Flash News

മാവോവാദി വേട്ട : ഒരുമിച്ചുള്ള പ്രവര്‍ത്തനം വേണമെന്ന് രാജ്‌നാഥ്‌



ന്യൂഡല്‍ഹി: മാവോവാദി വിരുദ്ധ നടപടികള്‍ ശക്തമാക്കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. മാവോവാദി സ്വാധീന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെയും ഉന്നത പോലിസ് ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് മന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. മാവോവാദികള്‍ക്കെതിരേ പോരാടുന്ന സുരക്ഷാ സൈനികരുടെ ക്യാംപുകളില്‍ വൈദ്യുതിയും മൊബൈല്‍ ഫോണുമടക്കമുള്ള സൗകര്യങ്ങള്‍ ഉറപ്പാക്കുമെന്നും സമ്മര്‍ദമില്ലാതെ പ്രവര്‍ത്തിക്കാനുള്ള സൗകര്യമൊരുക്കണമെന്നും മന്ത്രി പറഞ്ഞു. മാവോവാദി വിഷയത്തില്‍ സ്ഥിരം പരിഹാരമാണ് ആവശ്യം. ഇതിനായി തന്ത്രപരമായതും ഒത്തൊരുമിച്ചു പോവുന്നതുമായ നീക്കത്തിനായി സംസ്ഥാനങ്ങളുടെ സഹകരണം വേണം. മാവോവാദികള്‍ക്കെതിരായ നടപടികള്‍ പരിഷ്‌കരിക്കുന്നതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ കൊല്‍ക്കത്തയില്‍ സിആര്‍പിഎഫ് മധ്യമേഖലാ കേന്ദ്രം ഛത്തീസ്ഗഡിലെ റായ്പൂരിലേക്ക് മാറ്റിയിട്ടുണ്ട്. കഴിഞ്ഞ മാസം 24നുണ്ടായ സുക്മ ആക്രമണത്തിനു ശേഷം മധ്യമേഖലാ ആസ്ഥാനം ഛത്തീസ്ഗഡിലേക്ക് അടിയന്തരമായി മാറ്റാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തോട് സിആര്‍പിഎഫ് ശുപാര്‍ശ ചെയ്തിരുന്നു. നക്്‌സല്‍ പ്രശ്‌നത്തിന് പരിഹാരമായി എളുപ്പമാര്‍ഗങ്ങളൊന്നുമില്ല. ഹ്രസ്വകാല, ഇടക്കാല, ദീര്‍ഘകാല പരിഹാരമാര്‍ഗങ്ങളാണ് ഇതിനായി കണ്ടെത്തേണ്ടത്. അവരുടെ സാമ്പത്തിക സ്രോതസ്സുകള്‍ തടയുക എന്നത് ഇതില്‍ പ്രധാനമായി കാണണം. സാമ്പത്തിക സ്രോതസ്സുകള്‍ എല്ലാ യുദ്ധങ്ങളിലും പ്രധാനപ്പെട്ട പങ്കുവഹിക്കുന്നുണ്ട്. പണം ലഭിച്ചാല്‍ മാത്രമേ ഭക്ഷണമടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ക്കും ആയുധങ്ങളും വെടിക്കോപ്പുകളുമടക്കമുള്ള യുദ്ധോപകരണങ്ങള്‍ ലഭ്യമാക്കുന്നതിനും പര്യാപ്തമാവാന്‍ സാധിക്കൂ. അതിനാല്‍, സാമ്പത്തിക സ്രോതസ്സുകള്‍ തടയണം- സിങ് പറഞ്ഞു. സംസ്ഥാനങ്ങളും കേന്ദ്രവും ചേര്‍ന്ന് ഒരുമിച്ച് നീങ്ങിയാലേ ഇടത് തീവ്രവാദങ്ങളെ നേരിടാന്‍ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.  മാവോവാദി വിരുദ്ധ നീക്കങ്ങളുടെ ഭാഗമായി നയങ്ങള്‍ ആക്രമണോല്‍സുകമാവേണ്ടതുണ്ട്. പ്രതിരോധത്തില്‍ മാത്രമായ പ്രവര്‍ത്തനം കൊണ്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. മികവാര്‍ന്ന നേതൃത്വം നല്‍കുക, ആക്രമണോല്‍സുകമായ നയം ആവിഷ്‌കരിക്കുക, പ്രചോദനവും പരിശീലനവും നല്‍കുക, വികസന സൂചകങ്ങള്‍ മെച്ചപ്പെടുത്തുക, സാങ്കേതിക സൗകര്യങ്ങല്‍ മെച്ചപ്പെടുത്തുക തുടങ്ങിയ തന്ത്രങ്ങളില്‍ അടിസ്ഥാനമായ നടപടികള്‍ സമാധാന്‍ എന്ന പേരില്‍ ആവിഷ്‌കരിക്കാനും യോഗത്തില്‍ തീരുമാനമായി. മാവോവാദി സ്വാധീനമുള്ള ഏഴു സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ക്കായാണ് യോഗം വിളിച്ചുചേര്‍ത്തത്. എന്നാല്‍, പശ്ചിമബംഗാള്‍, തെലങ്കാന, ആന്ധ്ര മുഖ്യമന്ത്രിമാരായ മമതാ ബാനര്‍ജി, കെ ചന്ദ്രശേഖര്‍ റാവു, എന്‍ ചന്ദ്രബാബു നായിഡു എന്നിവര്‍ യോഗത്തില്‍ ഹാജരായില്ല.
Next Story

RELATED STORIES

Share it