kozhikode local

മിഠായിത്തെരുവ് സൗന്ദര്യവല്‍ക്കരണം : ആദ്യഘട്ടം ആരംഭിച്ചു; ഇലക്ട്രിക് പോസ്റ്റ് നടുറോഡില്‍ സ്ഥാപിച്ചത് ദുരിതമായി



കോഴിക്കോട്: മിഠായിത്തെരുവ് സൗന്ദര്യവല്‍ക്കരണ പദ്ധതിയുടെ ആദ്യഘട്ട പ്രവൃത്തി ആരംഭിച്ചു. ഡ്രെയിനേജ് നിര്‍മാണവും ബിഎസ്എന്‍എല്‍, വൈദ്യുതി  വയറുകള്‍ ഭൂമിക്കടിയില്‍ സ്ഥാപിക്കുന്ന പ്രവൃത്തിയുമാണ് ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതിന്റെ മുന്നോടിയായി ഇലക്ട്രിക് പോസ്റ്റുകള്‍ നടുറോഡിലേക്ക് മാറ്റി സ്ഥാപിച്ചത് പ്രയാസം സൃഷ്ടിച്ചിട്ടുണ്ട്. ഇലക്ട്രിക് പോസ്റ്റുകള്‍ പൂര്‍ണമായും ഒഴിവാക്കി വൈദ്യുതി വയറുകള്‍ ഭൂമിക്കടിയില്‍ സ്ഥാപിക്കുന്നതിനുള്ള നടപടിയുടെ ഭാഗമായാണ് പോസ്റ്റുകള്‍ നടുറോഡിലേക്ക് മാറ്റിയത്. നിലവിലെ വൈദ്യുതി വിതരണ സംവിധാനം താല്‍ക്കാലികമായി അതിലേക്ക് മാറ്റുകയാണ് ലക്ഷ്യം. ഒരുമാസത്തോളം നീണ്ടുനില്‍ക്കുന്ന പ്രവൃത്തികള്‍ക്കിടെ വെദ്യുതി തടസ്സം ഉണ്ടാവാതിരിക്കാനാണ് ഇങ്ങിനെ ചെയ്തത്. ഭൂമിക്കടിയിലൂടെ വൈദ്യുതി ലൈന്‍ സ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിക്കുന്നത് വരെ ഇത് നടുറോഡില്‍ തുടരും. തീപ്പിടിത്തമുള്‍പ്പെടെയുള്ള അനിഷ്ട സംഭവങ്ങളുണ്ടാവുമ്പോള്‍ ഫയര്‍ഫോഴ്‌സിന് പോലും കടന്നു വരാന്‍ ഇത് പ്രയാസം സൃഷ്ടിക്കുമെന്ന് പരാതിയുണ്ട്.ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന പദ്ധതിയുടെ പ്രവൃത്തി ഏറ്റെടുത്തിരിക്കുന്നത് ഊരാളുങ്കല്‍ ലേബര്‍ കോട്രാക്ട് സൊസൈറ്റിയാണ്. റെയില്‍വേ സ്‌റ്റേഷന്‍ ജങ്ഷന്‍ മുതല്‍ എസ്‌കെ പൊറ്റക്കാട് പ്രതിമ വരെയുള്ള 50 മീറ്റര്‍ ഭാഗത്താണ് ആദ്യഘട്ടത്തില്‍ നവീകരണ പ്രവൃത്തികള്‍ നടത്തുക. എട്ട് ഘട്ടങ്ങളായി പ്രവൃത്തി പൂര്‍ത്തീകരിക്കും. റോഡിന്റെ ഇരുവശങ്ങളിലുമായി ഒരു മീറ്റര്‍ വീതം വീതിയില്‍ കോണ്‍ക്രീറ്റ് ഡ്രെയിനേജുകള്‍ക്ക് മുകളില്‍ സെമി പോളീഷ്ഡ് ഗ്രാനൈറ്റ് ഇടും. പദ്ധതിയുടെ ഭാഗമായുള്ള നിര്‍മാണ പ്രവൃത്തികളെല്ലാം കച്ചവടക്കാര്‍ക്ക് ബുദ്ധമുട്ടില്ലാത്ത തരത്തില്‍ പൂര്‍ത്തീകരിക്കുമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. തെരുവിന്റെ സുരക്ഷിതത്വം കൂടി കണക്കിലെടുത്തുകൊണ്ടുള്ള സൗന്ദര്യവല്‍ക്കരണമാണ് നടത്തുന്നത്. 3.64 കോടി രൂപയാണ് പദ്ധതിക്കായി ചെലവഴിക്കുന്നത്.
Next Story

RELATED STORIES

Share it