദമാണ് കൃഷി ഓഫീസെങ്കിലും മാറ്റുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്. മുക്കത്തെ  ചില കെട്ടിട ഉടമകളും സര്‍ക്കാരിലെ മുഖ്യ കക്ഷിയും തമ്മിലുള്ള ഒത്തുകളിയുടെയും, സിവില്‍ സ്‌റ്റേഷന്‍ സ്ഥാപിക്കുന്ന സ്ഥലത്തെ ചൊല്ലി മുന്‍പ് നടന്ന തര്‍ക്കത്തില്‍ പരാജയപ്പെട്ട ജനപ്രതിനിധിയുടെ ‘കുറുമ്പും’ സ്ഥാപനം പൂര്‍ണമായി  പ്രവര്‍ത്തനം തുടങ്ങുന്നതിന് ഇപ്പോഴും വിലങ്ങുതടിയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് മുക്കത്തിന് അനുവദിച്ച മിനി സിവില്‍ സ്‌റ്റേഷന്‍ ആസ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കം മൂലം ഏറെ വൈകിയാണ് നിര്‍മ്മാണ പ്രവൃത്തി തന്നെ തുടങ്ങിയിരുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പേ തന്നെ അഗസ്ത്യന്‍ മുഴിയിലെ 1.38 ഏക്കര്‍ റവന്യുഭൂമിയില്‍ സിവില്‍ സ്റ്റഷന്‍ നിര്‍മ്മിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഇത് തത്വത്തില്‍ എല്ലാവരും അംഗീകരിച്ച നിര്‍ദ്ദേശവുമായിരുന്നു. എന്നാല്‍ കെട്ടിട നിര്‍മ്മാണത്തിന് അന്നത്തെ വി.എസ്.സര്‍ക്കാര്‍ തുക അനുവദിച്ചതോടെ  മുക്കത്തെ വില്ലേജ് പരിസരത്തെ  24 സെന്റ് സ്ഥലത്തെ റവന്യൂ ഭൂമിയില്‍ നിര്‍മ്മിക്കണമെന്ന ആവശ്യവുമായി  സി.പി.എമ്മും ,ഒരു വിഭാഗം കെട്ടിട ഉടമകളും, രംഗത്തിറങ്ങി. മുന്‍ ധാരണപ്രകാരം അഗസ്ത്യന്‍ മുഴിയിലെ 1.38 ഏക്കര്‍ റവന്യു ഭൂമിയില്‍  നിര്‍മ്മിക്കണമെന്ന് സി.പി.ഐയും, ഇതര പാര്‍ട്ടികളും, നിലപാടെടുത്തു. ഇതോടെ സ്ഥാപനം നഷ്ടപ്പെടുമെന്ന ഘട്ടം വന്നപ്പോള്‍ ,അന്ന് വകുപ്പ് കൈകാര്യം ചെയ്തിരുന്ന സി.പി.ഐ ഇടപെട്ട് മന്ത്രിയില്‍ സമ്മര്‍ദ്ദം ചെലുത്തി   അഗസ്ത്യന്‍ മുഴിയിലെ റവന്യുഭൂമിയില്‍ നിര്‍മ്മിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it