ernakulam local

മികച്ചതെന്ന് ഭരണപക്ഷം, അധികഭാരം അടിച്ചേല്‍പ്പിക്കുന്നുവെന്ന് പ്രതിപക്ഷം

കൊച്ചി: ഡെപ്യൂട്ടി മേയര്‍ ടി ജെ വിനോദ് കഴിഞ്ഞ ദിവസം അവതരിപ്പിച്ച ബജറ്റിന് വളരുന്ന കൊച്ചിയുടെ എല്ലാ തുടിപ്പുകളും ഒപ്പിയെടുക്കാന്‍ കഴിഞ്ഞതായി ഭരണപക്ഷം. എന്നാല്‍ സാധാരണക്കാരന് മേല്‍ അധികഭാരം അടിച്ചേല്‍പ്പിക്കുന്ന ബജറ്റാണ് പുതിയ ഭരണസമിതിയുടേതെന്ന് പ്രതിപക്ഷം ആരോപിച്ചു.
ടെലിവിഷന്‍ കാണുന്നതിനും മെട്രോയുടെ പരിസരത്ത് ജീവിക്കുന്നതിനും ഒഴിഞ്ഞ പറമ്പുകള്‍ക്കും നികുതി ഏര്‍പ്പെടുത്താനുളള 2016-17 ബഡ്ജറ്റിലെ നിര്‍ദേശത്തെ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ രൂക്ഷമായി വിമര്‍ശിച്ചു. സാമ്പത്തികപ്രതിസന്ധി മറികടക്കുന്നതിനായി ജനങ്ങളുടെ മേല്‍ അധികഭാരം അടിച്ചേല്‍പ്പിക്കാനുളള തീരുമാനം അംഗീകരിക്കാന്‍ കഴിയില്ലെന്ന് അവര്‍ പറഞ്ഞു. കഴിഞ്ഞ ബ—ജറ്റില്‍ അവതരിപ്പിക്കപ്പെട്ട മട്ടാഞ്ചേരി അറവുശാല, തുരുത്തി കോളനി പദ്ധതി, നഗരസഭയുടെ ഓട്ടോ സ്—റ്റാന്റ്, വനിതാ ഹോട്ടല്‍ എന്നിവ ബ—ജറ്റില്‍നിന്ന് അപ്രത്യക്ഷമായതായി പ്രതിപക്ഷ നേതാവ് കെ ജെ ആന്റണി അഭിപ്രായപ്പെട്ടു.
മെട്രോയുടെ 500 മീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവര്‍ക്ക് നികുതി ഏര്‍പ്പെടുത്താനുള്ള നീക്കം അപ്രായോഗികമാണെന്ന് വി പി ചന്ദ്രന്‍ പറഞ്ഞു. ഇത് മെട്രോ—ക്ക് വേണ്ടി ത്യാഗം സഹിച്ച ജനങ്ങളോടുള്ള വെല്ലുവിളിയാണ്. സര്‍വ സാമൂഹികവിരുദ്ധരും തമ്പടിക്കുന്ന ഒഴിഞ്ഞ പറമ്പുകള്‍ക്ക് നികുതി ഏര്‍പ്പെടുത്താനുള്ള തീരുമാനം പ്രതിഷേധാര്‍ഹമാണെന്നും പ്രതിപക്ഷം പറഞ്ഞു. വീട് പണിയുന്നതിനുവേണ്ടി ഒന്നര സെന്റ് സ്ഥലം വാങ്ങിയിട്ട പാവങ്ങളെ ഈ നിയമം വലയ്ക്കുമെന്ന് കൗണ്‍സിലര്‍ പി എസ് പ്രകാശ് ഓര്‍മിപ്പിച്ചു. മൂന്ന് സെന്റില്‍ താഴെയുള്ള സ്ഥലങ്ങളെ നികുതിയില്‍നിന്നൊഴിവാക്കണമെന്ന് ഭരണപക്ഷത്തെ ആന്റണി പറമ്പിത്തറ ആവശ്യപ്പെട്ടു. ഒഴിഞ്ഞുകിടക്കുന്ന പറമ്പുകള്‍ ജൈവകൃഷിക്കായി ഉപയോഗിക്കണമെന്നായിരുന്നു വി പി ചന്ദ്രന്റെ നിര്‍ദേശം.
മൊബൈല്‍ ടവറുകള്‍ക്ക് നികുതി ഏര്‍പ്പെടുത്തുന്നത് അനധികൃത ടവറുകള്‍ക്ക് അംഗീകാരം നല്‍കുന്നതിന് തുല്യമാണ്. നികുതി പിരിച്ചെടുക്കുന്നതില്‍ അങ്ങേയറ്റം അലംഭാവവും വീഴ്ചയും വരുത്തിയ ഭരണസമിതി ഇപ്പോള്‍ വരുമാനം വര്‍ധിപ്പിക്കുന്നതിനെ കുറിച്ച് പഠിക്കാനായി പത്തു ലക്ഷം രൂപ ചെലവില്‍ ഏജന്‍സിയെ നിയമിക്കുന്നതിനെ പ്രതിപക്ഷം ചോദ്യം ചെയ്തു. നികുതി വരുമാനം കൂടുകയും മൂലധന നിക്ഷേപം കുറയുകയും ചെയ്യുന്ന ബ—ജറ്റ് അവ്യക്തവും അനിശ്ചിതത്വം നിറഞ്ഞതുമാണെന്ന് പൂര്‍ണിമ നാരായന്‍ പറഞ്ഞു.
സ്മാര്‍ട്ട് സിറ്റിക്ക് വേണ്ടിയുള്ള തുക എങ്ങനെ കണ്ടെത്തുമെന്ന ആശങ്കയും അവര്‍ പങ്കുവച്ചു. ലൈബ്രറി വികസനത്തിനായി വെറും അഞ്ചു ലക്ഷം രൂപ മാത്രം നീക്കിവച്ചത് ഭാവിതലമുറയോടുള്ള അവഗണനയാണെന്നും അവര്‍ കുറ്റപ്പെടുത്തി. വനിതാമേയറായിട്ടും സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷക്കായി ബ—ജറ്റില്‍ പ്രഖ്യാപനമില്ലെന്നായിരുന്നു എലിസബത്ത് പീറ്ററിന്റെ പരിഭവം.
Next Story

RELATED STORIES

Share it