Kottayam Local

മീസില്‍സ് റൂബെല്ല : ജില്ലയില്‍ 86 ശതമാനം കുട്ടികള്‍ക്കും വാക്‌സിനേഷന്‍ നല്‍കി



കോട്ടയം: ഒക്ടോബര്‍ മൂന്നിന് സംസ്ഥാനത്താരംഭിച്ച മീസില്‍സ് റൂബെല്ല വാക്‌സിനേഷനില്‍ ജില്ലയില്‍ 86.17 ശതമാനം കുട്ടികള്‍ക്കും കുത്തിവയ്പ്പ് നല്‍കിയതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ജേക്കബ് വര്‍ഗീസ് അറിയിച്ചു. 3.64 ലക്ഷം കുട്ടികള്‍ക്ക് കുത്തിവയ്പ്പ് നല്‍കാന്‍ ലക്ഷ്യമിട്ട പരിപാടിയില്‍ ഇന്നലെ വരെ 3.14 ലക്ഷം കുട്ടികള്‍ക്ക് കുത്തിവയ്പ്പ് നല്‍കി. ഇനി 50,379 കുട്ടികള്‍ക്കുകൂടി കുത്തിവയ്പ്പ് നല്‍കാനുണ്ട്. കുത്തിവയ്പ്പിന്റെ കാര്യത്തില്‍ സംസ്ഥാന തലത്തില്‍ ജില്ലയ്ക്ക് മൂന്നാം സ്ഥാനമാണ്. അഞ്ചാംപനിക്കും റുബെല്ലയ്ക്കും കാരണമായ രണ്ടു വൈറസുകളെ ഉന്‍മൂലനം ചെയ്യുന്നതിന് ഒമ്പതു മാസം മുതല്‍ 15 വയസ്സുവരെയുള്ള എല്ലാ കുട്ടികള്‍ക്കും കുത്തിവയ്പ്പ് നല്‍കേണ്ടതുണ്ട്. വാക്‌സിനെതിരായി സാമൂഹിക മാധ്യമങ്ങളില്‍ നടത്തിയ വ്യാജ പ്രചാരണങ്ങള്‍ ജനങ്ങള്‍ തള്ളിക്കളഞ്ഞതായും വസൂരി, പോളിയോ എന്നിവയ്ക്കുശേഷം രണ്ടു രോഗാണുക്കള്‍കൂടി ഉന്‍മൂലനം ചെയ്യാനാവുമെന്നും ഡിഎംഒ അറിയിച്ചു. ജില്ലയിലെ ആയിരത്തിലധികം സ്‌കൂളുകള്‍, അങ്കണവാടികള്‍ എന്നിവയില്‍ നിന്ന് നല്ല സഹകരണമാണ് കഴിഞ്ഞ ഒരുമാസം ലഭിച്ചതെന്നും ഡിഎംഒ അറിയിച്ചു. ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിലൊഴികെ ജില്ലയില്‍ എല്ലായിടങ്ങളിലും 80 ശതമാനത്തിലധികം കുട്ടികള്‍ക്കും കുത്തിവയ്പ്പ് നല്‍കിക്കഴിഞ്ഞു. വരുംദിവസങ്ങളില്‍ അങ്കണവാടികളിലും കുടുംബക്ഷേമ കേന്ദ്രങ്ങളിലും നടക്കുന്ന കുത്തിവയ്പ്പുകളിലൂടെ മുഴുവന്‍ കുട്ടികള്‍ക്കും കുത്തിവയ്പ്പ് നല്‍കാനാവുമെന്നാണു പ്രതീക്ഷയെന്ന് ഡിഎംഒ അറിയിച്ചു. സ്‌കൂളുകളില്‍ കുത്തിവയ്‌പ്പെടുക്കാന്‍ കഴിയാത്ത കുട്ടികള്‍ അവരുടെ വീടിന്റെ പരിസരത്തു നടക്കുന്ന ക്യാംപുകളിലോ, ബുധനാഴ്ചകളിലും ശനിയാഴ്ചകളിലും സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലും തിരഞ്ഞെടുത്ത സ്വകാര്യാശുപത്രികളിലും നടക്കുന്ന ക്ലിനിക്കുകളിലോ എത്തി കുത്തിവയ്പ്പ് എടുക്കേണ്ടതാണ്. കുത്തിവയ്‌പ്പെടുത്ത കുട്ടികള്‍ക്കൊന്നും ഗൗരവതരമായ ഒരു അസ്വസ്ഥതകളോ പാര്‍ശ്വഫലങ്ങളോ ഉണ്ടായിട്ടില്ല. എല്ലാ ക്യാംപുകളിലും ഡോക്ടര്‍ പരിശോധിച്ച ശേഷമേ കുട്ടികള്‍ക്കു കുത്തിവയ്പ്പിന് നിര്‍ദേശം നല്‍കൂവെന്നതിനാല്‍ ചെറിയ ആരോഗ്യ പ്രശ്‌നങ്ങള്‍, അലര്‍ജി എന്നിവ മൂലം കുത്തിവയ്‌പ്പെടുക്കാതിരിക്കുന്നവര്‍ ക്യാംപുകളിലെത്തി കുട്ടികള്‍ക്കു കുത്തിവയ്പ്പ് നല്‍കണമെന്ന് ഡിഎംഒ അറിയിച്ചു.
Next Story

RELATED STORIES

Share it