Kollam Local

മിച്ചഭൂമിക്ക് കൈമാറ്റ സാധൂകരണ പത്രിക ഒമ്പതിന് വിതരണം ചെയ്യും

കുളത്തൂപ്പുഴ/കൊല്ലം: സ്വന്തം ഭൂമിയില്‍ അന്യരായി കഴിയുന്ന റോസ്മല നിവാസികളുടെ സ്വപന സാക്ഷാത്കരിക്കുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് കൈമാറ്റം ചെയ്തു കിട്ടിയ ഭൂമിയുടെ അവകാശം സാധൂകരിച്ച് നല്‍കി ഇവര്‍ക്ക് പത്രിക കൈമാറും. മറ്റെങ്ങും ഭൂമിയില്ലാത്തവരും ഒരേക്കര്‍ വരെ ഭൂമികൈവശമുള്ള റോസ്മലയില്‍ താമസക്കാരായ കുടുംബങ്ങള്‍ക്കാണ് പത്രികനല്‍കുന്നത്. കുളത്തൂപ്പുഴ വില്ലേജില്‍ ഉള്‍പ്പെട്ട പ്രദേശമാണെങ്കിലും അന്‍പത് കിലേമീറ്റര്‍ ചുറ്റി സംസ്ഥാന അതിര്‍ത്തിയായ ആര്യങ്കാവില്‍ എത്തിയെങ്കില്‍ മാത്രമെ റോസ്മലയില്‍ എത്തിപ്പെടാന്‍ കഴിയൂ. മൂന്ന് വശം ചെങ്കുത്തായ മലനിരകളും ഒരുവശം തെന്മല അണകെട്ടിന്റെ വൃഷ്ടി പ്രദേശവുമായാണ് അതിര്‍ത്തി. കാല്‍ നൂറ്റാണ്ട് മുമ്പ് തെന്മല അണക്കെട്ട് നിര്‍മിച്ചതോടെയാണ് റോസ്മല കുളത്തൂപ്പുഴയില്‍ നിന്നും ഭൂമിശാസ്ത്രപരമായി വേര്‍പെട്ടത്. എന്നാല്‍ ആര്യങ്കാവ് പഞ്ചായത്ത് തൊട്ടടുത്തായി ഉണ്ടെങ്കിലും എല്ലാക്കാര്യത്തിനും ഇപ്പോഴും കുളത്തൂപ്പുഴയെ ആശ്രയിക്കേണ്ടുന്ന ഗതികേടിലാണ് റോസ്മലക്കാര്‍. കൈവശ ഭൂമിക്ക് പട്ടയം എന്നത് വര്‍ഷങ്ങളായുള്ള ഇവരുടെ ആഗ്രഹമായിരുന്നു. ഇതാണ് ഇപ്പോള്‍ പൂവണിയുന്നത്. റോസ്മല മിച്ചഭൂമിയില്‍ ഒരു സെന്റ് മുതല്‍ ഒരേക്കര്‍വരെ ഭൂമി കൈവശമുള്ള സ്ഥിരതാമസക്കാരായ 165 കുടുംബങ്ങള്‍ക്ക് ഭൂമി കൈമാറ്റം സാധൂകരിച്ച ഔദേ്യാഗിക രേഖ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം വനം-വന്യജീവി മന്ത്രി കെ രാജു നിര്‍വഹിക്കും. ഒമ്പതിന് രാവിലെ 11.30ന് റോസ്മലയില്‍ നടക്കുന്ന പരിപാടിയില്‍ കുളത്തൂപ്പുഴ ഗ്രാമ—പ്പഞ്ചായത്ത് പ്രസിഡന്റ് എസ് നളിനയമ്മ അധ്യക്ഷയാകും.എന്‍ കെ പ്രേമചന്ദ്രന്‍ എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജഗദമ്മ, ആര്യങ്കാവ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അച്ചന്‍കോവില്‍ സുരേഷ്‌കുമാര്‍, തെന്‍മല ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആര്‍ ലൈലജ, ജനപ്രതിനിധികളായ രഞ്ജു സുരേഷ്, കെ ആര്‍ ഷീജ, സാബു എബ്രഹാം, പി സുനിത, വരദാ പ്രസന്നന്‍ പങ്കെടുക്കും.
Next Story

RELATED STORIES

Share it