wayanad local

മാനന്തവാടിയില്‍ വിമതവിഭാഗം വ്യാപാരികള്‍ യോഗം ചേര്‍ന്നു



മാനന്തവാടി: ഇരുവിഭാഗങ്ങള്‍ തമ്മില്‍ വിഭാഗീയത നിലനില്‍ക്കുന്ന മാനന്തവാടി മര്‍ച്ചന്റ്‌സ് അസോസിയേഷനില്‍ ജില്ലാ ഭാരവാഹികളുടെ നേതൃത്വത്തില്‍ ഇന്നലെ വിളിച്ചു ചേര്‍ത്ത യൂനിറ്റ് പൊതുയോഗത്തില്‍ കെ മുഹമ്മദ് ആസിഫ് നേതൃത്വം നല്‍കുന്ന വിമത വിഭാഗം പങ്കെടുക്കുകയും കെ ഉസ്മാന്‍ നേതൃത്വം നല്‍കുന്ന നിലവിലെ ഔദ്യോഗിക വിഭാഗം വിട്ടുനില്‍ക്കുകയും ചെയ്തു. യോഗം സംസ്ഥാന സെക്രട്ടറി അബ്ദുല്‍ ഖാദര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ കെ വാസുദേവന്‍ അധ്യക്ഷത വഹിച്ചു. മാനന്തവാടി യൂനിറ്റില്‍ ജനാധിപത്യ രീതിയില്‍ സുതാര്യമായി ഡിസംബര്‍ 9ന് തിരഞ്ഞെടുപ്പ് നടത്തുമെന്നു നേതാക്കള്‍ അറിയിച്ചു. മാനന്തവാടി യൂനിറ്റ് പിരിച്ചുവിട്ട നടപടി സംസ്ഥാന പ്രസിഡന്റ് റദ്ദാക്കിയെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും അത്തരത്തില്‍ നവമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്ന കത്ത് വ്യാജമാണെന്നും ജില്ലാ നേതാക്കള്‍ പറഞ്ഞു. സംഘര്‍ഷ സാധ്യത പരിഗണിച്ച് വന്‍ പോലിസ് സംഘം സ്ഥലത്ത് ക്യാംപ് ചെയ്തിരുന്നു. കെ ഉസ്മാന്‍ നേതൃത്വം നല്‍കുന്ന ഔദ്യോഗിക പക്ഷത്തെ ആരും തന്നെ യോഗസ്ഥലത്തേക്ക് എത്താതിരുന്നതിനാല്‍ സംഘര്‍ഷം ഒഴിവായി. യോഗത്തില്‍ നേതാക്കളായ ഇ ഹൈദ്രോസ്, കുഞ്ഞിരായിന്‍ ഹാജി, കെ ടി ഇസ്മായില്‍, വിജയന്‍ കുടിലില്‍, പി വൈ  മത്തായി, മത്തായി ആതിര, വി ടി ബാബു, വേങ്ങാട്ട് അഷ്‌റഫ് സംസാരിച്ചു. കെ ഉസ്മാന്റെ നേതൃത്വത്തില്‍ ഇന്നലെ വ്യാപാരിഭവനില്‍ യോഗം നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് നേതൃത്വത്തിന്റെ നിര്‍ദേശം മാനിച്ച് മാറ്റിവച്ചു.
Next Story

RELATED STORIES

Share it