kozhikode local

മിഠായിത്തെരുവ്: വ്യാപാരികള്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു

കോഴിക്കോട്: മിഠായിത്തെരുവ് വാണിജ്യ കേന്ദ്രത്തെ സംരക്ഷിക്കുക, വാഹന ഗതാഗതം അനുവദിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് വ്യാപാരി വ്യാവസായി സമിതിയുടെ നേതൃത്വത്തില്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. പൈതൃക സംരക്ഷണത്തിന്റെ ഭാഗമായി മിഠായിത്തെരുവിലൂടെയുള്ള വാഹന ഗതാഗതം നിരോധിച്ചതില്‍ പ്രതിഷേധിച്ചാണ് നിരാഹാര സമരം. രാജ്യം പൊതുവില്‍ വ്യാപാര മാന്ദ്യത്തിലൂടെ കടന്നുപോവുന്ന സമയത്ത് തെറ്റായ പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്ന് പ്രദേശത്തെ വ്യാപാരികളെ കൂടുതല്‍ പ്രയാസത്തിലേക്കു തള്ളിവിടരുതെന്ന് സമരം ഉദ്ഘാടനം ചെയ്ത വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡന്റ് വി കെ സി മമ്മദ് കോയ എംഎല്‍എ പറഞ്ഞു.
മിഠായിത്തെരുവിലൂടെ വാഹനങ്ങള്‍ കടന്നുപോവുന്നതിന് നിരോധനമേര്‍പ്പെടുത്തിയാലും ആളുകള്‍ കാല്‍നടയായി സാധനങ്ങള്‍ വാങ്ങിക്കാനെത്തുമെന്നാണ് വ്യാപാരികളടക്കമുള്ളവര്‍ കരുതിയത്. എന്നാല്‍ പുതിയ പരിഷ്‌കരണം വ്യാപാരികള്‍ക്ക് വലിയ രീതിയലുള്ള കച്ചവട നഷ്ടമാണ് വരുത്തിയിരിക്കുന്നതെന്നും നിയന്ത്രണ വിധേയമായിട്ടെങ്കിലും വാഹന ഗാതാഗതം അനുവദിക്കാന്‍ ജില്ലാ ഭരണകൂടം തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആരുടെയും ജീവിതമാര്‍ഗം നശിപ്പിച്ചുകൊണ്ടല്ല പരിഷ്‌കാരങ്ങള്‍ കൊണ്ടുവരേണ്ടതെന്ന് സമരത്തിന് ആശംസകളര്‍പ്പിച്ചു സംസാരിച്ച ചേമ്പര്‍ ഓഫ് കൊമേഴ്‌സ് പ്രതിനിധി ഡോ. ഷെരീഫ് റഷീദ് പറഞ്ഞു. സമരത്തിന് ചേമ്പര്‍ ഒഫ് കൊമേഴ്‌സ് എല്ലാ പിന്തുണയും നല്‍കുന്നതായും സമരം വിജയിക്കുന്നതുവരെ വ്യവസായികള്‍ക്കൊപ്പം നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
വ്യാപാരി വ്യാവസായി സമിതി ജില്ലാ സെക്രട്ടറി സി കെ വിജയന്‍, ജില്ലാ പ്രവര്‍ത്തക സമിതിയംഗം നിസാര്‍, മിഠായിത്തെരുവ് യൂനിറ്റ് സെക്രട്ടറി അനില്‍കുമാര്‍ എന്നിവരാണ് നിരാഹാരമനുഷ്ഠിക്കുന്നത്. സമരത്തോടനുബന്ധിച്ച് മിഠായിത്തെരുവിലൂടെ വ്യാപാരികളുടെ നേതൃത്വത്തില്‍ പ്രകടനവും നടത്തി.
ഇഖ്ബാല്‍, രാജേഷ് കുഞ്ഞപ്പന്‍, ഭക്തവല്‍സന്‍, വിജി പെണ്‍കൂട്ട്, നവീന്ദ്രന്‍, സുധീഷ് പാട്ടുകൂട്ടം, ഷൈജു, സാഹിദ്, ഗഫൂര്‍ രാജധാനി, രാജഗോപാല്‍, മേച്ചേരി ബാബുരാജ്, കബീര്‍ സലാല, പ്രദീപ്കുമാര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it