thrissur local

മാളയിലെ നിരീക്ഷണ കാമറകള്‍ മിഴിതുറക്കുന്നു

മാള: മാളയിലെ നിരീക്ഷണ കാമറകള്‍ വീണ്ടും മിഴിതുറക്കുന്നു. ടൗണിലെയും പരിസര പ്രദേശങ്ങളിലെയും മിഴിയടച്ച നിരീക്ഷണ കാമറകള്‍ അറ്റകുറ്റപ്പണി നടത്തി പ്രവര്‍ത്തന ക്ഷമമാക്കാന്‍ പോലിസിന്റെ ഭാഗത്ത് നിന്ന് നടപടികള്‍ ആരംഭിച്ചു. അറ്റകുറ്റപ്പണികള്‍ക്ക് ആവശ്യമായ തുക കണക്കാക്കി എസ്റ്റിമേറ്റ് തയ്യാറാക്കി ജില്ലാ പോലിസ് മേധാവിക്ക് കൈമാറും. മുന്‍പ് രൂപീകരിച്ച ജനസുരക്ഷ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വകാര്യ  പങ്കാളിത്തത്തോടെ നടപ്പിലാക്കാനുള്ള പദ്ധതിയാണുള്ളതെന്ന് അധികൃതര്‍ പറഞ്ഞു. ടൗണിലും പരിസര പ്രദേശങ്ങളിലുമായി വ്യാപാര  സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചുള്ള മോഷണം വ്യാപകമായതോടെയാണ് നടപടിയുമായി പോലിസ് മുന്നിട്ടിറങ്ങിയത്. പോലിസ് സ്‌റ്റേഷന് തൊട്ടടുത്തുള്ള വ്യാപാര സ്ഥാപനങ്ങളില്‍ നിന്നുപോലും പട്ടാപകല്‍ മോഷണം നടന്നിരുന്നു. നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുന്നതിനായി ജില്ലയില്‍ 1.1 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതില്‍ മാളയിലെ കാമറകള്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനും പുതിയത് സ്ഥാപിക്കുന്നതിനുമായി ആറ്‌ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. സ്വകാര്യ  കേബിള്‍ ടി വി സംരഭകരുടെ സഹകരണത്തോടെയാണ് കാമറകള്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നത്. 2013 ല്‍ അന്നത്തെ സര്‍ക്കിള്‍ ഇന്‍സ്‌പെക്റ്റര്‍ ആയിരുന്ന മനോജ്കുമാര്‍ ചെയര്‍മാനായി രൂപീകരിച്ച ജനസുരക്ഷ കമ്മിറ്റി മുന്‍കൈയെടുത്താണ് മാള ടൗണില്‍ 12 നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചത്. എല്ലാ ടൗണുകളിലും കാമറകള്‍ സ്ഥാപിക്കണമെന്ന ഉന്നതതല നിര്‍ദേശമാണ് കമ്മിറ്റി രൂപീകരണത്തിലേക്ക് നയിച്ചത്. യുദ്ധകാലാടിസ്ഥാനത്തിലാണ് കാമറകള്‍ സ്ഥാപിക്കുന്നതിനായി പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. എന്നാല്‍ ഉദ്ഘാടനം ഉടന്‍ വേണമെന്ന് നിര്‍ദേശം വന്നതോടെ കാമറകളും അനുബന്ധ സംവിധാനങ്ങളും വേണ്ട രീതിയില്‍  സ്ഥാപിക്കുന്നതിന് സമയം ലഭിച്ചില്ല. ഉദ്ഘാടനം കഴിഞ്ഞ് എല്ലാം ശരിയാക്കാം എന്ന നിലപാടാണ് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായത്. പിന്നീട്  കാമറകളുടെ പ്രവര്‍ത്തനത്തിലെ തകരാറുകള്‍ പരിഹരിക്കുന്നതിനായി നടപടികള്‍ ഉണ്ടായില്ല. അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന രമേഷ് ചെന്നിത്തലയാണ് ഉദ്ഘാടനം നടത്തിയത്. ഭൂരിഭാഗം കാമറകളും അധികം വൈകാതെ മിഴിയടച്ചു. 12 കാമറകളില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് മൂന്നെണ്ണം മാത്രമാണ് ഒരുവിധത്തിലെങ്കിലും പ്രവര്‍ത്തിക്കുന്നത്. അറ്റകുറ്റപ്പണികള്‍ക്ക് ആളെ കിട്ടാനില്ലെന്നാണ് കാരണമായി പറഞ്ഞിരുന്നത്. മോഷണം ഉള്‍പ്പടെയുള്ള തട്ടിപ്പുകള്‍ മാളയില്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍ അറ്റകുറ്റപ്പണി ഇനിയും നടത്താതിരിക്കുന്നത് വലിയ വിമര്‍ശനത്തിന് കാരണമാകുമെന്ന് കണ്ടാണ് മാള പോലിസ് നടപടികള്‍ ആരംഭിച്ചത്. കാമറകള്‍ സ്ഥാപിച്ചത് കൊണ്ടുമാത്രം കുറ്റകൃത്യങ്ങള്‍ തടയാനാകില്ലെന്നും വഴിവിളക്കുകള്‍ പ്രവര്‍ത്തന ക്ഷമമാക്കുകയും വ്യാപാര സ്ഥാപനങ്ങള്‍ രാത്രി കാലങ്ങളില്‍ കടയുടെ മുന്‍പില്‍ മതിയായ വെളിച്ചം ഒരുക്കുകയും ചെയ്യണമെന്ന് അധികൃതര്‍ ചൂണ്ടികാട്ടുന്നു. സ്വകാര്യ പങ്കാളിത്തത്തോടെ അഷ്ടമിച്ചിറ ഉള്‍പ്പടെയുള്ള പ്രദേശങ്ങളില്‍ കാമറകള്‍ സ്ഥാപിക്കാനും നീക്കം നടക്കുന്നുണ്ട്.
Next Story

RELATED STORIES

Share it