thiruvananthapuram local

മാലിന്യക്കൂമ്പാരവും വെള്ളക്കെട്ടും; ജനം രോഗഭീതിയില്‍: ജില്ലയില്‍ മഴക്കാല പൂര്‍വ ശുചീകരണം നടന്നില്ല

വെഞ്ഞാറമൂട്: മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കാതായതോടെ പല സ്ഥലങ്ങളിലും മാലിന്യക്കൂമ്പാരങ്ങളും വെള്ളക്കെട്ടുകളും രൂപപ്പെട്ടു. ഇതോടെ നാട്ടുകാര്‍ രോഗഭീതിയിലാണ്. നെല്ലനാട് പഞ്ചായത്ത് പരിധിയിലാണ് ഈ സ്ഥിതിവിശേഷം ആശങ്കയുണ്ടാക്കുന്നത്.
വര്‍ഷങ്ങള്‍ക്കു മുമ്പ് മണ്‍സൂണ്‍ കാലത്ത് പകര്‍ച്ചവ്യാധികള്‍ പിടിപെട്ട് ഒട്ടനവധി പേര്‍ മരിക്കുകയും അതിലേറെ പേര്‍ രോഗികളായി മാറുകയും ചെയ്തതോടെയാണ് സര്‍ക്കാര്‍ മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളും രോഗപ്രതിരോധ നടപടികളുമായി രംഗത്തിറങ്ങാന്‍ തുടങ്ങിയത്.
എല്ലാ വര്‍ഷങ്ങളിലും നടന്നുവന്നിരുന്ന മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഇക്കുറി മുടങ്ങുകയായിരുന്നു. ഇതോടെ മാലിന്യക്കൂമ്പാരങ്ങ ള്‍ പെരുകുകയും ഓടകള്‍ നിറഞ്ഞൊഴുകി പല സ്ഥലങ്ങളിലും വെള്ളം കെട്ടിനില്‍ക്കുകയാണ്. ഇതോടെ കൊതുകിന് മുട്ടയിട്ട് പെരുകാന്‍ അവസരമൊരുക്കുന്ന തരത്തിലാണുള്ളത്. വിവിധ വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തിലാണ് സാധാരണ പദ്ധതി നടപ്പാക്കുന്നത്. റോഡുകള്‍, ഓടകള്‍, തോട്, കുളം, ടാങ്കുകള്‍ എന്നിവ വൃത്തിയാക്കല്‍, പ്ലാസ്റ്റിക് മാലിന്യങ്ങളുടെ സംഭരണവും സംസ്‌കരണവും, രോഗപ്രതിരോധ നടപടികള്‍ സ്വീകരിക്കല്‍ എന്നിവയാണ് പ്രധാനമായും ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടത്തുന്നതിന് നിഷ്‌കര്‍ഷിച്ചിട്ടുള്ളത്.
എന്നാല്‍, നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിനു സര്‍ക്കാര്‍ ജീവനക്കാര്‍ നിയുക്തരായതാണ് ഇത്തരമൊരു സാഹചര്യം സൃഷ്ടിച്ചതെന്ന അധികൃതര്‍ പറയുന്നു.
എന്നാല്‍, അടിയന്തരമായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് ആശങ്ക ദൂരീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Next Story

RELATED STORIES

Share it