Flash News

മാലദ്വീപ് പാര്‍ലമെന്റ് സൈന്യം അടച്ചുപൂട്ടി

മാലദ്വീപ് പാര്‍ലമെന്റ് സൈന്യം അടച്ചുപൂട്ടി
X
മാലി: മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദടക്കമുള്ള രാഷ്ട്രീയത്തടവുകാരെ വിട്ടയക്കണമെന്ന സുപ്രിംകോടതി ഉത്തരവിനെത്തുടര്‍ന്നുള്ള സംഘര്‍ഷം തുടരുന്നതിനിടെ മാലദ്വീപ് പാര്‍ലമെന്റ് സൈന്യം അടച്ചുപൂട്ടി. രണ്ടു പ്രതിപക്ഷ എംപിമാരെ അറസ്റ്റ് ചെയ്തു. പ്രതിപക്ഷ രാഷ്ട്രീയ തടവുകാരെ വിട്ടയക്കണമെന്ന സുപ്രിംകോടതി വിധി നടപ്പാക്കുന്നതില്‍ പരാജയപ്പെട്ട അറ്റോര്‍ണി ജനറലിനെ പുറത്താക്കണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷം ഞായറാഴ്ച സെക്രട്ടേറിയറ്റില്‍ ഹരജി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് സൈന്യം പാര്‍ലമെന്റ് വളഞ്ഞത്. കഴിഞ്ഞ ദിവസം കോടതി പാലമെന്റംഗത്തെ പുനസ്ഥാപിച്ചു നല്‍കിയ 12 പേരില്‍ രണ്ട് എംപിമാരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. മാലിയിലേക്കു വരുന്നതിനിടെ വിമാനത്താവളത്തില്‍ വച്ചാണ് പോലിസ് അബ്ദുല്ലാ സിനാന്‍, ഇല്‍ഹാം അഹ്മദ് എന്നിവരെ കസ്റ്റഡിയിലെടുത്തത്.



സുപ്രിംകോടതി പ്രസിഡന്റിനെ ഇംപീച്ച് ചെയ്യാന്‍ ശ്രമിക്കുകയാണെന്നും എന്നാല്‍, അതു ഭരണഘടനാ വിരുദ്ധമാണെന്നും അറ്റോര്‍ണി ജനറല്‍ മുഹമ്മദ് അനില്‍ ആരോപിച്ചതിനു ശേഷമായിരുന്നു പ്രതിപക്ഷം അദ്ദേഹത്തിനെതിരേ ഹരജി നല്‍കിയത്. കോടതിയുടെ നിയമവിരുദ്ധമായ ഉത്തരവ് നിയമപാലകര്‍ നടപ്പാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. മാലദ്വീപിനെ പ്രതിസന്ധിയിലേക്കു തള്ളിവിടുന്നത് നോക്കിനില്‍ക്കാന്‍ കഴിയില്ലെന്നു സൈനിക മേധാവിയും അറിയിച്ചു.
കഴിഞ്ഞ വര്‍ഷം പാര്‍ലമെന്റില്‍ നിന്ന് അയോഗ്യരാക്കപ്പെട്ട 12 എംപിമാരെ തിരിച്ചെടുക്കണമെന്നു സുപ്രിംകോടതി ഉത്തരവിട്ടതോടെ 85 അംഗ പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിനാവും ഭൂരിപക്ഷം. അതിനാല്‍, കോടതിവിധി അട്ടിമറിക്കാനാണ് ഭരണപക്ഷം പാര്‍ലമെന്റ് അനിശ്ചിതകാലത്തേക്ക് അടച്ചതെന്നും പ്രതിപക്ഷം ആരോപിച്ചു.
പാര്‍ലമെന്റിലെ സെക്രട്ടേറിയറ്റ് മേധാവിയും രാജിവച്ചതായി റിപോര്‍ട്ടുണ്ട്.
അതേസമയം, നേരത്തേ തിരഞ്ഞെടുപ്പ് നടത്താന്‍ താന്‍ തയ്യാറാണെന്നും രാജ്യത്തെ ആരു നയിക്കണമെന്നു വോട്ടര്‍മാര്‍ തീരുമാനിക്കട്ടേയെന്നും പ്രസിഡന്റ്് യമീന്‍ അബ്ദുല്‍ ഖയ്യൂം അറിയിച്ചു. കോടതിവിധി നടപ്പാക്കുന്നതു തടയാന്‍ യമീന്‍ പോലിസിലും സൈന്യത്തിലും വന്‍ അഴിച്ചുപണിയാണ് നടത്തുന്നത്.
അതേസമയം, തടവില്‍ കഴിയുന്ന മുഹമ്മദ് നഷീദടക്കമുള്ളവരെ വിട്ടയക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. യമീന്റെ അര്‍ധ സഹോദരന്‍ മഅ്മൂന്‍ അബ്ദുല്‍ ഖയ്യൂമിന്റെ ഏകാധിപത്യഭരണം അവസാനിപ്പിച്ച് 10 വര്‍ഷം മുമ്പാണ് മാലദ്വീപില്‍ ബഹുപാര്‍ട്ടി ജനാധിപത്യം നിലവില്‍ വന്നത്.
Next Story

RELATED STORIES

Share it