Flash News

മാലിന്യ സംസ്‌കരണം : ടാസ്‌ക് ഫോഴ്‌സ് വീണ്ടും സജീവം



നിഖില്‍ എസ്  ബാലകൃഷ്ണന്‍

കൊച്ചി: മാലിന്യമുക്ത കേരളം ലക്ഷ്യമിട്ട് കഴിഞ്ഞ വര്‍ഷം രൂപീകരിച്ച ടാസ്‌ക് ഫോഴ്‌സ് പ്രവര്‍ത്തനം വീണ്ടും സജീവമാക്കുന്നു. ശുചിത്വ-മാലിന്യ സംസ്‌കരണ കര്‍മപരിപാടിയുടെ ഭാഗമായി സംസ്ഥാനതല പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനാണ് ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചത്. സംസ്ഥാനത്തെ ഫഌറ്റുകളും ഹോട്ടലുകളും കേന്ദ്രീകരിച്ചു പരിശോധന നടത്തുകയായിരുന്നു ടാസ്‌ക് ഫോഴ്‌സിന്റെ ലക്ഷ്യം. എന്നാല്‍, രൂപീകരിച്ചതിനുശേഷം കുറച്ചുകാലം ടാസ്‌ക് ഫോഴ്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായിരുന്നു. പിന്നീട് കഴിഞ്ഞ മാസങ്ങളിലാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാനാരംഭിച്ചത്. മൂന്നു ടീമുകളായി തിരിഞ്ഞാണ് ടാസ്‌ക് ഫോഴ്‌സ് സംസ്ഥാനത്ത് പരിശോധനകള്‍ നടത്തുന്നത്. ആദ്യഘട്ടത്തില്‍ തിരുവനന്തപുരത്തു നടത്തിയ പ്രവര്‍ത്തനങ്ങള്‍ വന്‍വിജയമായിരുന്നു. ടാസ്‌ക് ഫോഴ്‌സിന്റെ അടുത്ത ലക്ഷ്യം കൊച്ചിയാണ്. വരുന്ന ആഴ്ചകളില്‍ തന്നെ കൊച്ചിയില്‍ പരിശോധന ഊര്‍ജിതമാക്കാനാണ് ഉദ്ദേശിക്കുന്നത്. മാലിന്യസംസ്‌കരണ വിഷയത്തില്‍ സംസ്ഥാനത്ത് ഏറ്റവും ബുദ്ധിമുട്ടുകള്‍ നേരിടുന്ന നഗരമെന്ന നിലയില്‍ ടാസ്‌ക് ഫോഴ്‌സിന് കാര്യമായ ജോലികളാണ് കൊച്ചിയില്‍ കാത്തിരിക്കുന്നത്. തുടര്‍ന്ന് തൃശൂര്‍, കോഴിക്കോട് നഗരങ്ങളിലേക്കാണ് ടാസ്‌ക് ഫോഴ്‌സ് നീങ്ങുന്നത്. ഇതിന് കാലതാമസം നേരിടേണ്ടി വരുമെന്നതിനാല്‍ ഫോഴ്‌സ് വിപുലീകരിക്കാനും പദ്ധതിയുണ്ട്.
Next Story

RELATED STORIES

Share it