kozhikode local

മാലിന്യസംഭരണ കേന്ദ്രത്തിനെതിരേ നാട്ടുകാര്‍

പേരാമ്പ്ര: ജില്ലാ പഞ്ചായത്തിന്റെ സീറോ വേസ്റ്റ് പദ്ധതി പ്രകാരം കായണ്ണ ഗ്രാമപ്പഞ്ചായത്തിലെ ലക്ഷം വീട് കോളനിക്കടുത്ത് നിര്‍മിക്കുന്ന മാലിന്യ സംഭരണ കേന്ദ്രത്തിനെതിരേ  പ്രതിഷേധവുമായി പ്രദേശവാസികള്‍ രംഗത്തെത്തി. ഒന്നാം വാര്‍ഡില്‍പെട്ട ലക്ഷം വീട് കോളനിയുടെ തൊട്ടടുത്ത് ഇറിഗേഷന്‍ വകുപ്പിന്റെ അധീനതയിലുള്ള താഴ്ന്ന പ്രദേശത്താണ് മാലിന്യ സംഭരണത്തിനായി കേന്ദ്രം നിര്‍മിക്കാന്‍ ശ്രമിക്കുന്നത്.
കനാലിന്റെ താഴ്ഭാഗത്ത് ഉറവയായി എപ്പോഴും വെളളമുണ്ടാവുകയും താഴ്ന്ന പ്രദേശത്തെ കുടിവെളള സ്രോതസുകളായ കിണറും കുളങ്ങളും മലിനമാകാനും പരിസരവാസികള്‍ക്ക് ദുര്‍ഗന്ധം കാരണം ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാവുന്ന കേന്ദ്രം സ്ഥാപിക്കുന്നത് അനുവദിക്കരുതെന്നാവശ്യപ്പെട്ട് പഞ്ചായത്ത് ഭരണസമിതിക്ക് നാട്ടുകാര്‍ പരാതി നല്‍കി. നാട്ടുകാരുടെ എതിര്‍പ്പ് വകവെക്കാതെ മാലിന്യ സംഭരണ കേന്ദ്രം സ്ഥാപിക്കാനുളള നീക്കം നാട്ടുകാര്‍ കഴിഞ്ഞ ദിവസം തടഞ്ഞതോടെ പഞ്ചായത്ത് പ്രസിഡന്റ് വിളിച്ചു ചേര്‍ത്ത യോഗം തീരുമാനമാവാതെ പിരിഞ്ഞു.
തുടര്‍ന്ന് മാലിന്യ സംഭരണ കേന്ദ്രത്തിനെതിരേ നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു.ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാന്‍ നൂറ് കണക്കിന് പ്രദേശവാസികള്‍ പങ്കെടുത്ത കണ്‍വന്‍ഷന്‍ തീരുമാനിച്ചു.ഭാരവാഹികളായി സദാനന്ദന്‍ കിടാവ് -ചെയര്‍മാന്‍, പി അമ്മദ് വൈസ് -ചെയര്‍മാന്‍, കെ ടി അസീസ് -ജനറല്‍ കണ്‍വീനര്‍, സി കെ അജ്‌നാസ് -കണ്‍വീനര്‍, പി റസാക്ക് -ഖജാഞ്ചി എന്നിവരെ തിരഞ്ഞെടുത്തു. മനുഷ്യാവകാശ കമ്മീഷനും കലക്ടര്‍ക്കും നിവേദനം നല്‍കാന്‍ യോഗം തീരുമാനിച്ചു.
Next Story

RELATED STORIES

Share it