wayanad local

മാനന്തവാടിയില്‍ വേറിട്ട പ്രതിഷേധം



മാനന്തവാടി: ഗാന്ധിപാര്‍ക്കില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ വേറിട്ട പ്രതിഷേധം ജനശ്രദ്ധയാകര്‍ഷിച്ചു. ഒരു പൊതി മാറോട് അടക്കിപ്പിടിച്ചോടിയ യുവാവിനെ ഒരു കൂട്ടമാളുകള്‍ ഗാന്ധിപാര്‍ക്കില്‍ വച്ച് കൈയേറ്റം ചെയ്യുന്നതു കണ്ട നാട്ടുകാര്‍ തടിച്ചുകൂടി. ജനങ്ങള്‍ കാര്യമറിയാതെ യുവാവിനെ കൈയേറ്റം ചെയ്യാനുള്ള ശ്രമമായിരുന്നു. സ്വര്‍ണം തട്ടിപ്പറിച്ചതോ കഞ്ചാവ് കൈവശം വച്ചതോ അങ്ങനെയെന്തോ കാരണം കൊണ്ടാണ് യുവാവ് ഓടിയതെന്നാണ് നാട്ടുകാര്‍ ഉറപ്പിച്ചത്. ഒടുവില്‍ പ്രതിഷേധക്കാരുടെ നേരെ വിരല്‍ചൂണ്ടി കഥാനായകനായ യുവാവ് ആക്രോശിച്ചു 'ഞാന്‍ കള്ളനല്ലാ..., അല്‍പം പോത്തിറച്ചി കൈയില്‍ വച്ചതിനാണോ നിങ്ങളെന്നെ ക്രൂശിക്കുന്നത്...?' ഇതു പറഞ്ഞ് യുവാവ് കൈയിലെ പൊതി അഴിച്ചു. അപ്പോഴാണ് നാട്ടുകാര്‍ക്ക് കാര്യം പിടികിട്ടിയത്. തുടര്‍ന്ന് കേന്ദ്രസര്‍ക്കാരിനും ആര്‍എസ്എസിനുമെതിരേ മുദ്രാവാക്യവുമായി ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മുന്നോട്ടുവന്നതോടെ യഥാര്‍ഥ ചിത്രം വ്യക്തമായി. സാധാരണ ബീഫ് ഫെസ്റ്റ് നടത്തി പിരിഞ്ഞുപോവുന്നതിലുപരിയായി പൊതുജനത്തിന്റെ മനസ്സില്‍ ചലനങ്ങള്‍ സൃഷ്ടിക്കണമെന്നുള്ള ഡിവൈഎഫ്‌ഐ മാനന്തവാടി ബ്ലോക്ക് കമ്മിറ്റിയുടെ സമരതന്ത്രമായിരുന്നു ഗാന്ധിപാര്‍ക്കില്‍ അരങ്ങേറിയത്. ഒടുവില്‍ കാഴ്ചക്കാരായെത്തിയ മുഴുവന്‍ ആളുകള്‍ക്കും ബീഫും ബ്രഡും നല്‍കിയാണ് പ്രവര്‍ത്തകര്‍ പിരിഞ്ഞത്. കെ എം ഫ്രാന്‍സിസ്, അജിത് വര്‍ഗീസ്, കെ ആര്‍ ജിതിന്‍ നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it