Flash News

മിഥില മോഹന്‍ വധം : രണ്ടും മൂന്നും പ്രതികളെ തിരിച്ചറിയാനായിട്ടില്ലെന്ന് ക്രൈംബ്രാഞ്ച്‌



കൊച്ചി: മിഥില മോഹന്‍ വധക്കേസിലെ രണ്ട്, മൂന്നു പ്രതികളെ വ്യക്തമായി തിരിച്ചറിയാനായിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചു. കേസിലെ ഒന്നാം പ്രതി സന്തോഷ്‌കുമാറില്‍ നിന്ന് തമിഴ്‌നാട് നഗരപട്ടണം വേദാരണ്യം സ്വദേശികളായ മൂന്നു, നാല് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചെങ്കിലും അന്വേഷണത്തില്‍ വ്യക്തമായ വിവരം ലഭിച്ചില്ലെന്നാണ് പോലിസ് അറിയിച്ചിരിക്കുന്നത്. കേസ് സിബിഐക്കു കൈമാറണമെന്നാവശ്യപ്പെട്ട് മിഥിലാ മോഹന്റെ മകന്‍ എം മനേഷ് നല്‍കിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. ഒന്നാംപ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ രേഖാചിത്രം തമിഴ്‌നാട്, കര്‍ണാടക, പോണ്ടിച്ചേരി സംസ്ഥാനങ്ങള്‍ക്ക് കൈമാറിയതായി ക്രൈംബ്രാഞ്ചിന്റെ സത്യവാങ്മൂലം പറയുന്നു. ഇവരെ തിരിച്ചറിയാനായി തമിഴ്‌നാട്ടിലെ 23 ജില്ലാ ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുമായി ബന്ധപ്പെട്ടു. തമിഴ്‌നാട് നാമക്കല്‍ സ്വദേശിയും മറ്റൊരു കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുകയും ചെയ്യുന്ന മതിവണന്‍ എന്നയാളെ ചോദ്യം ചെയ്തു. ഒന്നാംപ്രതിയായ സന്തോഷ്‌കുമാറിന്റെയും രണ്ടാംപ്രതിയായ ദിണ്ടിഗല്‍ പാണ്ഡ്യന്റെയും കേസിലെ പങ്ക് അന്വേഷണത്തില്‍ വ്യക്തമായി. മൂന്നാംപ്രതിയെക്കുറിച്ചും നാലാം പ്രതിയെക്കുറിച്ചും അറിയുന്ന ദിണ്ടിഗല്‍ പാണ്ഡ്യന്‍ പോലിസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. അന്വേഷണം നിശ്ചിത സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും സത്യവാങ്മൂലം പറയുന്നു. 2006 ഏപ്രില്‍ 16നാണ് വെണ്ണലയിലെ വസതിയില്‍ മിഥില മോഹന്‍ വെടിയേറ്റു മരിച്ചത്.
Next Story

RELATED STORIES

Share it