kozhikode local

മാമ്പുഴ നവീകരണത്തിന് 1.75 കോടിയുടെ പദ്ധതി



കോഴിക്കോട്: പ്ലാസ്റ്റിക് മാലിന്യങ്ങളും പായലും മൂടി മൃതാവസ്ഥയിലായ മാമ്പുഴ നവീകരണത്തിന് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ 1.75 കോടിയുടെ ബൃഹത് പദ്ധതി. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ഹരിത കേരളം മിഷന്റെ ഭാഗമായി നടപ്പാക്കുന്ന പുഴ നവീകരണ പദ്ധതിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ബന്ധപ്പെട്ട പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം അന്തിമ രൂപം നല്‍കി. ജില്ലാ പഞ്ചായത്തും കോഴിക്കോട്- കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തുകളും ഒളവണ്ണ, പെരുവയല്‍, പെരുമണ്ണ ഗ്രാമപ്പഞ്ചായത്തുകളും സംയുക്തമായാണ് ചളി നിറഞ്ഞ് ഒഴുക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്ന മാമ്പുഴയുടെ വീണ്ടെടുപ്പിന് പദ്ധതി തയ്യാറാക്കിയത്. ജില്ലാ പഞ്ചായത്ത് 50 ലക്ഷവും ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകള്‍ 25 ലക്ഷം വീതവും ഉള്‍പ്പെടെ ഒന്നേമുക്കാല്‍ കോടി ഇതിനായി ചെലവഴിക്കും. അടിഞ്ഞു കൂടിയ മാലിന്യങ്ങളും ചെളിയും നീക്കി പുഴയുടെ സ്വാഭാവിക ഒഴുക്ക് വീണ്ടെടുക്കുകയും ആഴം വര്‍ധിപ്പിക്കുകയും ചെയ്യാന്‍ നടപടി സ്വീകരിക്കും. മാമ്പുഴയുടെ ഉത്ഭവ സ്ഥാനമായ കുറ്റിക്കാട്ടൂര്‍ മുതല്‍ കല്ലായിപ്പുഴയോടു ചേരുന്ന കടുപ്പിനി വരെയുള്ള 20 കിലോമീറ്റര്‍ നവീകരണ പ്രവൃത്തിയാണ് ലക്ഷ്യമിടുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി അറിയിച്ചു. മൃതാവസ്ഥയിലായിരുന്ന പുഴയുടെ പ്രതാപം വീണ്ടെടുക്കുന്നതിന് പുഴ സംരക്ഷണ സമിതിയും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എന്‍എസ്എസ് യൂനിറ്റുകളും മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനായി ഇതിനകം സന്നദ്ധ പ്രവര്‍ത്തനം നടത്തിയിരുന്നു. നവീകരണ പ്രവൃത്തി പൂര്‍ത്തിയായ ശേഷം പുഴയുടെ ഇരുകരകളിലും ജൈവ മതില്‍ നിര്‍മിക്കുന്ന ജോലികള്‍ അതത് ഗ്രാമപ്പഞ്ചായത്തുകള്‍ തൊഴിലുറപ്പു പദ്ധതിയുടെ ഭാഗമായി നിര്‍വഹിക്കും. പുഴയുടെ ഇരുകരകളിലുമുള്ള ഓരോ വാര്‍ഡിലും മാമ്പുഴ സംരക്ഷണ സേന രൂപീകരിക്കും. നവീകരണ പ്രവൃത്തിക്കു ശേഷം മാലിന്യങ്ങള്‍ പുഴയില്‍ തള്ളാതിരിക്കാനും വൃത്തിയായി സംരക്ഷിക്കുന്നതിനും സംരക്ഷണ സേനയുടെയും മാമ്പുഴ സംരക്ഷണ സമിതിയുടെയും സേവനം ഉറപ്പു വരുത്തും. ഒക്‌ടോബര്‍ മാസത്തോടെ പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. മാമ്പുഴയെ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഭ്യര്‍ഥിച്ചു. പദ്ധതി നടപ്പാക്കുന്നതിനായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനായി പഞ്ചായത്ത് പ്രസിഡന്റുമാര്‍ അടങ്ങുന്ന കമ്മിറ്റി രൂപീകരിച്ചു. ഓരോ പഞ്ചായത്തിലും ഇരുകരകളിലെ വാര്‍ഡുകളിലും പ്രത്യേക കമ്മിറ്റികള്‍ രൂപീകരിക്കും. യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ എന്‍. മനോജ്കുമാര്‍ (കോഴിക്കോട്), രമ്യ ഹരിദാസ് (കുന്നമംഗലം), ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ വൈ വി ശാന്ത (പെരുവയല്‍), കെ തങ്കമണി (ഒളവണ്ണ), കെ അജിത (പെരുമണ്ണ), ജില്ലാ പഞ്ചായത്ത് സെക്രട്ടറി പിഡി ഫിലിപ്, എന്‍ജിനീയര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it