kannur local

മാഹി പാഴ്‌സല്‍ ഓഫിസില്‍ മരുന്നുകള്‍ കെട്ടിക്കിടക്കുന്നു

മാഹി: സര്‍ക്കാര്‍ ആശുപത്രികള്‍ കടുത്ത മരുന്നുക്ഷാമം നേരിടുമ്പോഴും പുതുച്ചേരിയില്‍ നിന്നെത്തിയ മരുന്നുകള്‍ പാഴ്‌സല്‍ ഓഫിസില്‍ ഒരാഴ്ചയോളമായി കെട്ടിക്കിടക്കുന്നു. ലോറി വാടകയും, മറ്റു ചെലവുകളും ഉള്‍പ്പെടെ 20,000 രൂപയോളം നല്‍കി പാഴ്‌സലുകള്‍ സ്വീകരിക്കാന്‍ മാഹി ആരോഗ്യ വകുപ്പില്‍ ഫണ്ടില്ല. ഇതാണ് കാരണം. ആന്റി ബയോട്ടിക് ഔഷധങ്ങളടക്കം 220 കെയ്‌സ് മരുന്നുകളാണ് പുതുച്ചേരി ഗവ. ഫാര്‍മസിയില്‍നിന്ന് എത്തിയിട്ടുള്ളത്.
മാഹി മേഖലയിലെ ഇഎസ്‌ഐ ആശുപത്രിയടക്കം നാല് സര്‍ക്കാര്‍ ആശുപത്രികളില്‍നിന്നും നിര്‍ധനരോഗികള്‍ക്ക് ഡോക്ടര്‍മാര്‍ പുറത്തേക്ക് മരുന്ന് കുറിച്ചുകൊടുക്കുകയാണ്. പനി ബാധിച്ച് ദിനേന ആശുപത്രികളില്‍ ചികില്‍സ തേടുന്നവരുടെ എണ്ണത്തില്‍ കുറവില്ല. മരുന്ന് കമ്പനിക്കാര്‍ നല്‍കുന്ന സാംപിള്‍ മരുന്നുകളാണ് ചില ഡിസ്‌പെന്‍സറികളില്‍നിന്ന് രോഗികള്‍ക്ക് നല്‍കുന്നത്. നിപാ വൈറസ് ബാധ പ്രതിരോധിക്കാന്‍ പുതുച്ചേരി ആരോഗ്യവകുപ്പ് ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് മാസ്‌കുകളും കൈയുറകളും പ്രതിരോധ കുപ്പായവും ഒരുക്കിവച്ചിട്ടുണ്ടെങ്കിലും മാഹി മേഖലയിലെ ആശുപത്രികളുടെ അവസ്ഥ ശോചനീയമാണ്.
പന്തക്കല്‍ ഗവ. ഡിസ്‌പെന്‍സറിയും പള്ളൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററും ചോര്‍ന്നൊലിക്കുന്നു. ഇഎസ്‌ഐ ആശുപത്രി പ്രവര്‍ത്തിക്കുന്നത് ഗതാഗത സൗകര്യമില്ലാത്ത വാടകവീട്ടിലും.
ഗവ. ജനറല്‍ ആശുപത്രി വളപ്പില്‍ തുരുമ്പിച്ച സര്‍ക്കാര്‍ വാഹനങ്ങള്‍ കൂമ്പാരമായി കിടക്കുകയാണ്. ഇവ ലേലം ചെയ്യാന്‍ ഉത്തരവുണ്ടെങ്കിലും ജിഎസ്ടി തുക കൂടി ഈടാക്കുന്നതിനാല്‍ ആളില്ല.




Next Story

RELATED STORIES

Share it