kozhikode local

മാറാട് കേസ്‌തെളിവുണ്ടെങ്കില്‍ പ്രതികളെ അറസ്റ്റ് ചെയ്യണം: മായിന്‍ ഹാജി



കൊടുവള്ളി : 2003 ല്‍ നടന്ന മാറാട് കലാപവുമായി തനിക്ക് ബന്ധമുണ്ടെന്നുള്ളതിന് തെളിവുണ്ടെങ്കില്‍ തന്നെ അറസ്റ്റ് ചെയ്യാന്‍ സര്‍ക്കാര്‍ ആര്‍ജ്ജവം കാണിക്കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി എം.സി മായിന്‍ ഹാജി ആവശ്യപ്പെട്ടു. കൊടുവള്ളിയില്‍ നടന്ന യുഡിഎഫ് രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോടിയേരി ബാലകൃഷ്ണന്റെ ജനജാഗ്രതാ യാത്രാ വിവാദവുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ് കൊടുവള്ളിയില്‍ സംഘടിപ്പിച്ച യോഗത്തില്‍ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. മാറാട് കേസുമായി ബന്ധപ്പെട്ട് 2006 ല്‍ പുറത്ത് വന്ന റിപ്പോര്‍ട്ടില്‍ തനിക്ക് കൂട്ടക്കൊലയില്‍ ബന്ധമുള്ളതായി പരാമര്‍ശമില്ല. 2009 ല്‍ ഇടത് സര്‍ക്കാര്‍ സ്—പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം നടത്തി തനിക്കെതിരെ എഫ്‌ഐആര്‍ ഇട്ടെങ്കിലും തന്നെ ഒരു തവണ പോലും ചോദ്യം ചെയ്യാനോ തുടര്‍നടപടികള്‍ കൈക്കൊള്ളാനോ സാധിച്ചില്ല. ആരോ നടത്തിയ ഗൂഢാലോചനയാണ് മാറാട് കൂട്ടക്കൊല.അതില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്നും അതിനാല്‍ അന്വേഷണത്തെ ഭയമില്ലെന്നും മായിന്‍ ഹാജി പറഞ്ഞു. കൊടുവള്ളിയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കള്ളക്കടത്തുകാരന്റെ കാറില്‍ സഞ്ചരിച്ച വിവരം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്താനാണ് കോഴിക്കോട് വാര്‍ത്താ സമ്മേളനം വിളിച്ചതെന്നും അതിനെ മാറാട് സംഭവത്തില്‍ രക്ഷപ്പെടാനുള്ള തന്റെ ശ്രമമാണെന്ന എളമരം കരീമിന്റെ പ്രസ്താവന അപഹാസ്യമാണെന്നും അദ്ദേഹം ആരോപിച്ചു. പി സി അഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. വി.എം ഉമ്മര്‍ മാസ്റ്റര്‍, എം.എ റസാഖ് മാസ്റ്റര്‍, എ പി മജീദ് മാസ്റ്റര്‍, ടി കെ മുഹമ്മദ് മാസ്റ്റര്‍, വി.കെ അബ്ദുഹാജി, കെ കെ എ കാദര്‍, യൂസുഫ് പടനിലം, സി.പി അബ്ദുല്‍ റസാഖ്, കെ ശിവദാസന്‍, ഒ കെ നജീബ്, എന്‍ വി നൂര്‍മുഹമ്മദ്, കെ കെ അ്ബ്ദുറഹ്മാന്‍ കുട്ടി സംസാരിച്ചു.
Next Story

RELATED STORIES

Share it