മീന്‍തുള്ളിപ്പാറയില്‍ മീന്‍പുളച്ചിലായി കയാക്കിങ് മല്‍സരം

ആബിദ്
കോഴിക്കോട്: മലവെള്ളപ്പാച്ചില്‍ കണക്കെ രൗദ്രഭാവം പൂണ്ട് കുത്തിയൊലിച്ചെത്തുന്ന കുറ്റിയാടിപ്പുഴയുടെ അലകളില്‍ ഒഴുക്കിനെതിരേ തുഴയെറിഞ്ഞു കയാക്ക് കൊണ്ട് വിസ്മയം തീര്‍ത്ത് അന്താരാഷ്ട്ര കയാക്കിങ് മല്‍സരത്തിന് ആവേശോജ്ജ്വല തുടക്കം. മീന്‍തുള്ളിപ്പാറയിലെ ശക്തമായ അലകളില്‍ കയാക്കിലിരുന്ന് ഒഴുക്കിനെതിരേ തുഴഞ്ഞ് മീനുകളെപ്പോലെ അവര്‍ അനായാസം കുത്തിമറിഞ്ഞപ്പോള്‍ കാണികളും ആവേശത്തിരയിലലിഞ്ഞു.
ആറാമത് മലബാര്‍ റിവര്‍ ഫെസ്റ്റിവലിലെയും അന്താരാഷ്ട്ര വൈറ്റ് വാട്ടര്‍ കയാക്കിങ് ചാംപ്യന്‍ഷിപ്പിലെയും ഫ്രീ സ്‌റ്റൈല്‍ മല്‍സരങ്ങളാണ് ഇന്നലെ മീന്‍തുള്ളിപ്പാറയില്‍ നടന്നത്. ആസ്‌ത്രേലിയ, കാനഡ, ചിലി, ഡെന്‍മാര്‍ക്ക്, ഫ്രാന്‍സ്, ഐസ്‌ലാന്‍ഡ്, ഇന്തോനീസ്യ, ഇറ്റലി, നേപ്പാള്‍, നെതര്‍ലന്‍ഡ്‌സ്, ന്യൂസിലന്‍ഡ്, സിംഗപ്പൂര്‍, സ്‌പെയിന്‍, യുഎസ്എ, യുകെ തുടങ്ങി വിദേശ രാജ്യങ്ങളില്‍ നിന്നുള്ള അഞ്ചു വനിതകള്‍ ഉള്‍പ്പെടെ 35 പേരാണ് മല്‍സരത്തില്‍ മാറ്റുരച്ചത്. ഇതില്‍ രണ്ടു പേര്‍ മലയാളികളാണ്.
ജില്ലാ പഞ്ചായത്ത് അംഗം എ കെ ബാലന്‍ ഇറ്റാലിയന്‍ കയാക്കര്‍ ജെകോപോള്‍ നെര്‍ദോരയ്ക്ക് തുഴ കൈമാറി മല്‍സരങ്ങള്‍ക്ക് തുടക്കം കുറിച്ചു. ഇന്നു പുലിക്കയത്താണ് ഇന്റര്‍മീഡിയറ്റ് മല്‍സരങ്ങള്‍. 20നും 21നും ആനക്കാംപൊയിലില്‍ സ്ലാലൊം, ബോട്ടര്‍ ക്രോസ്, ഡൗണ്‍ റിവര്‍ മല്‍സരങ്ങളും 22നു പുലിക്കയത്ത് ഇന്റര്‍മീഡിയറ്റ് ഫൈനലും അരിപ്പാറയില്‍ സൂപ്പര്‍ ഫൈനലും നടക്കും.
Next Story

RELATED STORIES

Share it