മാതൃവാല്‍സല്യത്തിന്റെ പുതിയ ചരിത്രമെഴുതി ഒരമ്മ

കെ വി ഷാജി സമത

കോഴിക്കോട്: രാജ്യത്തെ നടുക്കിയ കൊലപാതകത്തില്‍ മനസറിവില്ലാതെ കണ്ണിചേര്‍ക്കപ്പെട്ട മകന്റെ മോചനത്തിനായുള്ള ഒരമ്മയുടെ യാത്രയ്ക്ക് സാര്‍ഥക വഴിത്തിരിവായി സുപ്രിംകോടതി വിധി. രാജീവ് ഗാന്ധി വധക്കേസിലെ പേരറിവാളന്‍ ഉള്‍പ്പെടെയുള്ള പ്രതികളുടെ ദയാഹരജി പരിഗണിക്കണമെന്ന കോടതി വിധിക്കു പിന്നില്‍ മനസ്സും ശരീരവും തളര്‍ന്നുപോവാതെ സങ്കടക്കടലുകള്‍ താണ്ടിയ അര്‍പ്പുതം അമ്മാളിന്റെ വിയര്‍പ്പും വിശപ്പുമുണ്ട്. 19ാമത്തെ വയസ്സിലാണ് മകനെ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഈ അമ്മ ഹാജരാക്കുന്നത്. 27 വര്‍ഷത്തിനിപ്പുറം മകന്റെ മോചനത്തിന് വഴിതെളിച്ച് വിധിപറയുമ്പോള്‍ അര്‍പ്പുതം അമ്മാളിന്റെ അനന്തവും ഏകാന്തവുമായ നിയമയാത്രകള്‍ക്കാണ് വിരാമമാവുന്നത്. കോടതികളും നിയമവ്യവസ്ഥയും എന്തുതന്നെ വിധിയെഴുതിയാലും തന്റെ മകന്‍ നിരപരാധിയാണെന്ന ഉറച്ച ബോധ്യം തന്നെയാണ് അര്‍പ്പുതം അമ്മാളിലെ ഊര്‍ജത്തെ ജ്വലിപ്പിച്ചു നിര്‍ത്തിയത്. മനസ്സിലെ ആ കനല്‍വെളിച്ചത്തില്‍ തന്നെയാണ് കോടതിവിധി പ്രസക്തമാവുന്നതും.
രാജീവ്ഗാന്ധി വധവുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ ചോദിക്കാനുണ്ടെന്നും ഉടന്‍ വിട്ടയക്കാമെന്നുമുള്ള അന്വേഷണ ഉദ്യോഗസ്ഥരുടെ വാക്ക് വിശ്വസിച്ച് അമ്മതന്നെയാണ് മകനെ കാല്‍ നൂറ്റാണ്ടു നീണ്ട തടവുജീവിതത്തിലേക്ക് കൈപിടിച്ചു കൂട്ടിക്കൊണ്ടുപോയത്. ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ താന്‍ ഹാജരാക്കിയ മകനെ കാണാനില്ലെന്നു കരഞ്ഞ് അറിയാവുന്ന അധികാര കേന്ദ്രങ്ങളിലെല്ലാം അര്‍പ്പുതം അമ്മാള്‍ കയറിയിറങ്ങി. പിന്നീട്്, രാജീവ് ഗാന്ധി വധക്കേസില്‍ ബോംബു നിര്‍മിക്കാനുള്ള ബാറ്ററികള്‍ എത്തിച്ച കുറ്റത്തിന് മകന്‍ പേരറിവാളനെ സാഹസികമായി പോലിസ് അറസ്റ്റ് ചെയ്തു എന്ന വാര്‍ത്തയാണ് ഏതാണ്ട് രണ്ടു മാസം കഴിഞ്ഞ് അമ്മയെ തേടിയെത്തിയത്. ഏതൊരമ്മയും തളര്‍ന്നു വീഴുന്ന വാര്‍ത്തയ്ക്കു മുന്നില്‍ പക്ഷേ, അര്‍പ്പുതം അമ്മാ ള്‍ പതറിയില്ല. ഏക മകന്റെ മോചനത്തിന് തന്റെയുള്ളില്‍ ഉലയുണ്ടാവണമെന്ന് ആ അമ്മ മുടിവെടുത്തു. ആ മുടിവിന്റെ ഒടുക്കമാണ് ഇന്നലത്തെ വിധി.
പിന്നിട്ടത് ഉറക്കമില്ലാത്ത നാളുകളായിരുന്നെന്ന് അര്‍പ്പുതം അമ്മാള്‍ പലകുറി പറഞ്ഞിട്ടുണ്ട്്. കയറില്‍ തൂങ്ങിനില്‍ക്കുന്ന മകന്റെ രൂപം ഉറക്കത്തെ ഭയത്തിലേക്കുണര്‍ത്തുമെന്നതിനാല്‍ വര്‍ഷങ്ങളായി ഉറക്കമുപേക്ഷിച്ച മാതൃവാല്‍സല്യമാണ് അര്‍പ്പുതം അമ്മാള്‍. അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷയോടെ ആധിവിട്ടൊഴിയാതെയായി. 2014 ഫെബ്രുവരി 8ന് മകന്‍ ഉള്‍പ്പെടെയുള്ള മൂന്നു പ്രതികളുടെ വധശിക്ഷ സുപ്രിംകോടതി റദ്ദാക്കിയപ്പോള്‍ അര്‍പ്പുതം അമ്മാളിന്റെ നിയമയുദ്ധങ്ങള്‍ക്ക് ഇടവേള. പിന്നീട്, മകന്റെ ജയില്‍മോചനത്തിനായുള്ള ശ്രമങ്ങള്‍. നിയമങ്ങളുടെ അതിര്‍വരമ്പുകളില്‍ തട്ടി പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റ ഒരു വേളയില്‍, മകന്റെ ദയാവധത്തിനുള്ള അപേക്ഷയുമായി അ ര്‍പ്പുതം അമ്മാള്‍ പൊതുസമൂഹത്തിനു മുന്നിലെത്തി. ഇനിയും തന്റെ മകന് മോചനമില്ലെങ്കില്‍ അവനെ വേദനയില്ലാതെ കൊന്നുതരണമെന്നായിരുന്നു ഈ അമ്മയുടെ അപേക്ഷ. മകന്റെ കൊട്ടിയടക്കപ്പെട്ട ജീവിതത്തിനേക്കാള്‍ നല്ലത് ദയാവധമാണെന്ന അര്‍പ്പുതം അമ്മാളിന്റെ ഹൃദയം മുറിഞ്ഞ വാക്കുകള്‍ക്കു മുന്നില്‍ ഇന്ത്യന്‍ നീതിന്യായ സംവിധാനം നിശബ്ദമായി. ഒടുവില്‍, മകന്റെ മോചനത്തിന് കാത്തിരിക്കുകയാണ് അര്‍പ്പുതം അമ്മാ ള്‍. വീട്ടില്‍ ജീവിച്ചതിനേക്കാള്‍ എട്ടു വര്‍ഷം കൂടുതല്‍ ജീവിച്ച ജയിലില്‍ നിന്നും പേരറിവാളന്‍ മോചിതനാവുമ്പോള്‍, അത് മാതൃവാല്‍സല്യത്തിന്റെ ഇതിഹാസ കഥകള്‍ക്കൊപ്പം ചേര്‍ത്തുവയ്ക്കാനുള്ള ഒരു ചരിത്രം കൂടിയായി മാറുകയാണ്.

Next Story

RELATED STORIES

Share it