മാപ്പുസാക്ഷികളെ 'സൃഷ്ടിച്ച്' പതിവ് കുറ്റപത്രവുമായി എന്‍ഐഎ

കണ്ണൂര്‍: ഇസ്‌ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് കണ്ണൂരില്‍ യുവാക്കളെ അറസ്റ്റ് ചെയ്ത കേസില്‍ മാപ്പുസാക്ഷികളെ സൃഷ്ടിച്ച് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) കുറ്റപത്രം സമര്‍പ്പിച്ചു. കേരളത്തില്‍ എന്‍ഐഎ അന്വേഷിച്ച മുന്‍ കേസുകളിലേതു പോലെ തന്നെയാണ് ഈ കേസിലും മാപ്പുസാക്ഷികളെ സൃഷ്ടിച്ചിട്ടുള്ളത്.
കണ്ണൂര്‍ ഡിവൈഎസ്പി പി പി സദാനന്ദന്റെ നേതൃത്വത്തില്‍ വളപട്ടണം പോലിസ് അറസ്റ്റ് രേഖപ്പെടുത്തിയ കേസില്‍ രണ്ടു പ്രതികളെ മാപ്പുസാക്ഷികളാക്കിയാണു കൂട്ടുപ്രതികളായ അഞ്ചു പേര്‍ക്കെതിരേ കഴിഞ്ഞദിവസം എറണാകുളം സിബിഐ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഐഎസിന്റെ കേരളത്തിലെ മുഖ്യ സൂത്രധാരനെന്നു പോലിസ് വിശേഷിപ്പിക്കുന്ന തലശ്ശേരി സ്വദേശി ബിരിയാണി ഹംസ (57), മുണ്ടേരിയിലെ കെ സി മിദ്‌ലാജ് (20), മയ്യില്‍ ചെക്കിക്കുളത്തെ കെ വി അബ്ദുര്‍റസാഖ്(24) എന്നിവരെ പ്രതികളാക്കിയാണു കുറ്റപത്രം. കേസില്‍ ഇവര്‍ക്കൊപ്പം അറസ്റ്റിലായ തലശ്ശേരി സൈനാസില്‍ മനാഫ് റഹ്മാന്‍, പട്ടന്നോട്ടുമെട്ടയിലെ എം വി റാഷിദ് എന്നിവരെയാണ് എന്‍ഐഎക്ക് അനുകൂലമായി മൊഴിനല്‍കിയതിനെ തുടര്‍ന്നു മാപ്പുസാക്ഷികളാക്കിയത്.
നേരത്തെ പാനായിക്കുളത്ത് നോട്ടീസ് അടിച്ച് സെമിനാര്‍ നടത്തിയതിനെ സിമി ക്യാംപ് എന്നു വിശേഷിപ്പിച്ച് അറസ്റ്റ് ചെയ്ത കേസിലും എന്‍ഐഎ ഇതേ തന്ത്രമായിരുന്നു പയറ്റിയത്. സെമിനാറില്‍ പങ്കെടുത്തതിന് അറസ്റ്റിലായ സലഫി പ്രഭാഷകനെയാണ് അന്നു മാപ്പുസാക്ഷിയാക്കിയത്. മൂവാറ്റുപുഴ, നാറാത്ത് കേസുകളിലും ഇതേ തന്ത്രം മെനഞ്ഞെങ്കിലും നടന്നില്ല.
രണ്ടു വര്‍ഷത്തിലേറെയായി നിരീക്ഷണത്തിലുണ്ടായിരുന്ന ബിരിയാണി ഹംസയെയും മാസങ്ങളോളം എന്‍ഐഎ ചോദ്യംചെയ്തുകൊണ്ടിരുന്നവരെയുമാണ് അറസ്റ്റ് ചെയ്തതെന്നു പോലിസ് തന്നെ വ്യക്തമാക്കിയിരുന്നു. മാത്രമല്ല, ഇപ്പോള്‍ മാപ്പുസാക്ഷിയായ മനാഫ് റഹ്മാന്‍ പിടിയിലാവുന്നതിനു ആറുമാസം മുമ്പ് സിറിയയിലേക്കു കടക്കാന്‍ ശ്രമിച്ചെന്നു പറഞ്ഞ് മംഗളൂരു വിമാനത്താവളത്തില്‍ നിന്നു കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികള്‍ തിരിച്ചയച്ചതാണെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയിരുന്നു.
രാജ്യത്ത് ക്യാംപുകള്‍ നടത്തിയതിനോ, എന്തെങ്കിലും വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനോ തെളിവില്ലാത്ത കേസ് കോടതിയിലെത്തിയാല്‍ പ്രോസിക്യൂഷന്‍ വിയര്‍ക്കുമെന്നു മനസ്സിലാക്കിയാണു പതിവു പോലെ മാപ്പുസാക്ഷികളെ സൃഷ്ടിച്ചതെന്നാണു സൂചന.
Next Story

RELATED STORIES

Share it