Pravasi

മിനാ അപകടം: സൗദിയുടെ നടപടി തൃപ്തികരം- കേന്ദ്ര മന്ത്രി

മിനാ അപകടം: സൗദിയുടെ നടപടി തൃപ്തികരം- കേന്ദ്ര മന്ത്രി
X
saudi



കബീര്‍ കൊണ്ടോട്ടി
ജിദ്ദ: മസ്ജിദുല്‍ ഹറാമിലുണ്ടായ ക്രെയിന്‍ അപകടം, ഹജ്ജ് കര്‍മങ്ങള്‍ക്കിടെ മിനായിലുണ്ടായ ദുരന്തം എന്നിവയുമായി ബന്ധപ്പെട്ട് സൗദി അധികൃതര്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ തൃപ്തികരമാണെന്ന് ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി വി കെ സിങ്. സൗദി ആരോഗ്യ മന്ത്രി ഖാലിദ് അല്‍ഫാലിഹുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ജിദ്ദ കോണ്‍സുലേറ്റില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ മുഴുവന്‍ വിഭാഗങ്ങളും പരിക്കേറ്റവരെ പരിചരിക്കുന്നതിനുവേണ്ടി പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ചികില്‍സയില്‍ കഴിയുന്ന മുഴുവന്‍ ഇന്ത്യക്കാര്‍ക്കും മികച്ച ആരോഗ്യ സേവനങ്ങളാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരമുള്ള ആശുപത്രികളാണ് സൗദിയിലുള്ളതെന്നും ജിദ്ദ കിങ് അബ്ദുല്ല മെഡിക്കല്‍ കോംപ്ലക്‌സ് സന്ദര്‍ശിച്ച മന്ത്രി വി കെ സിങ് അഭിപ്രായപ്പെട്ടു.

മിനാ ദുരന്തത്തില്‍ പരിക്കേറ്റ നാല് ഇന്ത്യക്കാര്‍ ഈ ആശുപത്രിയില്‍ ചികില്‍സയിലാണ്. മിനായില്‍ തിക്കിലും തിരക്കിലും പെട്ട് ജീവഹാനി സംഭവിച്ച ഇന്ത്യക്കാരുടെയും ചികില്‍സയില്‍ കഴിയുന്നവരുടെയും വിവരങ്ങള്‍ മന്ത്രി വി കെ സിങ് ചോദിച്ചറിഞ്ഞു. ക്രെയിന്‍ അപകടത്തില്‍ 13 ഇന്ത്യക്കാരാണ് മരിച്ചത്.

മിനാ ദുരന്തത്തില്‍ 77 ഇന്ത്യക്കാര്‍ മരിക്കുകയും 27 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 59 ഇന്ത്യക്കാരെ കാണാതായിട്ടുണ്ട്. ഇനിയും കണ്ടെത്താനുള്ളവര്‍ ദുരന്തത്തില്‍ മരിച്ചിട്ടുണ്ടാവുമെന്നാണ് വിശ്വസിക്കുന്നതെന്ന് ഒരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിനായി ഫോട്ടോ, വിരലടയാളം, ഡി.എന്‍.എ ടെസ്റ്റ് തുടങ്ങിയ നടപടിക്രമങ്ങള്‍ സൗദി അധികൃതര്‍ നടത്തിവരുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിന് സൗദി അധികൃതരില്‍ നിന്ന് കൃതൃമായി ലഭിച്ചുവരുന്നു. കാണാതായവരുടെ ബന്ധുക്കള്‍ സൗദിയില്‍ ഇല്ലെങ്കില്‍ അവര്‍ക്ക് ഇവിടെ എത്താനുള്ള വിസാ നടപടികള്‍ എളുപ്പമാക്കും.

ദുരന്ത കാരണം എന്തായിരുന്നുവെന്ന് അന്വേഷണം പൂര്‍ത്തിയായ ശേഷമേ വ്യക്തമാവുകയുള്ളൂ. അപകടത്തില്‍ പെട്ടവര്‍ക്ക് സൗദി ഗവണ്‍മെന്റ് നഷ്ടപരിഹാരം നല്‍കുമോയെന്ന് അന്വേഷണത്തിന് ശേഷമാണ് തീരുമാനിക്കുക. ഇന്ത്യയില്‍ നിന്ന് ഹജ്ജിനെത്തിയ മുഴുവന്‍ പേര്‍ക്കും ഇന്‍ഷുറന്‍സ് തുക ലഭ്യമാക്കും.

ഇന്ത്യന്‍ ഹജ്ജ് മിഷന്റെ പ്രവര്‍ത്തനങ്ങളിലും അദ്ദേഹം സംതൃപ്തി രേഖപ്പെടുത്തി.യമനിലെ ഹൂഥികളുടെ ആക്രണത്തില്‍ ഇന്ത്യക്കാര്‍ കൊല്ലപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. സംഘര്‍ഷബാധിത പ്രദേശങ്ങളില്‍നിന്ന് വിട്ടുപോരാന്‍ പൗരന്‍മാരോട് ഇന്ത്യ നേരത്തെ ആവശ്യപ്പെട്ടിരുന്നതായും മന്ത്രി വി കെ സിങ് കൂട്ടിച്ചേര്‍ത്തു. വാര്‍ത്താ സമ്മേളനത്തില്‍ കോണ്‍സല്‍ ജനറല്‍ ബി എസ് മുബാറക്ക്, ഹജ്ജ് കോണ്‍സല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ഷെയ്ഖ് എന്നിവരും സംബന്ധിച്ചു.
Next Story

RELATED STORIES

Share it