ernakulam local

മാലിന്യങ്ങള്‍ കെട്ടികിടന്നിട്ടും നീക്കം ചെയ്യുന്നില്ല ; ആലുവയില്‍ ഡെങ്കിപ്പനി സ്ഥിതീകരിച്ചു



ആലുവ: ആലുവ നഗരസഭയില്‍ ഡെങ്കിപ്പനി സ്ഥിതീകരിച്ചതായി ആരോഗ്യ വകുപ്പ്. ഊമന്‍കുഴിത്തടത്തുള്ള നഗരസഭസഭ ക്വാര്‍ട്ടേഴ്‌സിലെ താമസക്കാരി സ്വപ്‌ന (40) നാണ് ഡെങ്കിപ്പനി പിടിപ്പെട്ടത്. നഗരസഭ അക്കൗണ്ട്‌സ് വിഭാഗം ജീവനക്കാരന്റെ ഭാര്യയാണ് സ്വപ്‌ന. ഒരാഴ്ചയായി കടുത്ത പനിയെ തുടര്‍ന്ന് രക്തം പരിശോധിച്ചപ്പോഴാണ് ഡെങ്കിപ്പനി സ്ഥിതീകരിച്ചത്. ഇതോടെ ആലുവ കാരോത്തുകുഴി ആശുപത്രിയില്‍ ചികില്‍സ തേടിയിരിക്കുകയാണ് സ്വപ്‌ന. പ്രദേശത്ത് തന്നെയുള്ള മറ്റ് രണ്ടുപേര്‍ക്ക് കൂടി ഡെങ്കിപ്പനി സ്ഥിതീകരിച്ചിട്ടുണ്ട്. സ്വന്തം ക്വാട്ടേഴ്‌സിലെ താമസക്കാര്‍ക്കുള്‍പ്പടെ ഡെങ്കിപ്പനി വന്നിട്ടും ഈ മേഖലയില്‍ ശുചീകരണത്തില്‍ നഗരസഭ അലംഭാവം കാട്ടുകയാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. പുനര്‍ നിര്‍മിച്ചു കൊണ്ടിരിക്കുന്ന നഗരസഭ ക്വാട്ടേഴ്‌സിന്റെ താഴത്തെ നിലയിലാണ് സ്വപ്‌നയും കുടുംബവും താമസിക്കുന്നത്. കെട്ടിടത്തിന്റെ തറയ്ക്ക് ബലക്ഷയം ഉണ്ടായതോടെയാണ് മുകളിലത്തെ നിലയിലെ വാര്‍ക്ക പൊളിച്ചു നീക്കിയത്. ഇതിന്റെ അവശിഷ്ടങ്ങള്‍ കൃത്യമായി നീക്കം ചെയ്യാതെ മലിന ജലം കെട്ടി കിടന്നതാണ് കൊതുകു പെരുകാന്‍ കാരണമായത്. വാര്‍ക്ക പൊളിച്ചു നീക്കിയതിന്റെ കമ്പിയും മറ്റ് മാലിന്യങ്ങളും ക്വാട്ടേഴ്‌സ് വളപ്പില്‍ തന്നെ കൂട്ടിയിട്ടിരിക്കുകയാണ്. വാര്‍ക്കയുടെ അവശിഷ്ടങ്ങള്‍ അഴുക്ക് ചാലിലും സെപ്റ്റിക് ടാങ്കിലേയ്ക്കുള്ള പൈപ്പുകളിലും നിറഞ്ഞ് അവ അടഞ്ഞു പോയി. മലിന ജലം കെട്ടികിടന്നതോടെ സെപ്റ്റിക് ടാങ്കുകളില്‍ കൊതുകുകള്‍ വളര്‍ന്നു. അവ ഈ പ്രദേശത്താകെ പെരുകിയിരിക്കുയാണ്. മുനിസിപ്പല്‍ ക്വാട്ടേഴ്‌സിനോട് ചേര്‍ന്ന് തന്നെ നിരവധി കുട്ടികള്‍ പഠിക്കുന്ന അങ്കണവാടിയും സ്ഥിതി ചെയ്യുന്നത് ആശങ്ക ഇരട്ടിയാക്കിയിട്ടുണ്ട്. അടിയന്തിരമായി പ്രദേശത്ത് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയില്ലെങ്കില്‍ ഡെങ്കിപ്പനി പടര്‍ന്ന് പിടിക്കാനുള്ള സാധ്യതയും ആരോഗ്യ വിഭാഗം തള്ളികളയുന്നില്ല. അതേ സമയം നഗരസഭയിലെ മാലിന്യം നീക്കം ചെയാന്‍ കരാറെടുത്ത കരാറുകാരന്‍ ഫൈസലിനും ഡെങ്കിപ്പനി പിടിപ്പെട്ടു.
Next Story

RELATED STORIES

Share it