Flash News

'മിഷനറീസ് ഓഫ് ജീസസ്് മദര്‍ ജനറാളും കൗണ്‍സിലറും കള്ളം പറയുന്നതില്‍ പിഎച്ച്്ഡി എടുത്തവര്‍'

കൊച്ചി: മിഷനറീസ് ഓഫ് ജീസസ് എന്ന സന്ന്യാസിനി സഭ തങ്ങള്‍ക്കെതിരേ പച്ചക്കള്ളമാണു പ്രചരിപ്പിക്കുന്നതെന്ന് കന്യാസ്ത്രീയെ പീഡിപ്പിച്ച ബിഷപ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി ജങ്ഷനില്‍ സമരം നടത്തുന്ന കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. മദര്‍ജനറാളും കൗണ്‍സിലറും കള്ളം പറയുന്നതില്‍ പിഎച്ച്ഡി എടുത്തിരിക്കുകയാണെന്ന് അവര്‍ പരിഹസിച്ചു.€
ബിഷപ് ഫ്രാങ്കോയുടെ പിണിയാളുകളായിട്ടാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. ഫ്രാങ്കോ പറയുന്നതനുസരിച്ച് അവര്‍ കളിക്കുന്നു. മിഷനറീസ് ഓഫ് ജീസസിന്റെ അന്വേഷണ റിപോര്‍ട്ട് തങ്ങള്‍ തള്ളിക്കളയുന്നുവെന്നും കന്യാസ്ത്രീകള്‍ പറഞ്ഞു. പീഡനത്തിനിരയായ കന്യാസ്ത്രീ ബിഷപ്പുമൊത്ത് ഇരിക്കുന്നതിന്റെ ചിത്രം പ്രചരിപ്പിച്ചവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കും. സമരത്തിന് യുക്തിവാദികളടക്കമുള്ളവരുടെ പിന്തുണയുണ്ടെന്നും ആരൊക്കെയോ ഫണ്ട് ചെയ്യുന്നുണ്ടെന്നും പ്രചരിപ്പിക്കുന്നുണ്ടല്ലോയെന്ന ചോദ്യത്തിന് മിഷനറീസ് ഓഫ് ജീസസ് നേതൃത്വം വന്ന് അന്വേഷിക്കട്ടെയെന്നായിരുന്നു മറുപടി.
തങ്ങള്‍ ഇട്ടിരിക്കുന്ന വസ്ത്രമല്ലാതെ മറ്റൊന്നും സ്വന്തമായി കൈയില്‍ ഇല്ല. ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലാണ് തങ്ങള്‍ക്കു പിന്തുണയുമായി ആദ്യം മുന്നോട്ടുവന്നത്. പിന്നീട് സമരസമിതിയായി മാറുകയായിരുന്നു. കത്തോലിക്കാ വിശ്വാസികള്‍ തന്നെയാണ് ഈ സമരസമിതിയില്‍ ഉള്ളത്. അല്ലാതെ യുക്തിവാദികളാരും ഇല്ല. സമരം തുടങ്ങിയശേഷം പലതരത്തിലുള്ള പ്രസ്താവനകളിലൂടെ തങ്ങളെ ഭീഷണിപ്പെടുത്തുന്നുണ്ട്. ജീവന് ഭീഷണിയൊന്നും ഇതുവരെയുണ്ടായിട്ടില്ല. സമരം തുടങ്ങിയശേഷം ആരും സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ല. പക്ഷേ, അതിനു മുമ്പ് ശ്രമിച്ചിരുന്നു. മിഷനറീസ് ഓഫ് ജീസസില്‍ നിന്നു നിരവധിപേര്‍ തങ്ങളെ പിന്തുണയ്ക്കാന്‍ ത യ്യാറാണ്. പക്ഷേ, മദര്‍ ജനറാളും കൗണ്‍സിലറും അവരെ അടിച്ചമര്‍ത്തിവച്ചിരിക്കുകയാണ്.
സമരം തുടങ്ങിയശേഷം കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയോ മറ്റേതെങ്കിലും മെത്രാന്‍മാരോ തങ്ങളെ സമീപിച്ചിട്ടില്ല. തങ്ങള്‍ സഭയ്‌ക്കെതിരല്ല. കോടതിയില്‍ തങ്ങള്‍ക്കു വിശ്വാസമുണ്ട്. എന്നാല്‍, സര്‍ക്കാരിലും അന്വേഷണസംഘത്തിലും ഇപ്പോള്‍ തങ്ങള്‍ക്ക് വിശ്വാസമില്ല. കോടതി നീതി നടത്തിതരുമെന്നാണ് വിശ്വസിക്കുന്നത്. മൊഴികളിലെ വൈരുധ്യം സംബന്ധിച്ച് കോടതി പറഞ്ഞിട്ടുണ്ടല്ലോയെന്ന ചോദ്യത്തിന് കോടതിയുടെ വിധിയെ തങ്ങള്‍ തള്ളിപ്പറയുന്നില്ലെന്നായിരുന്നു കന്യാസ്ത്രീകളുടെ മറുപടി. അന്വേഷണസംഘം ആദ്യം റിപോര്‍ട്ട് നല്‍കിയപ്പോള്‍ ഫ്രാങ്കോയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നാണ് പറഞ്ഞിരുന്നത്. അന്വേഷണസംഘം അവരുടെ മേലധികാരികള്‍ക്കു വഴങ്ങി ഫ്രാങ്കോയെ അറസ്റ്റ് ചെയ്യാന്‍ തയ്യാറാവുന്നില്ല. സഭയുടെ പിന്തുണ ഫ്രാങ്കോയ്ക്കുണ്ട്.
19ന് ഹാജരാവുന്ന ബിഷപ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യുമെന്ന് തങ്ങള്‍ക്കു പ്രതീക്ഷയില്ല. പോലിസ് ഏതു രീതിയിലാണ് കേസ് ഇനി അട്ടിമറിക്കാ ന്‍പോവുന്നതെന്നും തങ്ങ ള്‍ക്കറിയില്ല. എന്തു വിലകൊടുക്കേണ്ടിവന്നാലും ശരി ഇനി പിന്നോട്ടില്ല. ഫ്രാങ്കോയുടെ അറസ്റ്റ് ഉണ്ടാവുന്നതു വരെ സമരവുമായി ശക്തമായിത്തന്നെ മുന്നോട്ടുപോവുമെന്നും കന്യാസ്ത്രീകള്‍ പറഞ്ഞു.

Next Story

RELATED STORIES

Share it