kannur local

മാലിന്യനിര്‍മാര്‍ജനത്തില്‍ മാതൃകയായി ആരാമം പടിയൂര്‍ പദ്ധതി

ഇരിക്കൂര്‍: മാലിന്യരഹിത-പ്ലാസ്റ്റിക് വിമുക്ത പഞ്ചായത്ത് എന്ന ലക്ഷ്യം സാക്ഷാല്‍ക്കരിക്കുന്നതിനായി പടിയൂര്‍-കല്യാട് ഗ്രാമപ്പഞ്ചായത്ത് ആരംഭിച്ച ‘ആരാമം പടിയൂര്‍’ പദ്ധതി വിവിധങ്ങളായ പ്രവര്‍ത്തനങ്ങളാല്‍ ശ്രദ്ധേയമാവുന്നു.
ജില്ലയിലെ ആദ്യത്തെ ഫഌക്‌സ്‌രഹിത പഞ്ചായത്ത് എന്ന നേട്ടമാണ് പദ്ധതിയിലൂടെ പഞ്ചായത്തിന് സ്വന്തമായിരിക്കുന്നത്. കുറച്ചുകാലം മുമ്പുവരെ മറ്റെല്ലാ പ്രദേശങ്ങളിലേയും പോലെ മരങ്ങളിലും പോസ്റ്റുകളിലും തൂങ്ങിയാടുന്ന ഫഌക്‌സുകള്‍ ഇവിടുത്തെയും സ്ഥിരം കാഴ്ചയായിരുന്നു. എന്നാല്‍ ഫഌക്‌സുകളിലുള്ള പരസ്യ ബോര്‍ഡുകളും ബാനറുകളും പ്ലാസ്റ്റിക് തോരണങ്ങളും പഞ്ചായത്തില്‍ ഇന്ന് അന്യമാണ്. പഞ്ചായത്ത് അധികൃതരുടെയും നാട്ടുകാരുടെയും കഠിന പരിശ്രമത്തിനൊടുവിലാണ് പഞ്ചായത്തിന് ഇത്തരമൊരു നേട്ടം കൈവരിക്കാനായത്.
രാഷ്ട്രീയ പാര്‍ട്ടികള്‍, ക്ലബുകള്‍, വ്യാപാരി വ്യവസായി സംഘടനകള്‍, മതസംഘടനകള്‍ തുടങ്ങിയവയുടെ യോഗം വിളിച്ചു ചേര്‍ത്ത് ഇവരുടെ പൂര്‍ണ പിന്തുണയോടെയാണ് ഫഌക്‌സ് നിരോധനം എന്ന ആശയം നടപ്പിലാക്കിയതെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ ശ്രീജ അറിയിച്ചു.
വിലക്ക് ലംഘിച്ച് ഫഌക്‌സുകള്‍ സ്ഥാപിച്ചാല്‍ പിഴ ഈടാക്കുന്നതുള്‍പ്പെടെയുള്ള നടപടികളും സ്വീകരിച്ചുവരുന്നുണ്ട്. പദ്ധതിക്ക് മികച്ച പിന്തുണയാണ് ജനങ്ങള്‍ക്കിടയില്‍നിന്ന് ലഭിക്കുന്നതെന്നും പഞ്ചായത്തില്‍ എവിടെയെങ്കിലും ഫഌക്‌സുകള്‍ കണ്ടാല്‍ നാട്ടുകാര്‍ തന്നെ ഫോണിലൂടെയും നേരിട്ടും വിവരമറിയിക്കുകയും ഫഌക്‌സുകള്‍ മാറ്റുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. കൂടാതെ വീടുകളില്‍ നിന്നോ മറ്റ് സ്ഥാപനങ്ങളില്‍ നിന്നോ മാലിന്യങ്ങള്‍ വലിച്ചെറിയുകയോ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കത്തിക്കുകയോ ചെയ്താലും ശക്തമായ നടപടിയും സ്വീകരിച്ചുവരുന്നു. കടകളുടെ പേരെഴുതിയ പ്ലാസ്റ്റിക് ബോര്‍ഡുകള്‍ നിരോധിക്കുന്നതാണ് പദ്ധതിയുടെ ഭാഗമായുള്ള അടുത്ത നടപടി. അടുത്ത തവണ കടകളുടെ ലൈസന്‍സ് പുതുക്കുന്നതിനു മുമ്പ് പ്ലാസ്റ്റിക് നെയിം ബോര്‍ഡുകള്‍ ഒഴിവാക്കിക്കാനാണ് തീരുമാനം. അല്ലാത്ത കടയുടമകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കില്ല.
വീടുകളിലെയും കടകളിലെയും മാലിന്യങ്ങള്‍ ശേഖരിച്ച് സംസ്‌കരിക്കുന്ന പ്രവര്‍ത്തനങ്ങളും പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ മൂന്നുവര്‍ഷമായി നടപ്പാക്കിവരുന്നുണ്ട്.
Next Story

RELATED STORIES

Share it