മുംബൈയില്‍ കനത്ത മഴ; അഞ്ചു മരണം

മുംബൈ: കനത്ത മഴയെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ മുംബൈയില്‍ അഞ്ചുപേര്‍ മരിച്ചു. മഴയെ തുടര്‍ന്ന് റോഡ്, റെയില്‍ ഗതാഗതം തടസ്സപ്പെട്ടിരിക്കയാണ്. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് മുംബൈയില്‍ മഴ ശക്തമായത്. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി.
തെക്കന്‍ മുംബൈയിലെ ഫാഷന്‍ സ്ട്രീറ്റില്‍ മരം വീണ് രണ്ടുപേരും മലാദില്‍ മാന്‍ഹോളില്‍ വീണ് 18കാരനും മരിച്ചു. താനെയിലെ ഉല്‍ഹാനഗറില്‍ മതില്‍ ഇടിഞ്ഞുവീണാണ് 15കാരനായ കിരണ്‍ ഗയ്‌വാത്ത് മരിച്ചത്. മരിച്ച മറ്റൊരാളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. അന്ധേരി, ഖര്‍, മലാദ് പ്രദേശങ്ങളിലെ സബ്‌വേകള്‍ വെള്ളം മൂടിക്കിടക്കുകയാണ്. ഇതിനിടെ, കിഴക്കന്‍ വഡാലയില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന്റെ ഭിത്തി ഇടിഞ്ഞുവീണ് താഴെ നിര്‍ത്തിയിട്ടിരുന്ന 15 കാറുകള്‍ തകര്‍ന്നു. സംഭവത്തില്‍ ആളപായമൊന്നും റിപോര്‍ട്ട് ചെയ്തിട്ടിട്ടില്ലെന്ന് പോലിസ് അറിയിച്ചു.
ഞായറാഴ്ച റെക്കോഡ് മഴയാണ് (110.80 എംഎം) മുംബൈയില്‍ പെയ്തത്. സാന്താക്രൂസ് മേഖലയിലാണ് ഏറ്റവും കൂടുതല്‍ മഴ പെയ്തതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നഗരത്തില്‍ പല ഭാഗത്തും വെള്ളം കെട്ടിക്കിടക്കുകയാണ്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയത് ജനജീവിതത്തെ ഏറെ ബാധിച്ചിട്ടുണ്ട്. ചെമ്പൂര്‍ നഗരം വെള്ളത്തിലായി. ജൂണ്‍ 22 മുതല്‍ 28 വരെ മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it