kozhikode local

മിഠായിത്തെരുവില്‍ ആറു കടകളില്‍ മോഷണശ്രമം

കോഴിക്കോട്: മിഠായിത്തെരുവില്‍ മൊയ്തീന്‍പള്ളി റോഡിലെ ബേബി മാര്‍ക്കറ്റിലെ ആറ് കടകളില്‍ മോഷണ ശ്രമം. മറ്റൊരുകടയില്‍ നിന്നും കാല്‍ ലക്ഷം രൂപ നഷ്ടപ്പെട്ടു. കടയുടെ പൂട്ടുകള്‍ തകര്‍ത്താണ് മോഷണം നടന്നത്. രാവിലെ പൂട്ട് തകര്‍ത്ത നിലയില്‍ കണ്ടതിനെ തുടര്‍ന്ന് മാര്‍ക്കറ്റ് വൃത്തിയാക്കാനെത്തിയ ജീവനക്കാരാണ് പോലീസില്‍ വിവരമറിയിച്ചത്.
പുതുതായി തുറന്ന മിഠായി കട ഷഫീര്‍ ട്രേഡേഴ്‌സില്‍ നിന്ന് 25,730 രൂപയാണ് നഷ്ടപ്പെട്ടത്. കടയുടെ ഷട്ടര്‍ പൂര്‍ണമായും മുകളിലേക്ക് ഉയര്‍ത്തിയ നിലയിലായിരുന്നു. ഈ കടയുടെ ഭാഗത്തേക്കുള്ള സിസിടിവി കാമറ സ്ഥാനം മാറ്റിയതായും കണ്ടെത്തിയിട്ടുണ്ട്. സമീപത്തുള്ള ന്യൂ സ്‌റ്റൈല്‍, അപ്‌സര ഏജന്‍സി ആന്‍ഡ് എന്റര്‍ പ്രൈസസ്, ഐഡിയ പ്ലാസ്റ്റിക്‌സ്,  ബി കെ ടൈംസ്, ജിയോ ടൈലേഴ്‌സ്, കെവിന്‍ ആര്‍ക്കേഡ് എന്നിവിടങ്ങളില്‍ മോഷണം ശ്രമം നടന്നിട്ടുണ്ട്. എന്നാല്‍ ഇവിടെ നിന്നും സാധനങ്ങള്‍ നഷ്ടമായിട്ടില്ല. വെള്ളിയാഴ്ച രാത്രിയാണ് മോഷണ ശ്രമം നടന്നതെന്ന് പോലീസ് അറിയിച്ചു.
സിസിടിവി തകരാറിലാക്കിയ ശേഷമാണ് മോഷണ ശ്രമം നടത്തിയത്. ഉടമകളെ വിളിച്ചുവരുത്തി പോലീസ് സാനിധ്യത്തിലാണ് പരിശോധന നടത്തിയത്. പൂട്ട് കമ്പിപ്പാരകൊണ്ട് തകര്‍ത്താണ് മോഷണം നടത്തിയത്. ടൗണ്‍പോലീസും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. മണം പിടിച്ച നായ കേരളഭവന്‍ ലോഡ്ജിനു സമീപം വരെ എത്തി നിന്നു. പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പോലീസ് അറിയിച്ചു. മാര്‍ക്കറ്റിന് അഞ്ച് ഗേറ്റുകളാണുള്ളത്.
ഇതില്‍ നാലെണ്ണം പൂട്ടിയതിന് ശേഷം അഞ്ചാമത്തേത് പോര്‍ട്ടര്‍മാര്‍ക്ക് സാധനങ്ങളിറക്കാനുള്ള സൗകര്യത്തിന് തുറന്നുവെക്കാറായിരുന്നു പതിവ്. രാത്രി പത്തരയ്ക്കാണ് കട പൂട്ടി അവസാനത്തെ വ്യാപാരിയും പോയത്. അതിന് ശേഷമായിരിക്കും മോഷണം നടന്നതെന്ന് വ്യാപാരികള്‍ പറഞ്ഞു. പ്രതികളെ പിടികൂടാന്‍ ഊര്‍ജ്ജിത അന്വേഷണം നടക്കുന്നതായി പോലീസ് അറിയിച്ചു.
Next Story

RELATED STORIES

Share it