palakkad local

മാലിന്യം നീക്കിയില്ല; പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചു

ചിറ്റൂര്‍: സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ തള്ളിയ കോഴി മാലിന്യം നീക്കം ചെയ്യാമെന്ന ഉറപ്പ് പാലിക്കാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ കൊഴിഞ്ഞാമ്പാറ ഗ്രാമപ്പഞ്ചായത്ത് കാര്യാലയം ഉപരോധിച്ചു. കൊഴിഞ്ഞാമ്പാറ ഗ്രാമപ്പഞ്ചായത്തിലെ 16ാം വാര്‍ഡിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കോഴി മാലിന്യം നിക്ഷേപിക്കുന്നത്.
ഇതെ തുടര്‍ന്ന് നാട്ടുകാര്‍ കൊഴിഞ്ഞാമ്പാറ ഗ്രാമപ്പഞ്ചായത്തില്‍ പരാതി നല്‍കുകയും കഴിഞ്ഞ ദിവസം അഞ്ചാം മൈല്‍ റോഡ് ഉപരോധിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ചിറ്റൂര്‍ എസ്‌ഐ എ പൊന്നുക്കുട്ടിയുടെ നേതൃത്വത്തില്‍ പോലിസ് സംഘം മാലിന്യം കൊണ്ടുവന്ന വാഹനം കസ്റ്റഡിയിലെടുക്കുകയും വാഹന ഉടമയ്‌ക്കെതിരെ കേസെടുക്കുകയും ചെയ്തു.
തള്ളിയ മാലിന്യം നീക്കം ചെയ്യാമെന്ന ഉറപ്പിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം ഉപരോധം അവസാനിപ്പിച്ചത്. തടര്‍ന്നും യാതൊരു നടപടികളും സ്വീകരിക്കാത്തതിലാണ് നാട്ടുകാര്‍ പ്രതിഷേധമായി ഇന്നലെ രാവിലെ ഗ്രാമപഞ്ചായത്താഫിസില്‍ എത്തിയത്. രാവിലെ പത്തിനാരംഭിച്ച ഉപരോധം ഉച്ച രണ്ടുവരെ നീണ്ടു.
കൊഴിഞ്ഞാമ്പാറ എസ്‌ഐ മിഥുന്‍, ചിറ്റൂര്‍ എസ്‌ഐ വിജയന്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ കെ ബബിത, അസിസ്റ്റന്റ് സെക്രട്ടറി എന്നിവര്‍ സ്ഥലം ഉടമയുമായും വാഹന ഉടമയുമായും സമരക്കാര്‍ നടത്തിയ ചര്‍ച്ചയില്‍ പത്തുദിവസത്തിനകം മാലിന്യം പൂര്‍ണമായും നീക്കം ചെയ്യാമെന്ന  ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്.
Next Story

RELATED STORIES

Share it