kannur local

മാഹി- അഴിയൂര്‍ ബൈപാസ് പുനരധിവാസംനഷ്ടപരിഹാരത്തുക വാങ്ങാന്‍ ആളുകള്‍ കുറവ്

മാഹി: നിര്‍ദിഷ്ട അഴിയൂര്‍-മാഹി ബൈപാസ് പദ്ധതിക്കായി വീടും സ്ഥലവും വിട്ടുനല്‍കുന്ന അഴിയൂര്‍ ഭാഗത്തെ ഭൂവുടമകള്‍ക്കുള്ള നഷ്ടപരിഹാരത്തുക വാങ്ങാന്‍ ഗുണഭോക്താക്കള്‍ കുറവ്. കക്കടവ് മുതല്‍ അഴിയൂര്‍ വരെ 2.4 കിലോ മീറ്റര്‍ ദൂരപരിധിയിലെ 150 പേര്‍ക്കാണ് നഷ്ടപരിഹാരത്തിന് അര്‍ഹതയുള്ളത്. ഇതില്‍ തുക കൈപറ്റാന്‍ എത്തിയത് എട്ടുപേര്‍ മാത്രം. ഇവര്‍ക്ക് ഒരുകോടി 29 ലക്ഷം രൂപ സി കെ നാണു എംഎല്‍എ വിതരണം ചെയ്തു. വിപണിവിലയും പുനരധിവാസവും നല്‍കാതെയുള്ള നടപടിയില്‍ പ്രതിഷേധിച്ച് അഴിയൂര്‍ ബൈപാസ് കര്‍മസമിതി ചടങ്ങ് ബഹിഷ്‌കരിച്ചു. അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാന്‍ പരിപാടി നടന്ന കൊപ്ര ഭവന്‍ പരിസരത്ത് വന്‍ പോലിസ് സന്നാഹം നിലയുറപ്പിച്ചിരുന്നു. സ്‌പെഷ്യല്‍ ഡെപ്യൂട്ടി കലക്ടര്‍ വി ആര്‍ മോഹനന്‍ പിള്ള അധ്യക്ഷത വഹിച്ചു. തഹസില്‍ദാര്‍ പി കെ സതീഷ് കുമാര്‍, സ്‌പെഷ്യല്‍ തഹസില്‍ദാര്‍ വി എന്‍ ദിനേശ് കുമാര്‍, ടി കെ ആനന്ദ്കുമാര്‍ സംസാരിച്ചു. മുഴുവന്‍ ഭൂവുടമകളെയും പങ്കെടുപ്പിച്ച് നഷ്ടപരിഹാരത്തുക വിതരണം ചെയ്യുമെന്ന റവന്യൂ അധികൃതരുടെ വാദം പൊളിഞ്ഞതായി ബൈപാസ് കര്‍മസമിതി ആരോപിച്ചു. ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ പ്രക്ഷോഭം ശക്തമാക്കാനും യോഗം തീരുമാനിച്ചു.
Next Story

RELATED STORIES

Share it